
ജറുസലേം: അഞ്ചു ദിവസം കൊണ്ട് കൊവിഡ് ഭേദമാക്കുന്ന അത്ഭുത ഇൻഹെയ്ലറുമായി ഇസ്രയേൽ. നദീർ അബെർ എന്ന പ്രഫസറാണ് ഇൻഹെയ്‍ലർ കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എക്‌സോ-സി ഡി24 എന്ന മരുന്നാണ് ഇൻഹെയ്‌ലറിൽ രോഗികൾക്കു നൽകിയത്. മരുന്ന് നേരിട്ട് ശ്വാസകോശത്തിലെത്തി വൈറസുകളെ ഇല്ലായ്മ ചെയ്യും. 96 ശതമാനമാണ് ഇൻഹെയ്‌ലറിന്റെ ഫലപ്രാപ്തി. ടെൽ അവീവിലെ സൗരാസ്‌കി മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന 30 രോഗികളിൽ 29 പേരും ഇൻഹെയ്‌ലർ ഉപയോഗത്തോടെ അതിവേഗം രോഗമുക്തി നേടിയെന്ന് അധികൃതർ പറഞ്ഞു. മൂന്നു മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ രോഗികൾ ആശുപത്രി വിട്ടു. ഒരു തവണ മാത്രമാണ് ഇവരിൽ പലരും മരുന്ന് ഉപയോഗിച്ചത്.
ആറു വർഷമായി കാൻസർ ചികിത്സയ്ക്ക് എക്‌സോ - സിഡി 24 ചികിത്സ വികസിപ്പിക്കുന്നതിന്റെ ഗവേഷണത്തിലായിരുന്നു കഴിഞ്ഞ നദീർ ആബെർ. കഴിഞ്ഞ ആറു മാസത്തിനുള്ളിലാണ് ഇതേ ചികിത്സാ രീതി കൊവിഡിനെതിരെ പ്രയോഗിക്കാനുള്ള പരീക്ഷണങ്ങൾ നടന്നത്. ശ്വാസകോശത്തിലേക്കു നേരിട്ട് മരുന്നു സംയുക്തം എത്തും. പാർശ്വഫലങ്ങൾ ഒന്നും തന്നെ ഈ ചികിത്സാരീതിക്കില്ലെന്നും നദീർ അബെർ പറഞ്ഞു. ചെലവുകുറഞ്ഞ ഫലപ്രദമായ ചികിത്സയാണിതെന്നും അദ്ദേഹം പറഞ്ഞു.
മരുന്നിന്റെ കൂടുതൽ ക്ലിനിക്കൽ പരീക്ഷണത്തിനായി ആശുപത്രി അധികൃതർ ഇസ്രയേൽ ആരോഗ്യ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ കൂടുതൽ രോഗികൾക്കു ഇൻഹെയ്‌ലർ എത്തിക്കാനുള്ള ഒരുക്കത്തിലാണ് അബെറും സംഘവും.