
''മാധവൻ നായരുടെ കാളുണ്ടായിരുന്നു.""
അദ്ദേഹം പറഞ്ഞു:
''അയാൾ ജോലിസ്ഥലത്തെത്തിയിട്ടുണ്ടോ എന്നന്വേഷിച്ച് അജ്ഞാതഫോൺകോൾ വന്നത്രെ! ഫോൺ അയാൾ തന്നെയാണെടുത്തതെങ്കിലും ആരാണ് വിളിക്കുന്നതെന്ന് അന്വേഷിച്ച ഉടനെ ഫോൺ കട്ടായെന്നും പറഞ്ഞു..."
''അതുകൊണ്ടെന്താ?""
ഞാൻ ചോദിച്ചു.
'' അപ്പോൾ താങ്കളതു മറന്നോ! കഴിഞ്ഞ രണ്ടുതവണയും അയാളെ അന്വേഷിച്ച് ഫോൺ വന്ന ദിവസമാണ് വീട്ടിൽ കള്ളൻ കയറിയത്...""
അപ്പോഴാണ് മാധവൻനായർ പറഞ്ഞകാര്യം എനിക്കോർമ്മ വന്നത്.
''താങ്കൾ വല്ലതും കഴിച്ചതാണോ? ""
അദ്ദേഹം അന്വേഷിച്ചു.
''ഇല്ല... ""
''അതാ താങ്കൾക്കുള്ള ഫുഡ്! ഞാനിന്നു നേരത്തേ അത്താഴം റെഡിയാക്കാൻ പറഞ്ഞു... ഒമ്പതരയ്ക്കാണ് ട്രെയിൻ. താങ്കൾ വേഗം കഴിച്ച് റെഡിയാകൂ...""
അദ്ദേഹം തന്റെ തോൾബാഗിൽ യാത്രയ്ക്കാവശ്യമായ സാധനങ്ങൾ നിറയ്ക്കാൻ തുടങ്ങി. ഞാൻ പെട്ടെന്ന് കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ചു റെഡിയായി. അദ്ദേഹം മാധവൻ നായരെ മൊബൈലിൽ വിളിച്ചു.
'' ഒമ്പതുമണിക്കുള്ള ട്രെയിനിൽ കയറണം. ഞങ്ങൾ സ്റ്റേഷനിലുണ്ടാകും. അതേ വെസ്റ്റ് കോസ്റ്റ്.""
അപ്പുറത്തുനിന്നും കുറച്ചധികനേരം സംഭാഷണം നീണ്ടു.
''പാവത്തിന് ജോലി നഷ്ടപ്പെടുമെന്ന പേടി... ""
ഫോൺ കട്ട് ചെയ്ത് അദ്ദേഹം പറഞ്ഞു:
''അല്ലെങ്കിലും ആ ജോലി ഉടനെ അയാൾക്ക് നഷ്ടപ്പെടുമെന്നുറപ്പാണ്...""
''അതെന്താ? ""
''നിഗമനം! എന്റെ നിഗമനങ്ങൾ പലപ്പോഴും തെറ്റാറില്ലെന്ന് താങ്കൾതന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണല്ലോ...""
കണ്ണുകളിൽ കുസൃതിച്ചിരിയൊളിപ്പിച്ചുകൊണ്ട് അദ്ദേഹം എന്നെ നോക്കി.
''ഈ രാത്രി  വളരെ പ്രധാനമാണ്. ""
ക്ലോക്കിലേക്ക് ദൃഷ്ടികളയിച്ചുകൊണ്ട് ചില കണക്കുകൂട്ടലുകളോടെ അദ്ദേഹം പറഞ്ഞു:
'' ഭാഗ്യമുണ്ടെങ്കിൽ നാളെ താങ്കളുടെ  ടി.വി ചാനലിൽ ആഘോഷമായൊരു വാർത്തയുണ്ടാകും...""
അടച്ചുവച്ച ബാഗിന്റെ സ്വിച്ച് വലിച്ചുതുറന്ന് അദ്ദേഹം ഒരു പിസ്റ്റൾ പുറത്തെടുത്ത് എനിക്ക് നീട്ടി.
'' ഇത് സൂക്ഷിക്കണം! ചിലപ്പോൾ ആവശ്യം വരും...""
ഞാൻ തോക്കുവാങ്ങി തിരിച്ചും മറിച്ചും നോക്കി പാന്റ്സിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. അദ്ദേഹം ബാഗിന്റെ ഉൾപ്പോക്കറ്റിൽ നിന്നും പെൻ റൈഫിൾ പുറത്തെടുത്ത് പരിശോധിച്ചശേഷം ഷർട്ടിന്റെ ഇന്നർപോക്കറ്റിൽ തിരുകിവച്ചു. ഇസ്രയേൽ നിർമ്മിതമായ ആ അത്യന്താധുനികായുധം ഈയടുത്തകാലത്ത് അദ്ദേഹം സ്വന്തമാക്കിയതാണ്. മൊസാദിന്റെ ശേഖരത്തിലുള്ള ഒരു പേനയോളം മാത്രം വലിപ്പമുള്ള ആ തോക്ക് കൊണ്ട് അമ്പതുമീറ്റർ റെയ്ഞ്ചിലുള്ള എതിരാളിയെ അനായാസം വെടിവച്ചു വീഴ്ത്താൻ പറ്റും. ശബ്ദം ഉണ്ടാവുകയേ ഇല്ല.
