
മലയാള പത്രങ്ങൾ ഇന്നുപയോഗിക്കുന്ന ശുദ്ധവും കരുത്തുറ്റതുമായ ഭാഷയുടെ പിതാവാണ് സി.വി. കുഞ്ഞുരാമൻ. സാമാന്യജനങ്ങൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഭാഷയെ നവീകരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകരും സാമുദായിക പ്രവർത്തകരും ഇന്നുപയോഗിക്കുന്ന പല ശൈലികളുടെയും സ്രഷ്ടാവ് അദ്ദേഹമാണ്. അഭിപ്രായം ഇരുമ്പുലക്കയല്ല, തൊഴുംതോറും തൊഴിക്കുകയും തൊഴിക്കുന്തോറും തൊഴുകയും ചെയ്യുന്ന- തുടങ്ങിയ സി.വിയുടെ പ്രയോഗങ്ങൾ മലയാള ഭാഷയുടെ ഒഴിവാക്കാനാവാത്ത ശൈലിയായി മാറി.
മതപരിവർത്തനവുമായി ബന്ധപ്പെട്ട് സി.വി പറഞ്ഞ അഭിപ്രായങ്ങൾ സ്ഥിരതയില്ലാത്തതാണ് എന്ന ആക്ഷേപമുയർന്നപ്പോഴാണ് 'അഭിപ്രായം ഇരുമ്പുലക്കയല്ല' എന്ന പ്രയോഗം അദ്ദേഹം നടത്തിയതെന്നാണ് പറയപ്പെടുന്നത്. സന്ദർഭം എന്താലും പ്രയോഗത്തിന്റെ അർത്ഥവും ധ്വനിയും കൊള്ളേണ്ടിടത്തു കൊള്ളുകയും മാറേണ്ടതു പലതും മാറുകയും ചെയ്തു. മാറ്റമില്ലാത്തതായി ലോകത്ത് ഒന്നുമില്ലെന്നും കാലം ഇരുമ്പുലക്കപോലെ അചേതനമായ ഒരു പ്രഹരവസ്തുവല്ലെന്നും സി.വി.കുഞ്ഞുരാമൻ തെളിയിച്ചു. തോക്കിനേക്കാൾ ഊക്കുള്ളതും ഉടവാളിനേക്കാൾ മൂർച്ചയുള്ളതുമാണ് വാക്കുകളെന്നും പഠിപ്പിച്ചു. വ്യക്തവും ശക്തവുമായ ഭാഷ ഉപയോഗിക്കാനും അതു കൊള്ളേണ്ടിടത്ത് കൊള്ളിക്കാനും അറിയാമായിരുന്നു സി.വി.കുഞ്ഞുരാമന്.
ടി.കെ. മാധവന്റെ പത്രാധിപത്യത്തിൽ നടന്നിരുന്ന ദേശാഭിമാനിയിൽ 1918ൽ സി.വി. കുഞ്ഞുരാമൻ എഴുതിയ 'ഞങ്ങൾക്കും സർക്കാർ ക്ഷേത്രങ്ങളിൽ ഒന്ന് ' എന്ന മുഖപ്രസംഗത്തിന്റെ ഒടുവിലാണ് തൊഴുന്തോറും തൊഴിക്കുകയും എന്ന പ്രയോഗം കാണുന്നത്. തിരുവിതാംകൂറിന്റെ ഭരണകേന്ദ്രങ്ങളിലാകെ അസാമാന്യമായ കോളും കൊടുങ്കാറ്റും ഇളക്കിവിട്ട ആ മുഖപ്രസംഗം ക്ഷേത്രപ്രവേശന വാദത്തിന്റെ കേളികൊട്ടായിരുന്നു. മുഖപ്രസംഗം അവസാനിക്കുന്നതിങ്ങനെ: 'എല്ലാവരും കൂടി ഒത്തുപിടിച്ചാൽ പാലാഴി ഇളകും. അമൃതു തെളിയും. ജരാനരകൾ ഒഴിഞ്ഞ് ശാപമോക്ഷവും ലഭിക്കും. അതിനാൽ എല്ലാവരും പ്രാർത്ഥിപ്പിൻ! ഈഴവ പ്രതിനിധികൾ നമ്മുടെ നാവായിട്ടു മാത്രം ഈ പ്രാർത്ഥന അനന്തശയനത്തിൽ എത്തിക്കട്ടെ! ഇതൊക്കെ കഴിഞ്ഞിട്ടാവാം മതം മാറണോ, മാറുകയാണെങ്കിൽ എങ്ങോട്ടു മാറണം; പൂണൂൽ ഇടണോ, ഇടുകയാണെങ്കിൽ എത്ര ഇടണം എന്നും മറ്റും ആലോചിക്കുന്നത്. തൊഴുംതോറും തൊഴിക്കുകയും, തൊഴിക്കുംതോറും തൊഴുകയും രണ്ടും വളരെക്കാലം ഇനി നടന്നുകൂടാ!'
