airport

തിരുവനന്തപുരം: സ്വകാര്യവത്കരണ ഭീഷണിയ്ക്കിടെ രാജ്യത്തെ ഏറ്റവും പ്രധാന വിമാനത്താവളങ്ങളിലൊന്നായ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലാഭത്തിൽ വൻ ഇടിവ്. എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ അടുത്തിടെ ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശം. 2018-19,​ 2019-20 കാലഘട്ടത്തിലെ ലാഭം സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നത് ലാഭത്തിൽ 55 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ്. 2017-18ൽ 141.87 കോടിയായിരുന്ന വരുമാനം 2019-20 ആയപ്പോഴേക്കും 64.41 കോടിയായാണ് കുറഞ്ഞത്.

വരുമാനം,​ ലാഭം,​ വ്യാവസായിക സ്വീകാര്യത എന്നിവ അടിസ്ഥാനമാക്കിയാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനമികവ് നിശ്ചയിക്കുന്നത്. അതേസമയം,​ ലാഭത്തിന്റെ കണക്ക് നോക്കിയാൽ ഗുജറാത്തിലെ അഹമ്മദാബാദ്,​ ഉത്തർപ്രദേശിലെ ലക്‌നൗ വിമാനത്താവളം എന്നിവയെക്കാൾ മുന്നിലാണ് തിരുവനന്തപുരം വിമാനത്താവളമെന്നത് ആശ്വാസകരമാണ്. ഈ രണ്ടു വിമാനത്താവളങ്ങളുടെയും ലാഭത്തിൽ 70 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. സ്വകാര്യവത്കരിക്കപ്പെട്ട ഗോഹട്ടി,​ മംഗളൂരു വിമാനത്താവളങ്ങൾ നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയപ്പോൾ അവിടെയും തിരുവനന്തപുരം വിമാനത്താവളം പിടിച്ചുനിന്നു എന്നതും മേന്മയാണ്.

കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയും വിമാനങ്ങളുടെ സർവീസുകൾ കുറച്ചതാണ് വിമാനത്താവളത്തിന്റെ ലാഭം കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനൊപ്പം ചരക്ക് നീക്കത്തിലും കുറവ് വന്നു. കൊവിഡിനെ തുടർന്ന് വിമാനത്താവളം ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ യൂസർ ഫീ ഇനത്തിലും വൻ കുറവ് വന്നിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർ കൊച്ചിയിലേക്കും മറ്റും യാത്രക്കായി ബസുകളെയും ട്രെയിനുകളെയും ആശ്രയിച്ചതും തിരിച്ചടിയായി.

വിമാനത്താവളം നടത്തിപ്പ് അദാനിഗ്രൂപ്പിന് കൈമാറാനുള്ള ധാരണാപത്രം എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ നേരത്തെ ഒപ്പിട്ടിരുന്നു. സംസ്ഥാനത്തിന്റെ എതിർപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും വരുമാനം കുറഞ്ഞത് ചൂണ്ടിക്കാട്ടി വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനുള്ള നീക്കം എയർപോർട്ട് അതോറിട്ടി ഒന്നുകൂടി ശക്തമാക്കാനാണ് സാദ്ധ്യത. കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള സ്വകാര്യവത്‌കരണത്തിൽ വിമാനത്താവളങ്ങളുടെ കൈമാറ്റവും ഉൾപ്പെടുമെന്നാണ് കേന്ദ്രസർക്കാ‌രിന്റെ നിലപാട്. വിമാനത്താവളം പൂർണമായും അദാനി ഗ്രൂപ്പിന് കൈമാറിക്കഴിഞ്ഞാൽ ഓരോ യാത്രക്കാരനും 168രൂപ വിമാനത്താവള അതോറിട്ടിക്ക് നൽകണം. അടുത്ത 50 വർഷത്തേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, ഭൂമി എന്നിവയുടെ അധികാരമാണ് അദാനിക്ക് കൈമാറുക.

വർഷം 50 ലക്ഷം യാത്രക്കാരെ വരെ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ ഏഷ്യാ പസഫിക് മേഖലയിലെ വിമാനത്താവളങ്ങളിൽ ഒന്നാമതാണ് തിരുവനന്തപുരം. 34 സേവനങ്ങളുടെ മേന്മയിലാണ് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ പുരസ്‌കാരം. 2019ൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലാഭം 170 കോടി ആയിരുന്നു.

യാത്രക്കാരുടെ എണ്ണത്തിലും വൻ വർദ്ധനയുണ്ടായിരുന്നു. 2011-12ൽ ആഭ്യന്തരവിദേശ യാത്രക്കാരുടെ എണ്ണം 25 ലക്ഷമായിരുന്നത് 2017-18ൽ 44 ലക്ഷത്തോളമായി ഉയർന്നു. 2018-19ൽ യാത്രക്കാരുടെ എണ്ണം 45.59 ലക്ഷമായി വർദ്ധിക്കുകയും ചെയ്തു.