
തിരുവനന്തപുരം: വേളി ടൈറ്റാനിയം ഫാക്‌ടറിയിലെ ഗ്ളാസ് ഫർണസ് പൈപ്പ് ലൈൻ പൊട്ടി. തുടർന്ന് ഫർണസ് ഓയിൽ കടലിലേക്ക് ചോർന്നു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. രണ്ട് കിലോമീറ്റർ ദൂരമാണ് ഓയിൽ കടലിൽ കലർന്നതെന്ന് മലിനീകരണ നിയന്ത്രണബോർഡ് നടത്തിയ പഠനത്തിൽ തെളിഞ്ഞു. കോസ്‌റ്റ്‌ഗാർഡും സംഭവം നിരീക്ഷിച്ചുവരികയാണ്.
കറുത്ത നിറത്തിൽ ഫർണസ് ഓയിൽ രണ്ട് കിലോമീറ്റർ ദൂരം കടലിൽ പടർന്നിട്ടുണ്ടെന്ന് മത്സ്യ തൊഴിലാളികൾ പറഞ്ഞു. സ്ഥലത്തെത്തിയ എംഎൽഎ വി.എസ് ശിവകുമാറിനോടും മറ്റ് ജനപ്രതിനിധികളോടും ടൈറ്റാനിയം അധികൃതരോടും മത്സ്യ തൊഴിലാളികൾ കടുത്ത ആശങ്ക അറിയിച്ചു.
സ്ഥലത്ത് മീനുകൾ ചത്തുപൊന്തിയതായും മത്സ്യബന്ധനം നടത്താനാകില്ലെന്നും തങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്നും തൊഴിലാളികൾ പറഞ്ഞു. തിരുവനന്തപുരം നഗരത്തോട് ചേർന്ന ശംഖുമുഖം, വേളി തീരങ്ങളിലും കടലിലും സന്ദർശകരെ ഉൾപ്പടെ പൊതുജനങ്ങളെ നിരോധിച്ചതായി കളക്‌ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു. എന്നാൽ പൈപ്പ് ലൈനിലെ ചോർച്ച ഉടൻ കണ്ടെത്തി അടച്ചതായും നിലവിൽ ഓയിൽ ചോരുന്നില്ലെന്നും ടൈറ്റാനിയം അധികൃതർ പറഞ്ഞു. എത്രയും വേഗം കടലിൽ കലർന്ന ഫർണസ് ഓയിൽ നീക്കം ചെയ്യാനുളള ശ്രമം നടക്കുകയാണ്.