-ഒരു നൂറ്റാണ്ടുമുമ്പാണ് സി.വി.കുഞ്ഞുരാമൻ ഇതെഴുതിയത്. ഭാഷയുടെ മാനകമായ ശക്തിയും സൗന്ദര്യവും നോക്കൂ. മറ്റുള്ളവർ അന്നുപയോഗിച്ചിരുന്ന ഭാഷാരീതികൂടി മനസിലാക്കുമ്പോഴാണ് സി.വി. കുഞ്ഞുരാമനെ എന്തുകൊണ്ട് ആധുനിക പത്രഭാഷയുടെ പിതാവെന്ന് വിളിക്കുന്നു എന്ന് ബോദ്ധ്യമാവുകയുള്ളൂ. ജാതി, മതം, വർഗം, ദേശം എന്നിങ്ങനെ മാത്രമല്ല, ജീവിതനിലവാരത്തിന്റെയും അധികാരത്തിന്റെയും നിലയിലും വ്യക്തമായ ഭാഷാഭേദങ്ങളുണ്ടായിരുന്ന കാലമാണത്. പെറുകയും പ്രസവിക്കുകയും ചെയ്യുന്നവർ മാത്രമല്ല, തിരുവയറൊഴിയുകയും ചെയ്യുന്നവരുമുണ്ടായിരുന്നു അക്കാലത്ത്. പിൽക്കാലത്ത് തിരുവയറൊഴിഞ്ഞു എന്നുകേട്ട് രാജ്ഞിക്ക് വയറിളക്കമാണ് എന്നെഴുതാൻ ഏതോ മണ്ടൻ പത്രപ്രവർത്തകനെ പ്രേരിപ്പിച്ചതും സി.വി. കുഞ്ഞുരാമൻ കൊണ്ടുവന്ന ജാതിമതാതീതമായ ഭാഷാപ്രോയോഗത്തിന്റെ ഫലമായിരുന്നെന്ന് നമുക്കിന്ന് ചെറുചിരിയോടെ ഓർമ്മിക്കാം. അച്ഛൻ, അമ്മ, മാതാവ്, പിതാവ് എന്നൊക്കെയാണ് ഇന്ന് പത്രഭാഷ. തന്തയും തള്ളയും ഇന്ന് തെറിയാണ്. ചത്തു, ചാക്കാല എന്നതിനൊപ്പം വീരചരമമടയുന്നവരും സ്വർഗം പൂകുന്നവരും ദേഹവിയോഗം സംഭവിക്കുന്നവരും മാത്രമല്ല, കാലയവനിക പൂകുന്നവരും ഉണ്ടായിരുന്നു. ഇന്നിപ്പോൾ നിര്യാതനാവുകയും അന്തരിക്കുകയുമാണ് പതിവ്. ഇത്തരം കാര്യങ്ങളിൽ മാത്രമല്ല, സംബോധനകളിലും തൊഴിൽ കാര്യങ്ങളിലും ഉൾപ്പെടെയുണ്ടായിരുന്ന ഭാഷയുടെ അടിയാളൻ, മേലാളൻ, ഉടയോൻ ഭേദത്തിന്റെ ഗളച്ഛേദം ചെയ്തത് സി.വി. കുഞ്ഞുരാമനാണെന്ന് അഭിമാനത്തോടെ ഓർമ്മിക്കാം.
