
ദേവലോകത്ത് പ്രശ്നങ്ങളൊന്നുമില്ലാതെ സുഖമായി കഴിഞ്ഞുവന്നിരുന്ന ദേവന്മാർക്ക് അഭിമുഖീകരിക്കേണ്ടിവന്ന ഒരു വലിയ ദുരന്തമായിരുന്നു ദുർവാസാവ് മഹർഷിയുടെ 'ജരാനര"ശാപവും തുടർന്നുണ്ടായ പാലാഴി മഥനവും. പാലാഴി മഥനത്തിന് കടക്കോലായത് മന്ഥരപർവതവും കയറായത് നാഗരാജാവായ വാസുകിയും ആയിരുന്നു. പാലാഴി കടയാനുണ്ടായ സാഹചര്യവും എങ്ങനെ മന്ദര പർവതം കടക്കോലും വാസുകി കയറും ആയി ഭവിച്ചു എന്നതാണ് ഈ കഥയിലെ പ്രതിപാദ്യം.ദേവന്മാർക്ക് പണ്ട് സ്വർഗലോകത്ത് യാതൊരു പ്രയാസങ്ങളും നേരിടാതെ സുഖിച്ചു ജീവിക്കാനുള്ള ഭാഗ്യമുണ്ടായിരുന്നു. വാർദ്ധക്യമില്ല, രോഗങ്ങളില്ല, കുട്ടികളെ പരിചരിക്കേണ്ടതില്ല. സർവത്ര വിശ്രമം. പോരാത്തതിന് ആട്ടവും പാട്ടും മദ്യവും നൽകി രസിപ്പിക്കാൻ ഇഷ്ടംപോലെ അപ്സരസുകളും.
പ്രശ്നങ്ങളില്ലാത്ത സുഖജീവിതം ദുഃഖജീവിതത്തിന്റെ മുന്നോടിയാണെന്ന ബോധമൊന്നും അവർക്കില്ലായിരുന്നു. ഒരു ദിവസം സ്വർഗത്തിൽ മാത്രം ലഭിക്കുന്ന വിശേഷ സൗരഭ്യമുള്ള കുറെ വാടാപുഷ്പങ്ങളും കൊണ്ട് ഏതാനും അപ്സരസുകൾ ഒരു വിനോദയാത്ര പോയി. ഇടയ്ക്കൊരു ചെറിയ വിശ്രമവേളയിൽ കൈയിലിരുന്ന പുഷ്പങ്ങളുപയോഗിച്ച് അവർ ഒരുമാല കെട്ടിയുണ്ടാക്കി. വിശ്രമം കഴിഞ്ഞ് യാത്ര വീണ്ടും തുടങ്ങി. അന്നേരം അവർ കെട്ടിയ സുന്ദരമായ മാല ആർക്കെങ്കിലും കൊടുക്കണം എന്നവർക്ക് തോന്നി. ' മുറ്റത്തെ മുല്ലയ്ക്ക് മണമില്ല" എന്നുള്ളതുകൊണ്ട് ഈ മാല അവരുടെ പ്രഭു ആയ ദേവേന്ദ്രനു കൊടുക്കാൻ അവർക്ക് തോന്നിയില്ല. ഇങ്ങനെ മാലയും കൊണ്ടുപോകുന്ന വഴിയിൽ ദുർവാസാവ് മഹർഷിയെ കാണാനിടയായി. അപ്സരസുകൾ ഭവ്യത നടിച്ച് മാല മഹർഷിക്ക് നൽകി. മഹർഷിക്ക് അതിന്റെ ആവശ്യമില്ലെങ്കിലും സുന്ദരിമാരെ പിണക്കേണ്ടെന്നു കരുതി കൈയിൽ വാങ്ങി. അതിന്റെ പരിമളവും ഭംഗിയും തീരുമാനിച്ചു.
