
വായനക്കാരുടെ മനസിൽ ഉള്ള ഒരു വാർത്തയെ പിൻപറ്റിയായിരിക്കും മിക്കവാറും നിത്യനിദാന കാർട്ടൂണിസ്റ്റുകൾ ദിനപത്രത്തിലെ കാർട്ടൂണിനുള്ള വിഷയം കണ്ടെത്തുന്നത്. മിക്കവാറും ഒരു വാർത്തയും ആ വാർത്തയുമായി സമാനതകളുള്ള മറ്റൊരു സന്ദർഭവുമായി കൂട്ടിയിണക്കി ആയിരിക്കും ഇത് ചെയ്യുന്നത്. എന്നാൽ മൂന്നോ നാലോ വാർത്തകളെ പരസ്പരം ചേർത്തിണക്കി ഒരൊറ്റ കാർട്ടൂൺ വരയ്ക്കുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരമൊരു കാർട്ടൂണിനെ കുറിച്ചാണ് ഇത്തവണ.നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയുടെ 150ാം ജന്മവാർഷികം ആഘോഷിച്ച വർഷമായിരുന്നു 2019. അതുകൊണ്ടുതന്നെ ആ വർഷത്തെ ഗാന്ധി ജയന്തിദിനത്തിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട ഒരു പ്രത്യേക കാർട്ടൂൺ വരയ്ക്കാമോ എന്ന് എഡിറ്റ് പേജിന്റെ ചുമതലയുള്ള വി.എസ്. രാജേഷ് ആവശ്യപ്പെടുകയുണ്ടായി.
ഗാന്ധിജിയുടെ ആശയങ്ങൾക്ക് സമകാലികസമൂഹത്തിൽ വന്ന മാറ്റങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന ഒരു മുഴുവൻ പേജ് കാർട്ടൂൺ അങ്ങനെ തയ്യാറാക്കി. ഈ പ്രത്യേക കാർട്ടൂൺ കൊളാഷിന്റെ അവസാനഭാഗത്തായിരുന്നു മൂന്നിലധികം വാർത്തകൾ കോർത്തിണക്കിയ കാർട്ടൂൺ വരച്ചത്. മഹാത്മാഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മ വാർഷികം ആഘോഷിക്കുന്ന വേളയിൽ ചില ഹിന്ദു സംഘടനകൾ ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തുകയും മഹാത്മാവിന്റെ പ്രതീകാത്മക രൂപത്തിലേക്ക് വെടിയുതിർക്കുകയും ചെയ്ത വാർത്ത പത്രങ്ങളിൽ നിറഞ്ഞു. വലിയ വിവാദമുണ്ടാക്കിയ ഒരു വാർത്തയായിരുന്നു ഇത്.
ഇന്ത്യയിലെ ഒരു വിവാദ വിഷയമാണ് കന്നുകാലികളുടെ വധം. ഇന്ത്യയുടെ ഭരണഘടനയിലെ 48ാം ആർട്ടിക്കിൾ പ്രകാരം സംസ്ഥാനങ്ങളിലെ കൃഷി, കാലിസമ്പത്ത് എന്നിവ നൂനതശാസ്ത്രാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, പശുവിനെയോ, പശുകുട്ടിയെയോ, കറവകൃഷി ആവശ്യത്തിനായുള്ള മറ്റു കന്നുകാലികളെയോ കൊല്ലുന്നത് തടയാനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്കുണ്ട്. 2005 ഒക്ടോബർ 26 ന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനമാക്കി വിവിധ സംസ്ഥാനങ്ങളിൽ ഗോവധം നിരോധിച്ചിട്ടുണ്ട്. കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് രാജ്യത്ത് നിരോധിക്കുന്നതായി 2017 ൽ കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഗോമാംസം കഴിക്കുന്നതിന്റെ പേരിൽ ഇന്ത്യയിൽ കൊലപാതകങ്ങളുണ്ടായിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ പശു മാംസം കൈവശം വച്ചവരെ ആക്രമിച്ച് കൊലപ്പെടുത്തിയ വാർത്തകളും ഇതോടൊപ്പം മാദ്ധ്യമങ്ങളിൽ നിറഞ്ഞവയാണ്.
