arrested

പൂനെ: ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗികളുടെ അടുത്ത് ഡോക്‌ടറാണെന്ന ഭാവേന എത്തി അടിയന്തരമായി ചികിത്സിക്കണമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന വിരുതൻ പിടിയിൽ. പൂനെയിലാണ് സംഭവം. കഴിഞ്ഞ പത്ത് വർഷത്തോളമായി ഇയാൾ പൂനെയിലെ വിവിധ ആശുപത്രികളിൽ ഇങ്ങനെ രോഗികളെയും അവരുടെ കൂട്ടിരുപ്പുകാരെയും പറ്റിച്ച് പണം തട്ടിയിരുന്നതായി പൊലീസ് അറിയിച്ചു.ഇങ്ങനെ പണം നഷ്‌ടമായതായി കാണിച്ച് രണ്ടുപേർ നൽകിയ കേസിനെ തുടർന്ന് ബണ്ട്‌ഗാർഡൻ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്‌ടർ കൈയോടെ പിടിയിലായത്.

പൂനെയിലെ സസൂൻ ജനറൽ ആശുപത്രിയിലെ രോഗികളെ രോഗിയെ ഡോക്‌ടർ എന്ന പേരിൽ വിളിച്ച് പരിചയപ്പെട്ട ഇയാൾ ഇഞ്ചക്ഷന് വേണ്ടി മുൻകൂട്ടി പണം നൽകണമെന്ന് ആവശ്യപ്പെട്ടു. രോഗിക്ക് വേണ്ട ഇഞ്ചക്ഷനുള‌ള മരുന്ന് ആശുപത്രിയിലില്ലെന്ന് കാട്ടിയാണ് പണം ചോദിച്ചത്. ഡോ.ദേശ്‌പാണ്ഡെ എന്ന പേരിലാണ് ഇയാൾ രോഗികളെ പരിചയപ്പെടുക. ഒരാളിൽ നിന്ന് 7000 രൂപയും മ‌റ്റൊരാളിൽ നിന്ന് 20000 രൂപയും ഇയാൾ തട്ടിയെടുത്തു.

പിടിയിലായ ഇയാളുടെ ശരിയായ പേര് അമിത് കാംബ്ളെ എന്നാണെന്നും താൻ ആശുപത്രിയിലുള‌ളവരെ പ‌റ്റിച്ചതെങ്ങനെയെന്ന് ഇയാൾ വിശദമായി പറഞ്ഞുവെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ 11 വർഷമായി ഇയാൾ ഇങ്ങനെ രോഗികളെ പ‌റ്റിക്കുകയാണെന്നും ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടാകാമെന്നും ഒരിക്കൽ പിടിയിലായിട്ടുണ്ടെന്നുമാണ് പൊലീസ് നൽകുന്ന വിവരം. തനിക്ക് ഗുരുതര രോഗമുണ്ടെന്നും അതിന് ചികിത്സയ്‌ക്കായാണ് ജനങ്ങളെ പ‌റ്രിക്കുന്നതെന്നുമായിരുന്നു പൊലീസിനോട് കാംബ്ളെ പറഞ്ഞത്.