സി.വി.കുഞ്ഞുരാൻ കവി എന്ന നിലയിൽക്കൂടി അറിയപ്പെട്ടിരുന്ന കാലത്ത് മഹാകവി കുമാരനാശാനെ ആർക്കും അറിയില്ലായിരുന്നു. പക്ഷേ, തന്റെ കവിത പ്രസിദ്ധീകരിച്ചിട്ടുള്ള മലയാള വിനോദിനിയിൽ കായിക്കര കെ.എൻ.കുമാരൻ എഴുതിയ കവിത വായിച്ചതോടെ ആ മനുഷ്യനെ കാണാനുള്ള അഭിനിവേശമായിരുന്നു സി.വിക്ക്. ആ പേര് പിൽക്കാലത്ത് കുമാരനാശാൻ എന്ന പേരിൽ എഴുതുന്ന ശ്രീനാരായണഗുരുവിന്റെ ശിഷ്യനാണെന്ന് ബോദ്ധ്യപ്പെട്ടതോടെ സി.വി. കുഞ്ഞുരാമൻ കവിത എഴുത്ത് നിറുത്തി. ഭാഷയുടെയും കവിതയുടെയും പൊരുൾ സി.വിയോളം മനസിലാക്കാൻ മറ്റാരും അന്നുണ്ടായിരുന്നില്ല. കുമാരനാശാൻ എഴുതുന്നിടന്ന് അമ്പിളി അമ്മാവൻ ആകാൻ പോലും മറ്റാർക്കും കഴിയില്ലെന്ന് മനസിലാക്കാനുള്ള ഔന്നത്യമുണ്ടായിരുന്നു സി.വി. കുഞ്ഞുരാമന്. വള്ളത്തോൾ സ്കൂളിൽപ്പെട്ട ഒരു മഹാകവിയാകാൻ സി.വിക്ക് അന്ന് ആരുടെയും സഹായം വേണ്ടിയിരുന്നില്ല; ഗുരുദേവന്റെ പോലും. എന്നിട്ടും എന്തുകൊണ്ട് കുമാരനാശാനു മുന്നിൽ കവിതയുടെ കാര്യത്തിൽ വണങ്ങി എന്ന് ആലോചിക്കാവുന്നതാണ്. ഉത്തരം ഒന്നേയുള്ളൂ സി.വിയുടെ ഔന്നത്യം അത്രയ്ക്ക് അപരിമേയമായിരുന്നു.
ശ്രീനാരായണഗുരുവുമായി സി.വി പലപ്പോഴായി നടത്തിയ സംവാദങ്ങൾ ഗുരുദേവന്റെ അനുമതിയോടെ അഭിമുഖ രൂപത്തിൽ 1925 ഒക്ടോബർ ഒൻപതിന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ അഭിമുഖത്തിന്റെ ഒരു ഭാഗം വായിക്കാം:
സി.വി:- മതപരിവർത്തനോത്സാഹം സമുദായമദ്ധ്യത്തിൽ ഇപ്പോൾ വർദ്ധിച്ചു വരുന്നുണ്ട്. ചിലർ ബുദ്ധമതം നന്നെന്നും ചിലർ ക്രിസ്തുമതം നന്നെന്നും ചിലർ ആര്യസമാജം നന്നെന്നും. ഇങ്ങനെ ഉത്സാഹം പല വഴിക്കായിട്ടാണ് കാണുന്നത്. മതപരിവർത്തനം ആവശ്യമില്ലെന്ന് പറയുന്നവരുമുണ്ട്.
ഗുരു:- മതത്തിന് ആഭ്യന്തരവും ബാഹ്യവുമായ രണ്ടു വശങ്ങളുണ്ട്. ഇവയിൽ ഏതിനാണ് പരിവർത്തനം വേണമെന്നു പറയുന്നത്? ബാഹ്യമായ മാറ്റത്തിനാണുത്സാഹമെങ്കിൽ അതു മതപരിവർത്തനമല്ല. സമുദായ പരിവർത്തനമാണ്....... ഒരു മതത്തിനും ആ മതത്തിൽ അവിശ്വാസികളുടെ സംഖ്യ വർദ്ധിപ്പിക്കുന്നത് ശ്രേയസ്കരമല്ല.
സി.വി: ഹിന്ദുമതത്തിൽ തന്നെ ഇരിക്കണമെന്നു പറയുന്നവർ ഇപ്പോഴത്തെ ഹിന്ദുമതം നന്നല്ലെന്നും പറയുന്നു.
