
മലപ്പുറം: മമ്പാട്ട് രണ്ട് കുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. കുട്ടികളുടെ ശരീരത്തിൽ അടിയേറ്റ പാടുകളുമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലാണ് സംഭവം. രണ്ടാനമ്മയും അച്ഛനും ചേർന്നുളള പീഡനമാണെന്നാണ് കുട്ടികൾ പറയുന്നത്. ഇവരുടെ മാതാപിതാക്കൾ തന്നെയാണോ ഒപ്പമുളളതെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
ആറും നാലും വയസുളള കുട്ടികളെയാണ് ദമ്പതിമാർ വീട്ടിനുളളിൽ പൂട്ടിയിട്ടത്. പട്ടിണി കിടന്ന് അവശനിലയിലായ കുട്ടികളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. കുട്ടികളെ വീട്ടിനുളളിൽ അടച്ചിട്ട് പോകുന്ന ദമ്പതിമാർ അവർക്ക് ഭക്ഷണമോ വെളളമോ നൽകിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഭക്ഷണം കൊടുക്കാതെ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടാണ് ദമ്പതികൾ പുറത്തു പോകുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. അധികൃതർ എത്തി പൂട്ടു പൊളിച്ച് വീട്ടിൽ പ്രവേശിച്ചപ്പോഴാണ് കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്. ദിവസങ്ങളായി ഭക്ഷണം കിട്ടാതെ അവശരായ കുട്ടികൾ നേരെ നിൽക്കാനോ നടക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇളയകുട്ടിക്ക് കണ്ണുതുറക്കാൻ പോലും പറ്റിയിരുന്നില്ല.
ആശുപത്രിയിലെത്തിച്ച് വെളളവും ബിസ്‌കറ്റും മറ്റും നൽകിയതോടെയാണ് കുട്ടികളുടെ നില അൽപ്പം മെച്ചപ്പെട്ടത്. ദമ്പതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും കുട്ടികൾ ഇവരുടേത് തന്നെയാണോ എന്നു ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ആശുപത്രിയിലെത്തിച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലിൽ കുട്ടികൾ തങ്ങളുടേത് തന്നെയാണെന്നും പുറത്തിറങ്ങി പോകാതിരിക്കാനാണ് കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടതെന്നുമാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ മറുപടി.