australian-open

മെൽബൺ : ആസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ നിലവിലെ ചാമ്പ്യനും ടോപ് സീഡുമായ നൊവാക്ക് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ തോൽവിയിൽ നിന്ന് രക്ഷപെട്ടപ്പോൾ മുൻ വിംബിൾഡൺ വനിതാ ചാമ്പ്യൻ പെട്ര ക്വിറ്റോവ തോറ്റ് പുറത്തായി. പ്രമുഖരായ സെറീന വില്യംസ്,നവോമി ഒസാക്ക,സബലേങ്ക,ഡൊമിനിക്ക് തീം എന്നിവർ രണ്ടാം റൗണ്ടിലെത്തിയപ്പോൾ ബിയാങ്ക ആൻഡ്രെസ്ക്യൂ, സ്റ്റാൻ വാവ്റിങ്ക എന്നിവർ പുറത്തായി.

അമേരിക്കൻ യുവതാരം ഫ്രാൻസെസ് ടിയാഫോയാണ് നാലുസെറ്റ് നീണ്ട മത്സരത്തിൽ നൊവാക്കിനെ നന്നായി വിരട്ടിയശേഷം കീഴടങ്ങിയത്. സ്കോർ :6-3,6-7(3/7),7-6(7/2),6-3. ആദ്യ സെറ്റ് വലിയ വെല്ലുവിളികൂടാതെ സ്വന്തമാക്കിയിരുന്ന നൊവാക്കിനെ രണ്ടാം സെറ്റിൽ ടൈബ്രേക്കറിലാണ് ടിയാഫോ അടിയറവ് പറയിച്ചത്. മൂന്നാം സെറ്റും ടൈബ്രേക്കറിലെത്തിച്ചെങ്കിലും ഇവിടെ നൊവാക്ക് വിജയം കണ്ടു. നാലാം സെറ്റിൽ തുടക്കം മുതൽ ആധിപത്യം ഉറപ്പിച്ചാണ് സെർബിയൻ ഒന്നാം റാങ്ക് താരം മൂന്നാം റൗണ്ട് പ്രവേശനം ഉറപ്പിച്ചത്. അമേരിക്കൻ താരങ്ങളായ ടെയ്ലർ ഫ്രിറ്റ്സും റിയേലി ഒപെൽക്കയും തമ്മിലുള്ള രണ്ടാം റൗണ്ട് പോരാട്ടത്തിലെ വിജയിയെയാകും മൂന്നാം റൗണ്ടിൽ നൊവാക്ക് നേരിടുക.

രണ്ട് ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുള്ള ചെക്ക് റിപ്പബ്ളിക്കിന്റെ താരം പെട്ര ക്വിറ്റോവയെ സീഡ് ചെയ്യപ്പെടാത്ത റൊമേനിയൻ താരം സൊറാന ക്രിസ്റ്റീയയാണ് രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-4,1-6,6-1 എന്ന സ്കോറിനായിരുന്നു സൊറാനയുടെ വിജയം.2019ൽ ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റായിരുന്ന ക്വിറ്റോവ കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പണിന്റെ സെമിയിലുമെത്തിയിരുന്നു.

നിലവിൽ 10-ാംസീഡായി മത്സരിക്കുന്ന ഏഴ് ആസ്ട്രേലിയൻ ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുള്ള സെറീന വില്യംസ് രണ്ടാം റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് സെർബിയൻ താരം സ്റ്റൊയനോവിച്ചിനെയാണ് കീഴടക്കിയത്. സ്കോർ: 6-3,6-0. സെറീനയുടെ സഹോദരി വീനസ് വില്യംസ് രണ്ടാം റൗണ്ടിൽ ഇറ്റാലിയൻ വെറ്ററൻ താരം സാറാ ഇറാനിയോട് നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ് പുറത്തായി.മത്സരത്തിനിടെ വീനസിന് പരിക്കേറ്റത് സാറയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി.

2019ലെ യു.എസ് ഓപ്പൺ ജേതാവായ കനേഡിയൻ താരം ബിയാങ്കയെ ചൈനീസ് തായ്പേയ്‌യുടെ സു വേയ് സിയേ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിക്കുകയായിരുന്നു.സ്കോർ 6-3,6-2.ഏഴാം സീഡ് ബെലാറസ് താരം അര്യാന സബലേറ്റ 7-6,6-3ന് റഷ്യൻ താരം ഡാരിയ കസാറ്റ്കിനയെ തോൽപ്പിച്ചാണ് മൂന്നാം റൗണ്ടിലെത്തിയത്.

പുരുഷ സിംഗിൾസിൽ നിലവിലെ യു.എസ് ഓപ്പൺ ജേതാവും കഴിഞ്ഞ ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റുമായ ഡൊമിനിക്ക് തീം രണ്ടാം റൗണ്ടിൽ ജർമ്മനിയുടെ കോയ്ഫറെ 6-4,6-0,6-2 എന്ന സ്കോറിന് കീഴടക്കിയപ്പോൾ 2014ലെ ആസ്ട്രേലിയൻ ഓപ്പൺ ജേതാവായ സ്റ്റാൻസിലാസ് വാവ്റിങ്ക അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിൽ ഹംഗേറിയൻ താരം മാർട്ടൻ ഫുക്സോവിച്ച്സിനോട് തോറ്റു. സ്കോർ: 7-5,6-1,4-6,2-6,7-6(11/9). ആദ്യ രണ്ട് സെറ്റുകളിൽ പി‌ടിവിട്ടുപോയ വാവ്റിങ്ക തുടർന്നുള്ള സെറ്റുകളിൽ തിരിച്ചടിച്ച് കളി ടൈബ്രേക്കറിലെത്തിച്ചു.ടൈബ്രേക്കറിലേക്ക് നീണ്ട അവസാന സെറ്റിൽ 11/9 എന്ന സ്കോറിനാണ് ഹംഗേറിയൻ താരം ജയിച്ചത്. മൂന്ന് മണിക്കൂർ 59 മിനിട്ടാണ് മത്സരം നീണ്ടത്.

ബൊപ്പണ്ണ സഖ്യം പുറത്ത്

ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ - ജപ്പാന്റെ ന്റെ ബെൻ മക്‌ലാക്കൻ സഖ്യം ആദ്യ റൗണ്ടിൽ പുറത്തായി. ജിം സുംഗ് നാം -മിൻ ക്യും സോംഗ് സഖ്യം 6-4,7-6(0) എന്ന സ്കോറിനാണ് ബൊപ്പണ്ണ സഖ്യത്തെ കീഴടക്കിയത്.