chamoli

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ കഴിഞ്ഞ ഞായറാഴ്ച മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേരാണ് മരണപ്പെട്ടത്. ഇരുന്നൂറിനടത്ത് ആളുകൾ ഇപ്പോഴും മഞ്ഞ് മല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ പെട്ട് കാണാതായിട്ടുമുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി ഇപ്പോഴും നടന്നുകൊണ്ടിരിക്കുയുമാണ്. അതേസമയം മഞ്ഞുമല ഇടിഞ്ഞ സംഭവം പ്രകൃതിദുരന്തമാണെന്ന് കരുതാനാവില്ലെന്നും പിന്നിൽ ആണവ ഉപകരണത്തിന്റെ സാന്നിദ്ധ്യത്താലാണെന്നും ഗ്രാമവാസികൾ വിശ്വസിക്കുന്നു.

1965ൽ ഇന്ത്യയുടെ ഒരു രഹസ്യ ദൗത്യത്തിനിടെ നന്ദാദേവി പർവതത്തിൽ വച്ച് നഷ്ടപ്പെട്ട പ്ലൂട്ടോണിയം റേഡിയോ ആക്ടീവ് ഉപകരണം പൊട്ടിത്തെറിച്ചതിന്റെ ഫലമായിട്ടാണ് മഞ്ഞുമല പൊട്ടിപ്പിളർന്നതെന്നാണ് ഇവർ വിശ്വസിക്കുന്നത്. ഇതിന്റെ കാരണമായി അവർ പറയുന്നത് ദുരന്തമുണ്ടാകുമ്പോൾ കുത്തിയൊലിച്ചെത്തിയ വെള്ളത്തിനൊപ്പം പതിവില്ലാത്ത ഒരു ഗന്ധം അനുഭവപ്പെട്ടുവെന്ന് ഗ്രാമവാസികൾ അഭിപ്രായപ്പെടുന്നു. നന്ദാദേവി പർവതത്തിൽ നിന്നും നദിയിലേക്ക് ജലപ്രവാഹമുണ്ടായപ്പോഴാണ് ഈ ഗന്ധം ആകാശത്തുയർന്നതെന്ന് ഗ്രാമവാസികളെ ഉദ്ധരിച്ചു കൊണ്ട് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഗന്ധം ഉയർന്നതിനെ തുടർന്ന് കുറച്ച് സമയത്തേയ്ക്ക് തങ്ങൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്നും ഗ്രാമവാസികൾ പറയുന്നു.


നന്ദാദേവിയിൽ ആണവ ഉപകരണം എങ്ങനെ എത്തി

1965 ൽ ഇന്ത്യാ ഇന്റലിജൻസ് ബ്യൂറോയും (ഐ ബി)യും അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയും (സി ഐ എ) നന്ദാദേവി പർവതത്തിലേക്കുള്ള സംയുക്ത പര്യവേഷണം നടത്തിയിരുന്നു. അതിർത്തിയിൽ ചൈനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്നതിനായി നന്ദാദേവി പർവതത്തിന്റെ കൊടുമുടിയിൽ ഒരു ആണവോർജ്ജ നിരീക്ഷണ ഉപകരണം സ്ഥാപിക്കാൻവേണ്ടിയായിരുന്നു ഈ പര്യവേഷണം. എന്നാൽ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഉണ്ടായ ഹിമപാതത്തിൽ പർവതാരോഹകർ പെടുകയും പര്യവേഷണം നിർത്തേണ്ടിവരികയും ചെയ്തു. ഹിമപാതത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി സംഘം കൊണ്ടു പോയ ഉപകരണങ്ങൾ പർവതത്തിന്റെ അടിത്തട്ടിൽ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.

അടുത്ത വർഷം വീണ്ടും പര്യവേഷക സംഘം പർവതത്തിലേക്ക് തിരിച്ചുപോയെങ്കിലും ഏഴ് പ്ലൂട്ടോണിയം ഗുളികകൾ അടങ്ങിയ ന്യൂക്ലിയർ ഇന്ധനം വഹിക്കുന്ന പ്രത്യേക കണ്ടെയ്നർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കണ്ടെത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഈ ഉപകരണം പൊട്ടിത്തെറിച്ചതിന്റെ ഫലമായിട്ടാണ് ഇപ്പോൾ ദുരന്തമുണ്ടായതെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്

അതേസമയം ഗ്രാമവാസികളുടെ സംശയം ശാസ്ത്രജ്ഞർമാർ വിലയ്‌ക്കെടുക്കുന്നില്ല. 1965 ലെ പര്യവേഷണത്തിൽ പങ്കെടുത്ത ക്യാപ്ടൻ എം എസ് കോഹ്ലി തങ്ങൾ കൊണ്ടു പോയ ഉപകരണത്തിന് സ്വയം പൊട്ടിത്തെറിയ്ക്കാൻ കഴിയില്ലെന്ന് സൂചിപ്പിക്കുന്നു. കാരണം അവയ്ക്ക് സ്വയം താപം സൃഷ്ടിക്കുവാൻ കഴിയുകയില്ല. അവ അടക്കം ചെയ്തിരിക്കുന്ന പ്രത്യേക കണ്ടെയ്നറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽപ്പോലും ഉപകരണം സ്വന്തമായി സജീവമാകാനുള്ള സാദ്ധ്യത ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഉപകരണം പ്രവർത്തിക്കണമെങ്കിൽ അതിന്റെ എല്ലാ ഘടകങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ ഈ ഉപകരണം നിമിത്തം ഗംഗാ നദിയിലുമ അതിന്റെ പോഷകനദികളിലും ആണവ മലിനീകരണത്തിന് കാരണമായേക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു.