
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി നിയമിതനാകുന്ന ഡോ. വി.പി. ജോയി അറിയപ്പെടുന്നൊരു എഴുത്തുകാരനും പ്രഭാഷകനുമാണ്. ജോയ് വാഴയിൽ എന്ന പേരിൽ അദ്ദേഹം നിരവധി കവിതാസമാഹാരങ്ങളും നോവലുകളും രചിച്ചിട്ടുണ്ട്. നിലാനിർഝരി, ഋതുഭേദങ്ങൾ, മണൽ വരകൾ, നിമിഷജാലകം, രാമാനുതാപം, ശലഭയാനം, മാതൃവിലാപം, ഉപനിഷദ് കാവ്യതാലാവലി തുടങ്ങിയവയാണ് കാവ്യസമാഹാരങ്ങൾ. അറിവാഴം, ബന്ധനസ്ഥനായ ന്യായാധിപൻ എന്നിവ നോവലുകളും. താവോയിസത്തിന്റെ ജ്ഞാനപ്പാന, പ്രവാചകൻ, വെങ്കലരൂപിയായ അശ്വാരൂഢൻ എന്നീ വിവർത്തന ഗ്രന്ഥങ്ങളും പുറത്തിറക്കി. എസ്.കെ. പൊറ്റക്കാട് പുരസ്കാരം, പഴശ്ശിരാജ സാഹിത്യപ്രതിഭാ പുരസ്കാരം, അക്ഷയ സാഹിത്യ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് ബി.ടെക് ബിരുദവും ബർമിങ്ഹാം യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ ബിരുദവും നേടി. ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ നിന്ന് എം.ഫിലും ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. തിരുവനന്തപുരത്ത് വി.എസ്.എസ്.സിയിൽ എൻജിനിയറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1987ലാണ് സിവിൽ സർവീസ് നേടുന്നത്.