
'ഗ്രാമവൃക്ഷത്തിലെ കുയിൽ" എന്ന ചിത്രത്തിന്റെ സംവിധായകൻ കെ.പി. കുമാരന്റെ കുമാരനാശാനിലെത്തിയ തന്റെ വഴികളെക്കുറിച്ച്
ആശാനെ ഇനിയും ആഴത്തിൽ പഠിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നു. എപ്പോഴും സൗമ്യനായിരുന്നു ആശാൻ. ഔന്നത്യമുള്ള സമീപനമായിരുന്നു പുലർത്തിയിരുന്നത്. ആശാൻ കേരളീയസമൂഹത്തിന്റെ തന്നെ ആചാര്യനാകേണ്ടതായിരുന്നു. ആധുനിക മലയാള സമൂഹത്തിന്റെ വളർച്ചയിൽ ഇത്രയധികം സംഭാവനകൾ നൽകിയ മറ്റൊരാളില്ല. അത്രയും വലിയൊരു മലയാളിയെ കേരളം അത്ര കണ്ട് മനസിലാക്കിയിട്ടുണ്ടോ എന്ന ചോദ്യവും ഉണ്ട്. കുമാരനാശാന്റെ കാവ്യജീവിതത്തിലെ വലിയ വഴിത്തിരിവാണ് 'ഗ്രാമവൃക്ഷത്തിലെ കുയിൽ" എന്ന കാവ്യം. എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകസെക്രട്ടറിയായി 15 വർഷം പൂർത്തിയാക്കിയ കാലം. കവിതയിലെ കുയിൽ കുമാരനാശാനും വൃക്ഷം എസ്.എൻ.ഡി.പി യോഗവും വൃക്ഷചുവട്ടിലെ മുനി നാരായണ ഗുരുവുമായിരുന്നു.1903ൽ ആശാൻ എസ്. എൻ.ഡി.പി സെക്രട്ടറിയായി ചുമതലയേറ്റതു മുതൽ 1924ൽ പല്ലനയാറ്റിൽ അകാലമൃത്യുവിന് ഇരയാകുന്നതു വരെയുള്ള ഇരുപത് വർഷത്തിനിടെയുള്ള ജീവിതമാണ് ഇതിൽ ചിത്രീകരിക്കുന്നത്.
ആശാന്റെ കവിതകളിലെല്ലാം ഫിക്ഷന്റെ സ്വഭാവമുണ്ട്. അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങളിലൊക്കെ കഥകളുണ്ടെങ്കിലും മലയാള സിനിമ അതത്ര ശ്രദ്ധിച്ചതായി തോന്നിയിട്ടില്ല. ചില ശ്രമങ്ങൾ അവിടവിടെയായി ഉണ്ടായെന്ന് മാത്രം. കുറച്ചു വർഷമായി കുമാരാശാന്റെ ജീവിതത്തിലൂടെയും കൃതികളിലൂടെയുമുള്ള സഞ്ചാരത്തിലായിരുന്നു ഞാൻ. മാറി വന്ന കാലഘട്ടത്തിൽ ആശാനിലേക്ക് തിരിച്ചു പോകേണ്ടതുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. ആശാന്റെ ജീവിതം, സംഭാവനകൾ, കാവ്യജീവിതം എന്നതിനപ്പുറം ആശാൻ എന്ന വലിയ പ്രതിഭയിലേക്കുള്ള ആമുഖമാണ് ഈ സിനിമ. രണ്ടുമണിക്കൂറിനുള്ളിൽ പറഞ്ഞു തീർക്കാനുള്ളതല്ല സത്യത്തിൽ ആ ജീവിതം. മൂന്നുനാലു ലൊക്കേഷനുകളിലായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.