ഗുരു: അപ്പോൾ അവർ ഹിന്ദുക്കൾ മാത്രമല്ല, ഹിന്ദു മതത്തിനും കൂടി പരിവർത്തനം വേണമെന്നു പറകയാണ്. ഹിന്ദുമതം എന്നൊരു മതമേയില്ലല്ലോ. ഹിന്ദുസ്ഥാന നിവാസികളെ ഹിന്ദുക്കൾ എന്നു വിദേശീയർ പറഞ്ഞുവന്നു.....
സി.വി എന്നു മാത്രം പറഞ്ഞാൽ സി.വി.രാൻപിള്ള എന്നാണ് പൊതുവേ കരുതുന്നത്. ഏകദേശം ഒരേ കാലഘട്ടത്തിൽ ജീവിച്ച് മലയാളഭാഷയെ സമ്പന്നമാക്കിയവരാണ് സി.വി. രാമൻപിള്ളയും സി.വി. കുഞ്ഞുരാമനും. അടിയാളന്റെയും മേലാളന്റെയും ഭാഷ ഒരേ ആയോധന വഴക്കത്തോടെ അമ്മാനമാടിയ സി.വി. രമൻപിള്ളയുടെ ഭാഷയ്ക്ക് എപ്പോഴും മന്ത്രികമായ ഒരു ഭ്രമാത്മകതയുണ്ടായിരുന്നു. സി.വി. കുഞ്ഞുരാമൻ രൂപപ്പെടുത്തിയ ഭാഷ അങ്ങനെയുള്ളതായിരുന്നില്ല. പച്ചമലയാളത്തിന്റെ സുതാര്യതയും വഴക്കവുമുള്ളതായിരുന്നു ആ ഭാഷ. അന്നത്തെ കാലഘട്ടം ആവശ്യപ്പെട്ടിരുന്നപോലെ ഇരുതല മൂർച്ചയുള്ള തൂലികയാണ് കുഞ്ഞുരാമൻ ഉപയോഗിച്ചിരുന്നത്. ആ തൂലികത്തുമ്പിൽ വിടർന്ന വാക്കുകൾക്ക് കുറിക്കുകൊള്ളുന്ന അസ്ത്രങ്ങളായി രൂപപ്പെടാൻ കഴിഞ്ഞിരുന്നു. ആയോധനകലയുടെ മെയ്‌വഴക്കത്തോടെ സി.വി. കുഞ്ഞുരാമൻ പ്രയോഗിച്ച ഭാഷയ്ക്ക് തിരുവിതാംകൂറിന്റെ ചരിത്രഗതി മാറ്റാനുള്ള കരുത്തുണ്ടായിരുന്നു.
സി.വിയുടെ തറവാടായ മയ്യനാട് പാട്ടത്തിൽ വീടിന്റെ തെക്കുവശത്ത് ഒരു മറുതാപ്പുര ഉണ്ടായിരുന്നു. സി.വിക്ക് അത് എഴുത്തു പുരയായിരുന്നു. ഒരു മുറിയും തളവുമുണ്ടായിരുന്ന ആ കൊച്ചു തെക്കേതിലിരുന്നാണ് സി. വി.കുഞ്ഞുരാമൻ തന്റെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും ജീവൻ പകർന്നത്. വാക്കുകളെ സാമൂഹിക പരിവർത്തനത്തിനുള്ള ആയുധങ്ങളാക്കി ചിന്തേരിട്ടത്.
''ഇരുമുനകളെഴുന്നാ വാക്യ നാരാച മാരാൽ
വരു മരികളെ യുന്നിക്ഷേപണം ചെയ്തുമേവും
സരസ സരസനീഡ്യൻ 'സി.വി.യാം കുഞ്ഞുരാമൻ'
കരിവരഗതിയാളേ! സാരണൻ സാരവേദി''-
എന്നാണ് സരസകവി മൂലൂർ കവി രാമായണത്തിൽ എഴുതിയത്. ഇരുമുനകളുള്ള നാരാചത്താൽ(നാരായം) വിപരീത കാലത്തെയും എതിരാളികളെയും ഭേദിച്ച സാരവേദിയായ ചരിത്രപുരുഷന് വന്ദനം.