അപകടം പതിയിരിപ്പുള്ള ഒരു ദൗത്യത്തിനാണ് ഞങ്ങൾ ഇറങ്ങിത്തിരിക്കുന്നതെന്ന് എനിക്ക് മനസിലായി. വണ്ടി അര മണിക്കൂർ വൈകിയാണ് എത്തിയത്. ഏറ്റവും പിറകിലുള്ള തിരക്ക് അധികമില്ലാത്ത സെക്കന്റ് ക്ലാസ് ചെയറിൽ ഞങ്ങൾകയറി. യാത്രയ്ക്കിടെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല.
''ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സ്ഥലം. എസ്.എച്ച്.ഒ എനിക്കറിയാവുന്ന ആളാണ്. രണ്ട് പൊലീസുകാരുമായി എത്താൻ ഞാൻ പറഞ്ഞിട്ടുണ്ട്. ""
ഇറങ്ങേണ്ട സ്റ്റേഷനിൽ വണ്ടി നിറുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. അധികം യാത്രക്കാരില്ലാത്ത ഇത്തരം സ്റ്റേഷനാണ് ചെറുവത്തൂർ. രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ അധികം വെളിച്ചമില്ലാത്ത ഒരിടത്തുനിന്ന് അദ്ദേഹം മാധവൻ നായരെ മൊബൈലിൽ വിളിച്ചു. അയാൾ പ്ലാറ്റ്ഫോമിന്റെ അങ്ങേത്തലയ്ക്കൽ നിന്നും തിടുക്കത്തിൽ നടന്നുവരുന്നത് ഞാൻ കണ്ടു.
''സാർ! പെട്ടെന്ന് വരാൻപറഞ്ഞതെന്ത്? എന്തെങ്കിലും കുഴപ്പമുണ്ടോ? ""
അടുത്തെത്തിയതും പരിഭ്രാന്തിയോടെ അയാൾ ചോദിച്ചു.
''ഭയപ്പെടാതിരിക്കൂ! എല്ലാ കുഴപ്പങ്ങൾക്കും അറുതിയുണ്ടാക്കാനാണ് ഞങ്ങളുടെ രാത്രിയിലുള്ള ഈ വരവ്... ""
അദ്ദേഹം അയാളെ ആശ്വസിപ്പിച്ചു.
''എന്റെ പരദേവതേ! അങ്ങനെയാണെങ്കിൽ സാറിന് നൂറ് പുണ്യം കിട്ടും!"" ആശ്വാസത്തിന്റെ നെടുവീർപ്പുതിർത്ത അയാൾ അടുത്തനിമിഷം തന്നെ ആകുലനുമായി: എന്തായാലും ജോലിയുടെ കാര്യം ഗോപി തന്നെ! ചോദിക്കാതെ സ്ഥലം വിട്ടുവെന്നറിഞ്ഞാൽ ആ നിമിഷം മുതലാളി എന്നെ പിരിച്ചുവിടും...
'' നിങ്ങൾ ടെൻഷനാകാതിരിക്കൂ! എല്ലാറ്റിനും വഴിയുണ്ടാകും...""
അദ്ദേഹം പിന്നെയും ആശ്വാസവാക്കുകൾ ആവർത്തിച്ചു. ഞങ്ങൾ നടക്കാൻ തുടങ്ങി.
പ്ലാറ്റ് ഫോമിലെ പൊടിയും പായലും പറ്റിപ്പിടിച്ച വിളക്കിൽനിന്നും അറച്ചറച്ചെത്തുന്ന മങ്ങിയവെട്ടം അവസാനിക്കുന്നിടത്തുനിന്നും അന്ധകാരം പരിസരത്തെ കൈയിലെടുത്തു തുടങ്ങി. പൃഥ്വീകാന്ത് തോൾസഞ്ചിയിൽ നിന്നും പെൻടോർച്ചെടുത്ത് തെളിച്ചു. ഞങ്ങളുടെ ആതിഥേയൻ വഴികാട്ടിയായി മുമ്പേ നടന്നു. നിരത്ത് അവസാനിക്കുന്നിടത്തുനിന്നും പാടവരമ്പത്തേക്കിറങ്ങാനൊരുങ്ങുമ്പോൾ തെല്ലകലെ ഏതാനും നിഴൽരൂപങ്ങൾ ടോർച്ചിന്റെ പ്രകാശത്തിലേക്കിറങ്ങിവരുന്നതു കണ്ടു. പൃഥ്വി അടയാളസൂചകമായി ഒരു ശബ്ദം പുറപ്പെടുവിച്ചപ്പോൾ മറുതലയ്ക്കൽ ഒരാൾ രണ്ടുപ്രാവശ്യം ചുമച്ചു.
