hope-probe

അബുദാബി: യു.എ.ഇയുടെ ആദ്യ ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ 'ഹോപ് പ്രോബ്' ചൊവ്വയിലെത്തിയപ്പോൾ അതിന്റെ മുഴുവൻ ക്രെഡിറ്റും ഒരു സംഘം സ്ത്രീകൾക്കാണ്. 'ഹോപ് പ്രോബിന്റെ വിജയത്തിനായി രാപകൽ ഇല്ലാതെ പ്രയത്നിച്ചത് നൂതന സാങ്കേതികവിദ്യാ വകുപ്പ് മന്ത്രി സാറ ബിൻത് യൂസഫ് അൽ അമിരിയുടെ നേതൃത്വത്തിലുള്ള തരുണികളാണ്. ശാസ്‌ത്രേതര ജീവനക്കാരിലും 34 ശതമാനവും സ്ത്രീകളാണ്. 'ഞങ്ങളുടെ ശാസ്ത്രജ്ഞരുടെ ടീമിൽ 80 ശതമാനം സ്ത്രീകളുണ്ട് - സാറ പറയുന്നു.

ബഹിരാകാശ ഗവേഷണരംഗത്തെ പന്ത്രണ്ട് വർഷത്തെ പ്രവർത്തനത്തിനിടയിലോ മന്ത്രിയായതിന് ശേഷമോ ഇതുവരെ സ്ത്രീയെന്ന നിലയിൽ വെല്ലുവിളികളൊന്നും ഒന്നും തനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും സാറ പറയുന്നു. കഴിവു മാത്രം മാനദണ്ഡമാക്കി സാറ രൂപീകരിച്ച ദൗത്യസംഘത്തിലെ അംഗങ്ങളുടെ ശരാശരി പ്രായം 27 ആണ്. യോഗ്യതകൾ ധാരാളമുണ്ടെങ്കിലും ഹിജാബ് ധരിച്ചതിന്റെ പേരിൽ ലോകം ഞങ്ങളെ പിന്തള്ളിയിട്ടുണ്ട്. എന്നാലിപ്പോൾ അവർക്കെല്ലാം മുൻപിൽ ഞങ്ങൾക്ക് എന്തൊക്കെ സാധിക്കുമെന്ന് തെളിയിച്ചു' ഹോപ് പ്രോബിന്റെ അൾട്രാവയലറ്റ് സ്‌പെക്ട്രോമീറ്റർ വികസിപ്പിച്ച സംഘാംഗമായ കെമിക്കൽ എൻജിനിയർ ഫത്മ ലൂത ദൗത്യവിജയത്തിനു ശേഷം പറഞ്ഞു.

 നക്ഷത്രത്തെ സ്വപ്നം കണ്ട പെൺകുട്ടി

ചെറുപ്പം മുതൽ തന്നെ നക്ഷത്രവും ബഹിരാകാശവുമൊക്കെയായിരുന്നു സാറയുടെ മനസിൽ നിറഞ്ഞു നിന്നിരുന്നത്. 2004 ൽ ഹൈസ്‌കൂൾ പഠനത്തിന് ശേഷം അമേരിക്കൻ യൂണിവേഴ്‌സിറ്റി ഒഫ് ഷാർജയിൽ നിന്ന് കംപ്യൂട്ടർ എൻജിനിയറിംഗിൽ സാറ ബിരുദവും ബിരുദാനന്തരബിരുദവും നേടി. പിന്നീട് 2009ൽ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിൽ ജോലി ലഭിച്ചു. മാർസ് മിഷൻ ആരംഭിച്ചപ്പോൾ അതിന്റെ ഡെപ്യൂട്ടി പ്രോജക്ട് മാനേജരായി. മൂന്നു വർഷം മുൻപ് മന്ത്രിയുമായി. 2020 ആഗസ്റ്റ് മുതലാണ് യു.എ.ഇ സ്‌പേസ് ഏജൻസിയുടെ ചെയർവുമണായത്. യു.എ.ഇ കൗൺസിൽ ഒഫ് സയന്റിസ്റ്റ്‌സ് ചെയർവുമൺ കൂടിയാണ് സാറ. 2020 ലെ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളിൽ ഒരാളായി 34 കാരിയായ സാറയെ ബി.ബി.സി തിരഞ്ഞെടുത്തിരുന്നു.