indian-army

ന്യൂഡൽഹി : കഴിഞ്ഞ കുറച്ച് മാസങ്ങളായി ലഡാക്കിൽ അതിർത്തി പ്രദേശത്ത് ഇന്ത്യ ചൈന സൈനികർ മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിലും ഈ ജനുവരിയിലുമായി രണ്ട് ചൈനീസ് സൈനികർ അതിർത്തി കടന്ന് ഇന്ത്യൻ മണ്ണിൽ പ്രവേശിച്ചിരുന്നു. എന്നാൽ ഈ സൈനികരെ ഇന്ത്യൻ സൈന്യം പിടികൂടുകയും വിശദമായ ചോദ്യം ചെയ്തതിന് ശേഷം വേഗത്തിൽ തിരികെ അയക്കുകയും ചെയ്തിരുന്നു. അതിർത്തി കടന്നെത്തിയ സൈനികരുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വരികയാണ്.

മികച്ച അച്ചടക്കമോ, ശേഷിയോ ഇല്ലാത്ത മനോധൈര്യം ഒട്ടുമില്ലാത്തവരാണ് അതിർത്തിയിൽ ചൈന നിയോഗിച്ചിട്ടുള്ള സൈനികർ. സൈനിക ക്യാമ്പുകളിൽ ഇവർ ഒട്ടും അച്ചടക്കം പാലിക്കാറില്ല. രാത്രിയുടെ മറവിൽ ഇന്ത്യൻ പ്രദേശത്ത് അതിക്രമിച്ച് കയറിയതിനാൽ ഇന്ത്യൻ സൈന്യം പിടികൂടിയ ചൈനീസ് പട്ടാളക്കാർ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു. ഷൂ പോലും ശരിക്ക് ധരിക്കാതെ തികച്ചും അച്ചടക്കരഹിതരായിട്ടായിരുന്നു അവരെ ഇന്ത്യൻ സൈന്യം കണ്ടെത്തിയത്. ഒരു ഓപ്പറേഷന്റെ ഭാഗമായി എത്തിയതല്ല ഈ സൈനികർ എന്ന് ആദ്യ നിരീക്ഷണത്തിൽ തന്നെ മനസിലാക്കാനായി. ചൈന അതിർത്തി പ്രദേശങ്ങളിൽ നിയോഗിച്ചിട്ടുള്ള അരലക്ഷത്തോളം സൈനികരുടെ അവസ്ഥ ഇതു തന്നെയാണ്. നിർബന്ധിതമായി സൈനിക സേവനത്തിനായി നിയോഗിക്കപ്പെടുന്ന അവരിൽ നല്ലൊരു പങ്കും ഇഷ്ടത്തോടെ ഈ ജോലി തിരഞ്ഞെടുത്ത് എത്തിയിട്ടുള്ളവരല്ല.

ഇന്ത്യൻ മണ്ണിൽ പ്രവേശിച്ച ചൈനീസ് ഭടനെ ചാരപ്രവർത്തിക്കായി നിയോഗിച്ചതാണെന്നും വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. മദ്യപിച്ച് അർദ്ധരാത്രിയിൽ ശത്രു സ്ഥാനങ്ങളിലേക്ക് ഇടറി വീഴുന്ന കാലടികളോടെ ഒരു ചാരൻ എത്തുകയില്ല എന്നതു തന്നെ കാരണം. പിടികൂടിയ ചൈനീസ് ഭടൻമാരുടെ പക്കൽ നിന്നും ഇതിനു തക്ക തെളിവുകളും കണ്ടെത്താനായില്ല. അതേസമയം ഇപ്പോൾ അതിർത്തി പ്രദേശത്ത് ചൈന അവരുടെ സൈനികർക്ക് അച്ചടക്കം ഉറപ്പാക്കാനുള്ള പരിശീലനം നൽകുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ദുഷ്‌കരമായ കാലാവസ്ഥയിൽ പിടിച്ചു നിൽക്കാനാവാത്ത വിധം ആരോഗ്യപ്രശ്നങ്ങൾ ചൈനീസ് ഭടൻമാരെ അലട്ടുകയും ചെയ്യുന്നുണ്ട്.