
ന്യൂഡൽഹി: ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച മാദ്ധ്യമപ്രവർത്തക പ്രിയ രമാണിക്കെതിരെ മുൻ കേന്ദ്ര മന്ത്രി എം ജെ അക്ബർ നൽകിയ ക്രിമിനൽ മാനനഷ്‌ട കേസിൽ വിധി പറയുന്നത് മാറ്റി. ഈ മാസം 17നായിരിക്കും ഡൽഹി കോടതി വിധി പറയുക. കേസിലെ വാദങ്ങൾ രേഖാമൂലം നൽകിയതിൽ കാലതാമസം ഉണ്ടായെന്നും വിധി എഴുത്ത് പൂർത്തിയാകുന്നതേയുളളൂവെന്നും കോടതി അറിയിച്ചു.
കേസിൽ ഇന്ന് വിധി പറയുമെന്ന് അറിയിച്ചിരുന്നതിനാൽ എം ജെ അക്ബർ ഉൾപ്പടെയുളളവർ കോടതിയിലെത്തിയിരുന്നു. 1994ൽ ജോലിക്കായുളള അഭിമുഖത്തിനിടെ മുംബയിലെ ഹോട്ടൽമുറിയിൽ വച്ച് എം ജെ അക്ബർ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പ്രിയ രമാണി നടത്തിയ മീ ടൂ വെളിപ്പെടുത്തൽ. പിന്നാലെ ഇരുപതോളം സ്ത്രീകളാണ് എം ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. വിവാദത്തെ തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനത്തുനിന്ന് എം ജെ അക്ബറിന് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.