
ചെന്നൈ : ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ദാരുണ തോൽവിക്ക് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിക്ക് ഐ.സി.സി. ടെസ്റ്റ് റാങ്കിംഗിലും ക്ഷീണം.പുതിയ പട്ടികയിൽ വിരാട് ഒരു പടവ് ഇറങ്ങി അഞ്ചാമതായി. അതേസമയം ആദ്യ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ഇംഗ്ളണ്ട് നായകൻ ജോ റൂട്ട് രണ്ട് പടവ് കയറി മൂന്നാമതെത്തി. കേൻ വില്യംസണാണ് ഒന്നാം റാങ്കിൽ. സ്റ്റീവ് സ്മിത്ത് രണ്ടാമതുണ്ട്.ആസ്ട്രേലിയൻ യുവതാരം മാർനസ് ലബുഷാനെയാണ് വിരാടിനെ മറികടന്ന് നാലാമതെത്തിയത്.ചേതേശ്വർ പുജാര ഒരു പടവിറങ്ങി ഏഴാമതായി.
ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിനും ജസ്പ്രീത് ബുംറയും ഓരോ പടവുകയറി യഥാക്രമം ഏഴും എട്ടും സ്ഥാനങ്ങളിലെത്തി.ആസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ് ഒന്നാം റാങ്കിൽ ഇംഗ്ളീഷ് പേസർമാരായ സ്റ്റുവർട്ട് ബ്രോഡ്,ജെയിംസ് ആൻഡേഴ്സൺ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും റാങ്കുകളിൽ .