lng

ദോഹ: 29 ബില്യൻ ഡോളറിന്റെ നോർത്ത് ഫീൽഡ് ഈസ്റ്റ് പ്രൊജക്ടിൽ നിക്ഷേപം നടത്താൻ അന്തിമ തീരുമാനം കൈക്കൊണ്ട് ഖത്തർ പെട്രോളിയം. ഊർജ സഹമന്ത്രി സഅദ് ശെരിദ അൽ കഅബി, ഖത്തർ പെട്രോളിയം പ്രസിഡന്റും സി.ഇ.ഒയുമായ കസൂസി ഒക്കാവ, ചിയോഡ കോർപറേഷൻ സി.ഇ.ഒ അർനോദ് പീറ്റൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ലോകത്തെ ഏറ്റവും വലിയ ഓഫ്‌ഷോർ പ്രകൃതിവാതക കേന്ദ്രമാണ് നോർത്ത് ഫീൽഡ്. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്രവീകൃത പ്രകൃതി വാതക പദ്ധതിയാണ് ഇവിടെ ആരംഭിക്കാനിരിക്കുന്നതെന്ന് ഊർജകാര്യങ്ങൾക്കായുള്ള സഹമന്ത്രി സഅദ് ശെരീദ അൽ കഅബി പറഞ്ഞു. ഇന്നലെ നടന്ന ഒപ്പുവയ്ക്കൽ ചടങ്ങിലാണ് അന്തിമ നിക്ഷേപ പ്രഖ്യാപനം നടന്നത്. പദ്ധതി പൂർത്തിയായ ശേഷം, ഖത്തറിന്റെ പ്രതിവർഷ എൽ.എൻ.ജി ഉത്പ്പാദനം 77 ദശലക്ഷം ടണ്ണിൽ നിന്ന് 110 ദശലക്ഷം ടണ്ണാവും.

എൽ.പി.ജി, ഈഥെയിൻ, സൾഫർ, ഹീലിയം തുടങ്ങിയവയും പദ്ധതിയിൽ ഉത്പ്പാദിപ്പിക്കും. 2025 അവസാനത്തോടെ ഉത്പ്പാദനം ആരംഭിച്ചേക്കും. മൊത്തം ഉത്പ്പാദനം ദിവസം 1.4 ദശലക്ഷം ബാരൽ എണ്ണയ്ക്ക് തുല്യമാവും. 28.75 ബില്ല്യൻ ഡോളറാണ് നോർത്ത് ഫീൽഡ് ഈസ്റ്റ് പ്രൊജക്ടിന്റെ ആകെ ചെലവ്. പദ്ധതി ഖത്തറിന്റെ സാമ്പത്തിക വികസനത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.