
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ അമ്മയടക്കം 15 പേരെ പൊലീസ് അറസ്‌റ്റു ചെയ‌്തു. കേസിൽ നിരാഹാരത്തിലായിരുന്ന മൂന്നാർ സമര നേതാവ് ഗോമതിയടക്കമുള്ളവരെയാണ് പൊലീസ് അറസ്‌റ്റു ചെയ‌്ത് നീക്കിയത്. ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഗോമതിയെ അറസ്‌റ്റ് ചെയ‌്തത്. വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് അഞ്ചു ദിവസമായി ഗോമതി നിരാഹാര സമരത്തിലായിരുന്നു.
ഗോമതിയുടെ ആരോഗ്യനില വഷളാകുന്നെന്ന് അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് സമര സമിതി വിമർശനം ഉയർന്നിരുന്നു. ഗോമതിയുടെ നിരാഹാര സമരത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മുഖം തിരിക്കുകയാണെന്നായിരുന്നു സമര സമിതിയുടെ ആരോപണം. ഈ മാസം ആദ്യമാണ് സമരം ആരംഭിച്ചത്. ബിജെപി നേതാവ് കുമ്മനം രാജശേഖരനാണ് സമരം ഉദ്ഘാടനം ചെയ്‌തത്.
അതേസമയം കേസിൽ പ്രതിഷേധം കടുപ്പിക്കാൻ പെൺകുട്ടികളുടെ അമ്മയുടെ തീരുമാനാനം. തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് അവർ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് ഡിവൈഎസ്‌പി സോജനും എസ് ഐ ചാക്കോയ്‌ക്കുമെതിരെ നടപടി വേണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം.