
ജനീവ: കൊവിഡ് മനുഷ്യരിലേക്ക് പടർന്നത് മൃഗങ്ങളിൽ നിന്നായിരിക്കാമെന്ന നിഗമനത്തിൽ ലോകാരോഗ്യസംഘടനാ വിദഗ്ദ്ധർ. വവ്വാലിൽ നിന്ന് പടർന്നിരിക്കാനാണ് ഏറെ സാദ്ധ്യത. ചൈനീസ് ലബോറട്ടറിയിൽനിന്നു പുറത്തു ചാടിയ രോഗാണുവാണ് കൊവിഡിന് കാരണമായതെന്ന സിദ്ധാന്തത്തെ തള്ളിക്കളയുന്ന നിഗമനമാണിത്. ഒരു മാസം വുഹാനിലെത്തി പഠനം നടത്തിയ ശേഷമാണ് നിഗമനങ്ങൾ ഡബ്ലിയു.എച്ച്.ഒ വിദഗ്ദ്ധർ പുറത്ത് വിട്ടത്.
നേരത്തെ കരുതിയിരുന്നത് പോലെ, മൃഗങ്ങളിൽനിന്നു തന്നെയാണ് കൊവിഡ് മനുഷ്യരിലേക്ക് പകർന്നതെന്ന വാദത്തിനു ശക്തിപകരുന്ന വിവരങ്ങളാണ് വുഹാനിൽ നിന്നു ലഭിച്ചതെന്ന് സംഘത്തലവനും ഭക്ഷ്യസുരക്ഷ –മൃഗജന്യ രോഗ വിദഗ്ദ്ധനുമായ പീറ്റർ ബെൻ എംബാറെക്ക് പറഞ്ഞു. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിൽ സൂക്ഷിച്ചിരുന്ന വൈറസാണ് പുറത്തു ചാടിയതെന്നായിരുന്നു നേരത്തേയുള്ള ആരോപണം. ഇക്കാര്യത്തിൽ തുടരന്വേഷണം ആവശ്യമില്ലെന്നും നാലാഴ്ച നീണ്ട പരിശോധനയ്ക്കു ശേഷം ചൈനയിൽനിന്നു മടങ്ങുന്നതിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പീറ്റർ വ്യക്തമാക്കി.
 പടർന്നത് ഇപ്രകാരമാകാം
വൈറസ് വവ്വാലിൽനിന്നു മറ്റൊരു ജീവിയിലെത്തുകയും അവിടെനിന്നു മനുഷ്യരിലേക്ക് പടരുകയും ചെയ്തെന്നാണ് അനുമാനം. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം വേണം. വവ്വാലിൽനിന്ന് ഈനാംപേച്ചിയിലേക്കോ ബാംബൂ റാറ്റ് എന്നറിയപ്പെടുന്ന ചുണ്ടെലികളിലേക്കോ വൈറസ് പ്രവേശിച്ച് അവയിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നതാകാമെന്നാണ് കരുതുന്നത് - പീറ്റർ പറഞ്ഞു. വവ്വാലിൽനിന്നു നേരിട്ട് മനുഷ്യരിലേക്കും പടരാനും ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ വഴിയും വൈറസ് പടരാൻ സാദ്ധ്യതയുണ്ടെന്നും പീറ്റർ വ്യക്തമാക്കി. ‘കോൾഡ് ചെയിൻ ട്രാൻസ്മിഷൻ’ എന്നാണ് പീറ്റർ ഇതിനെ വിശേഷിപ്പിച്ചത്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ വിതരണവും വിൽപനയുമാണ് കോൾഡ് ചെയിൻ എന്നറിയപ്പെടുന്നത്. ശീതീകരിച്ച ഭക്ഷണ പായ്ക്കറ്റുകളിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി പലതവണ ചൈന റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
 സംഘത്തിന് നിയന്ത്രണങ്ങൾ വയ്ക്കാതെ ചൈന
ചൈനീസ് സർക്കാർ കൊവിഡ് വ്യാപനത്തെപ്പറ്റി കാര്യമായി അന്വേഷിക്കുന്നില്ലെന്നും ഗവേഷകരെ നിശബ്ദരാക്കിയിരിക്കുകയാണെന്നുമുള്ള വിമർശനങ്ങളുണ്ട്. എന്നാൽ, പരിശോധനയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങൾക്കും സർക്കാർ അനുമതി നൽകിയെന്ന് സംഘത്തിലെ ബ്രിട്ടീഷ് സുവോളജിസ്റ്റ് പീറ്റർ ഡസ്സാക്ക് പറഞ്ഞു. എന്നാൽ, ഇപ്പോഴും സ്വതന്ത്ര അന്വേഷണത്തിന് ചൈന തയാറായിട്ടില്ല. പൊതുജനത്തിന് ഇപ്പോഴും ഹ്വാനൻ ചന്തയിലേക്കു പ്രവേശനമില്ല. ചന്ത അടച്ചുപൂട്ടിയിരിക്കുകയാണ്. ഇവിടെയുള്ളവരെ മറ്റൊരു ചന്തയിലേക്കു പുനരധിവസിപ്പിച്ചിരുന്നു. ചന്തയിലുണ്ടായിരുന്ന മുയൽ, ബാംബൂ റാറ്റ് എന്നിവയായിരിക്കാം വൈറസ് വാഹകരായതെന്ന് സംഘത്തിലെ ഡച്ച് വൈറോളജിസ്റ്റ് മാരിയോൺ കൂപ്മാൻസ് പറഞ്ഞു.
 ഉത്ഭവം ഫാമിൽ നിന്നോ?
മുയലും ചുണ്ടെലികളും പോലുള്ള ജീവികളെ ഹ്വാനൻ ചന്തയ്ക്ക് സമീപത്തെ ഫാമുകളിൽ വളർത്തിയിരുന്നു.
ഇവയെ വിൽപനയ്ക്ക് എത്തിക്കുന്ന സംഘങ്ങളുമുണ്ടായിരുന്നു. ഫാമുകൾക്കു സമീപമാകട്ടെ വവ്വാലുകളുടെ വൻതോതിലുള്ള സാന്നിദ്ധ്യവുമുണ്ടായിരുന്നു. അടുത്ത ഘട്ടത്തിൽ ഫാമുകൾ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണമെന്നും മാരിയോൺ പറഞ്ഞു. ഹ്വാനൻ മാർക്കറ്റിനേക്കാൾ രാജ്യത്തെ മറ്റു പലയിടത്തും കൂട്ടത്തോടെ വൈറസ് ബാധയുണ്ടായിരുന്നതായും വുഹാനിൽ നിന്നല്ലാതെ മറ്റിടങ്ങളിൽനിന്നു വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും ചൈനീസ് ഗവേഷകൻ ലിയാങ് വാന്യാൻ പറഞ്ഞു.
അതേസമയം, 2019 ഡിസംബറിന് മുൻപ് രോഗം പടർന്നിരുന്നോയെന്ന് അറിയണമെങ്കിൽ രോഗം ബാധിച്ചതായി സംശയിക്കുന്നവരുടെ രക്തസാംപിൾ ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും ഡബ്ല്യിയു.എച്ച്.ഒ സംഘം പറഞ്ഞു.