impeachment

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇംപീച്ച്മെന്റ് നടപടികൾ നേരിടുകയാണ്. ആദ്യമായാണ് പ്രസിഡന്റ് സ്ഥാനം വഹിച്ച വ്യക്തി രണ്ട് തവണ ഇംപീച്ച്മെന്റ് നേരിടുന്നത്. സ്ഥാനമൊഴിഞ്ഞ ശേഷം ഒരു പ്രസിഡന്റ് ഇംപീച്ച്മെന്റ് നേരിടുന്നതും അമേരിക്കൻ ചരിത്രത്തിൽ ഇതാദ്യമായാണ്.

 ആൻഡ്രൂ ജോൺസനാണ് ഇംപീച്ച്മെന്റ് നേരിട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ്. 1868ൽ ആയിരുന്നു ഇത്.

ആഭ്യന്തരയുദ്ധത്തിന് ശേഷമുള്ള നിലപാടുകൾ സംബന്ധിച്ച് റിപ്പബ്ലിക്കൻസിന് ഭൂരിപക്ഷമുള്ള കോൺഗ്രസുമായുള്ള ഏറ്റുമുട്ടലാണ് ഇംപീച്ച്മെന്റിന് കാരണമായത്.ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയെങ്കിലും സെനറ്റിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം കുറ്റവിമുക്തനായി.

 വാട്ടർഗേറ്റ് വിവാദമാണ് റിച്ചാഡ് നിക്സന്റെ ഇംപീച്ച്മെന്റിലേക്ക് നയിച്ചത്.

1974 ലായിരുന്നു ഇത്. വാഷിംഗ്ടണിലെ വാട്ടർഗേറ്റ് കോംപ്ലക്‌സിൽ ഡെമോക്രാറ്റിക് പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന മോഷണശ്രമം ഡെമോക്രാറ്റുകളുടെ തിരഞ്ഞെടുപ്പുതന്ത്രങ്ങൾ ചോർത്താൻ റിപ്പബ്ലിക്കൻ സംഘം നടത്തിയ ശ്രമമായിരുന്നു എന്ന വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോർട്ടാണ് നിക്സന്റെ ഇംപീച്ച്മെന്റിലേക്ക് നയിച്ചത്. കോൺഗ്രസിൽ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചതോടെ അദ്ദേഹം രാജിവച്ചു.

 1998ൽ നടന്ന ബിൽ ക്ലിന്റന്റെ ഇംപീച്ച്മെന്റ് അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നാണ്. വൈറ്റ് ഹൗസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവിൻസ്കിയുമായുള്ള ലൈംഗികാരോപണമാണ് ക്ലിന്റനെ കുടുക്കിയത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അദ്ദേഹം മോണിക്കയുമായി ബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിച്ചു.ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് അദ്ദേഹത്തെ കുറ്റവിമുക്‌തനാക്കി.