മഹർഷിയുടെ മനസിൽ പലരൂപങ്ങളും മിന്നിമറഞ്ഞു. ബ്രഹ്മാവ്, ശിവൻ, മഹാവിഷ്ണു, ദേവേന്ദ്രൻ,സുബ്രഹ്മണ്യൻ, ഗണപതി എന്നിങ്ങനെ ഒട്ടേറെ ദേവന്മാരെ പരിഗണിച്ചെങ്കിലും ഒടുവിൽ ദേവേന്ദ്രന് കൊടുക്കാൻ മഹർഷിക്ക് തോന്നി. മഹർഷി മാലയും കൊണ്ട് ദേവലോകത്തേക്ക് തിരിച്ചു. വഴിയിൽ ദേവേന്ദ്രൻ ആനപ്പുറത്ത് എതിരെ വരികയായിരുന്നു. ഉടനെ മാല അതർഹിക്കുന്ന പ്രാധാന്യത്തോടെ ദേവേന്ദ്രന് നൽകി. മാല കിട്ടിയ ദേവേന്ദ്രൻ അതിന്റെ ഭംഗിയും സൗരഭ്യവും ആസ്വദിച്ചശേഷം ആനയുടെ മസ്തകത്തിന് മുകളിൽ വച്ചശേഷം മഹർഷിയുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. മാലയിൽ നിന്നും വമിച്ച പരിമളം കാരണം വണ്ടുകൾ പറന്നെത്താൻ തുടങ്ങി. വണ്ടുകൾ മാലയിലും ആനയുടെ തലയിലും കണ്ണിലും ചെവിയിലും വായിലും ഒക്കെ മൂളിപ്പറന്നു കയറാൻ തുടങ്ങി. കുറേനേരം ആന ക്ഷമിച്ചെങ്കിലും അവയുടെ ശല്യം കൂടിയപ്പോൾ ആന തുമ്പികൈ കൊണ്ട് തലയിലിരുന്ന മാല വലിച്ചെടുത്ത് തറയിലിട്ട് ചവിട്ടിതേച്ച് നശിപ്പിച്ചു. ദുർവാസാവിന്റെ കൺമുന്നിലായിരുന്നു ഇതൊക്കെ സംഭവിച്ചത്.
മുൻകോപിയായ ദുർവാസാവിന് ഇതിൽപരം എന്തെങ്കിലും വേണോ? താൻ എത്രയും വിലപ്പെട്ടതെന്നു കരുതി സ്വീകരിച്ച പലരേയും ഒഴുവാക്കിയിട്ടാണ് ദേവേന്ദ്രന് കൊടുക്കാൻ തീരുമാനിച്ചത്. ആ ദേവേന്ദ്രൻ ആണ് ഇത്ര നിസാരമായി മാല കൈകാര്യം ചെയ്തത്. മഹർഷിയുടെ കണ്ണുകളിൽ നിന്നും കോപാഗ്നി തിളച്ചുപൊങ്ങി. അടുത്ത ശ്വാസത്തിൽ ' ദേവന്മാർക്ക് ജരാനര ബാധിക്കട്ടെ" എന്നു ശാപവും ഉണ്ടായി. മഹർഷിയുടെ ശാപം കേട്ട ദേവേന്ദ്രൻ തിരിച്ച് സ്വർഗത്തിലേക്ക് യാത്രയായി. സ്വർഗത്തിലെത്തിയ ദേവേന്ദ്രന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കുറച്ചു മുമ്പ് തന്നെ യാത്രയാക്കാൻ വന്ന ദേവന്മാരിലും അപ്സരസുകളിലും പലരും വൃദ്ധന്മാരും വൃദ്ധകളും ആയിരിക്കുന്നു. പലഭാഗത്തുനിന്നും ചുമയും കുരയും കേൾക്കുന്നു. പലരുടെ ശരീരങ്ങളിലും ഒടിവും ചതവും ഉണങ്ങാത്ത വൃണങ്ങളും. താൻ സ്വർഗത്തിലല്ലേ എത്തിയത്. ദേവേന്ദ്രന് സംശയമായി. എനിക്ക് തെറ്റിയാലും എന്റെ ആനയ്ക്ക് തെറ്റുകയില്ലല്ലോ? പതുക്കെപ്പതുക്കെ സ്ഥലകാല ബോധം വന്ന ദേവേന്ദ്രന് താൻ എത്തിയിരിക്കുന്നത് യഥാർത്ഥദേവലോകത്തുതന്നെയാണെന്നും മഹർഷിയുടെ ശാപത്തിന്റെ ഫലമായിരിക്കാം ഈ കാണുന്നതെന്നും ബോദ്ധ്യമായി.
(തുടരും)
(ലേഖകന്റെ ഫോൺ: 9447750159)