
ചമോലി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞ് മല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ഇനിയും നൂറിലേറെ പേർ മണ്ണിനടിയിൽ പെട്ടിരിക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണിപ്പോൾ. ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാ ശ്രമങ്ങൾ ഇപ്പോൾ പുരോഗമിക്കുന്നത്. തപോവൻ ടണലിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നിരവധിയാളുകളാണ് ഇപ്പോഴും കുടുങ്ങി കിടക്കുന്നത്. ഇത്തരത്തിൽ കഴുത്തറ്റം ചെളിയിൽ പൂണ്ട ഒരു ഡസനോളം ആളുകളെ ഒരു മൊബൈൽ ഫോണിന്റെ സഹായത്താൽ രക്ഷപ്പെടാൻ കഴിഞ്ഞ കഥ പറയുകയാണ് രാകേഷ് ഭട്ട് എന്ന ഇരുപത്തിയേഴുകാരൻ.
ജോഷിമത്തിലെ ബാബ ബദ്രി വിശാൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രാകേഷ് ഭട്ട് മറ്റ് 11 പേർക്കൊപ്പം തപോവാനിലെ ഭൂഗർഭ തുരങ്കത്തിൽ ജോലി ചെയ്യവേയാണ് മഞ്ഞുമല ഇടിഞ്ഞുള്ള ദുരന്തമുണ്ടായത്. പുറത്തേയ്ക്ക് ഓടുവാനുള്ള ശബ്ദം കേൾക്കുന്നതിന്റെ തൊട്ടു പിന്നാലെ അതിശക്തമായി വെള്ളവും ചെളിയും ടണലിനുള്ളിലേക്ക് പ്രവഹിക്കുകയായിരുന്നു. നിമിഷനേരം കൊണ്ടുതന്നെ രാകേഷ് ഭട്ടും കൂട്ടാളികളും ചെളിയിൽ പുതഞ്ഞു പോകുന്ന അവസ്ഥയുണ്ടായി. ടണലിനുള്ളിലെ ജനനിരപ്പ് ക്രമേണ ഉയരുന്നത് കണ്ട് തൊഴിലാളികൾ ജെ സി ബിയുടെ മുകളിലും, ഇരുമ്പ് കമ്പികളിലും പിടിച്ച് നിൽക്കുകയായിരുന്നു. വെള്ളത്തിന്റെ ശക്തിയിൽ പല ഇടങ്ങളിലായി ചിതറി പോയ തൊഴിലാളികൾ ഒന്നിച്ച് ഒരിടത്തേയ്ക്ക് മാറി നിന്നു. അപ്പോഴാണ് ഒരാളുടെ മൊബൈലിൽ നെറ്റ് വർക്ക് ലഭിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സഹായത്തിനായി ജനറൽ മാനേജരുടെ നമ്പരിൽ വിളിക്കുകയും അദ്ദേഹം ഫോൺ രക്ഷാ പ്രവർത്തകർക്ക് കൈമാറുകയുമായിരുന്നു.
രക്ഷാപ്രവർത്തനത്തിനായി കുതിച്ചെത്തിയ ഐ ടി ബി പിയിലെ ഉദ്യോഗസ്ഥരുമായി ടണലിൽ കുടുങ്ങിയവർ സംസാരിച്ചു. എന്നാൽ രക്ഷാ പ്രവർത്തകർക്ക് അവിടെ എത്തിച്ചേരുവാൻ മണിക്കൂറുകൾ തന്നെ വേണ്ടിവന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഐ ടി ബി പി ഉദ്യോഗസ്ഥർ കുത്തനെയുള്ള ചരിവിലൂടെ താഴേക്ക് വീണു. രാവിലെ പത്തു മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ ചെളിയിൽ കുടുങ്ങിക്കിടന്ന രാകേഷിനും കൂട്ടരും, രക്ഷാ പ്രവർത്തകർ സമീപത്തെത്തുമ്പോൾ കഴുത്തറ്റം ചെളിയിൽ തറഞ്ഞിരിക്കുന്ന അവസ്ഥയിലായിരുന്നു. രക്തയോട്ടം നിലച്ചതിനാൽ അരയ്ക്കു താഴെ അനക്കുവാൻ പോലും ആയില്ല, നഖങ്ങൾ നീല നിറമാവുകയും ചെയ്തു.