mamtha-bnerjee

കൊൽക്കത്ത: ബി.ജെ.പി രാജ്യത്തെ ഒരു ശ്മശാനമാക്കി മാറ്റിയെന്നും തനിക്ക് ജീവനുള്ളിടത്തോളം കാലം പശ്ചിമ ബംഗാളിൽ ബി.ജെ.പിയെ അധികാരത്തിൽ വരാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്റി മമത ബാനർജി പറഞ്ഞു.

'ബി.ജെ.പിയെ അധികാരത്തിലേ​റ്റുക എന്നാൽ കലാപത്തെ പ്രോത്സാഹിപ്പിക്കുക എന്നാണർത്ഥം. നിങ്ങൾ കലാപം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യാം. നിങ്ങൾക്കെന്നെ തോല്പിക്കാനാവില്ല. കാരണം ഞാൻ ഒ​റ്റയ്ക്കല്ല, ജനങ്ങളുടെ പിന്തുണയുണ്ട്. ഞാൻ ജീവിച്ചിരിക്കുന്ന കാലം ബി.ജെ.പിയെ ഇവിടെ അനുവദിക്കില്ല.' - തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ മമത പറഞ്ഞു.

'ഞാൻ ദുർബലയാണെന്ന് കരുതേണ്ട. ശക്തയാണ് ഞാൻ. മരണംവരെ തല ഉയർത്തിപ്പിടിച്ച് റോയൽ ബംഗാൾ കടുവയെപ്പോലെ ജീവിക്കും.'- മമത ഗർജ്ജിച്ചു.

ഗുജറാത്തിൽ നിന്നുള്ളവരെ ബംഗാൾ ഭരിക്കാൻ അനുവദിക്കില്ലെന്നും തൃണമൂൽ കോൺഗ്രസ് തന്നെ ബംഗാൾ ഭരിക്കുമെന്നും അവർ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ പാർട്ടി വിട്ടവരെ ചെകുത്താൻമാരെന്നാണ് മമത വിശേഷിപ്പിച്ചത്.

'ചില കുപ്രസിദ്ധ പശുക്കൾ അവരുടെ തെറ്റ് മറക്കാൻ ശ്രമിക്കുന്നു. അവർ പോയത് നന്നായി. ചെകുത്താന്മാർ പോയി. അവർ പാർട്ടിയിൽ തുടരുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഇല്ല. ഒരു അമ്മ മക്കളെ വളർത്തുന്നു. അവർ വളർന്നു വലുതാകുമ്പോഴേക്കും അമ്മ അവശയായി തീരുകയും മക്കളുടെ സഹായം ആവശ്യമായി വരുമ്പോൾ അവർ ഉപേക്ഷിച്ച് പോവുകയും ചെയ്യുന്നു. അവർ ഒരിക്കലും നല്ല കുഞ്ഞുങ്ങളല്ല.’ - മമത പറഞ്ഞു.