ന്യൂയോർക്കിൽ നടന്ന ഹൗഡി മോദി എന്ന പരിപാടിയോടനുബന്ധിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പിതാവ് ആണ് എന്ന് അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന ഡൊണാൾഡ് ട്രംപ് വിശേഷിപ്പിക്കുകയുണ്ടായി. എനിക്കറിയുന്ന ഇന്ത്യയിൽ പലതരം ഭിന്നതകളും ആഭ്യന്തര പ്രശ്നങ്ങളും നിലനിന്നിരുന്നു എന്നും എന്നാൽ ഇന്ന് ഒരു പിതാവെന്ന പോലെ മോദി തന്റെ രാജ്യത്തെ ഒന്നിച്ചു നിർത്തുകയാണെന്നും അദ്ദേഹത്തെ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിക്കാൻആഗ്രഹിക്കുന്നതായും മാധ്യമങ്ങളോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. മോദി ഇന്ത്യയുടെ പിതാവ് എന്ന രീതിയിൽ വിദേശ മാദ്ധ്യമങ്ങൾ അടക്കം തലക്കെട്ടുകൾ നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പലരും രംഗത്തെത്തി.ട്രംപിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും പ്രസ്താവന ഇന്ത്യൻ പാരമ്പര്യത്തെ അപമാനിക്കലാണെന്നും വിമർശനങ്ങൾ ഉയർന്നു.
നരേന്ദ്രമോദിയ്ക്ക് ഒരിക്കലും ഇന്ത്യയുടെ രാഷ്ട്രപിതാവാകാൻ കഴിയില്ലെന്നും അതിനു കാരണം അദ്ദേഹത്തെ ഒരിക്കലും മഹാത്മാഗാന്ധിയോട് താരതമ്യം ചെയ്യാനാവില്ല എന്നതാണെന്നും പ്രതിപക്ഷനേതാക്കൾ വിമർശിച്ചു. എന്തായാലും ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന് പുതിയ മാതാവിനേയും പിതാവിനേയും ലഭിക്കുന്ന സാഹചാര്യത്തെക്കുറിച്ചായിരുന്നു
കാർട്ടൂൺ. 'അച്ഛാ ദിൻ" എന്നായിരുന്നു കാർട്ടൂണിന്റെ പേര്. ഇന്ത്യയുടെ ഏതോ നഗരത്തിൽ ഉയർന്ന നിരവധി പ്രതിമകൾ ആയിരുന്നു കാർട്ടൂണിൽ. മഹാത്മാഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെ നിറയൊഴിക്കാൻ ശ്രമിക്കുന്ന ഗോഡ്സേ പ്രതിമയെ മാല ചാർത്തുകയാണ് ഒരു വിഭാഗം ആളുകൾ.
മഹാത്മാവിന്റെ പ്രതിമയേക്കാൾ വളരെ ഉയരത്തിൽ ഉയരുന്ന ഗോമാതാവിന്റേയും ഇന്ത്യയുടെ പുതിയ പിതാവിന്റേയും പ്രതിമകൾ. ഇതായിരുന്നു കാർട്ടൂണിലെ ചിത്രീകരണം മൂന്നിലധികം വാർത്തകളെ ഒരേ കാൻവാസിലേക്ക് ചിത്രീകരിച്ച ഈ കാർട്ടൂൺ വലിയ രീതിയിൽ ചർച്ചയായി. വായനക്കാർക്ക് ഇടയിൽ ചർച്ചയായത് കൂടാതെ മറ്റ് അംഗീകാരങ്ങളും ഈ കാർട്ടൂണിനെ തേടിയെത്തി.