''ഗുഡ് ഈവനിംഗ് ഗൈഡ്! വെൽകം ടു ഔവർ ടീം... ""
തിരിഞ്ഞുനോക്കാതെ പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പറഞ്ഞു.
ഞങ്ങൾ നടത്തം തുടർന്നു. തെല്ലുദൂരം പിന്നിട്ട് തിരിഞ്ഞുനോക്കിയപ്പോൾ നിഴലുകൾ പിന്നാലെയുണ്ടെന്ന് മനസിലായി.
'' പൊലീസ് സുഹൃത്തുക്കളാണ്...""
അദ്ദേഹം പതുക്കെ പറഞ്ഞു.
പിന്നീട് ആരും സംസാരിച്ചില്ല. മാധവൻനായർക്ക് പിറകിൽ ഇത്തിരി വട്ടത്തിൽ വെളിച്ചം വിതറുന്ന ടോർച്ചുമായി പൃഥ്വിയും അതിനു പിന്നാലെ അദ്ദേഹത്തിന്റെ നിഴലുപോലെ ഞാനും മഞ്ഞുവീണു കുതിർന്ന പുൽത്തലപ്പുകളിൽ ചവിട്ടി വയൽവരമ്പിലൂടെ നടന്നു. ഏറ്റവും പിറകിൽ മറ്റൊരു ടീമായി നടക്കുന്ന പൊലീസുകാരുടെ ബൂട്ടണിഞ്ഞ പാദങ്ങൾ മണ്ണിലമരുന്ന ശബ്ദം രാത്രിയുടെ കനത്തുകൊഴുത്ത നിശബ്ദതയിൽ പ്രേതാത്മക്കളുടെ കാലൊച്ചകൾ പോലെ തോന്നിച്ചു.
പത്തരമണിയോടെ ഞങ്ങൾ മാധവൻ നായരുടെ വീട്ടുപടിക്കലെത്തി. വീടും പരിസരവും കടന്ന് അങ്ങ് കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന വിജനമൂകതയും അന്ധകാരവും ഏതോ അജ്ഞാത ഭൂഖണ്ഡങ്ങളിലെത്തിച്ചേർന്ന പ്രതീതി എന്നിലുളവാക്കി. വീട്ടിലുള്ളവർ ഉറക്കം പിടിച്ചിരുന്നു. അയൽവീട്ടിലും വെളിച്ചമൊന്നുമില്ല. ഡിസംബറിന്റെ കുത്തിത്തുളക്കുന്ന തണുപ്പും രാത്രിയെ ആരോചകമാക്കിത്തീർത്തു. പൊലീസുകാർ എസ്.ഐ അടക്കം മൂന്നുപേരുണ്ടായിരുന്നു. മാധവൻ നായരെ സിറ്റൗട്ടിലിരുത്തി ഞങ്ങൾ വീടിനു പിറകിലുള്ള കൈതക്കാടിനു സമീപം ഒത്തുകൂടി. പൃഥ്വി പൊലീസുകാർക്ക് ചില നിർദ്ദേശങ്ങൾ നൽകി. മൂന്നുപേരും വീടിനു പുറമേ വ്യത്യസ്തസ്ഥാനങ്ങളിൽ നിലയുറപ്പിക്കണമെന്നും അപരിചിതരാണെങ്കിലും എത്തി വീടിനകത്തേക്ക് പ്രവേശിക്കാൻശ്രമിച്ചാൽ തടയരുതെന്നും തന്റെ നിർദ്ദേശം ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നും അവരെ പറഞ്ഞുമനസിലാക്കി. ഔദ്യോഗികജീവിതത്തിൽവഴിത്തിരിവുണ്ടാക്കുന്ന വലിയൊരു 'കോള്" വലയിൽ വീഴാൻ പോകുന്നുവെന്ന അറിവ് പൊലീസുകാരേയും ആവേശഭരിതരാക്കി.
ദൂരെ ട്രെയിൻ വരുന്ന ശബ്ദം കേട്ടു. ഇരുട്ടിന്റെ മാറിനെ നെടുകെ പിളർന്നുകൊണ്ട് കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളോടെ ഒരു കീറുവെളിച്ചമായി ഓടിക്കിതച്ചെത്തിയ വണ്ടി നിമിഷങ്ങൾക്കകം ഇരുളിൽ അലിഞ്ഞപ്രത്യക്ഷമായി.
പന്ത്രണ്ടുമണിവരെ പരിസരം നിരീക്ഷിച്ചുകൊണ്ട് വീടിനുചുറ്റും ഞങ്ങൾ കറങ്ങിനടന്നു. കൂടക്കൂടെ കടന്നുപോകുന്ന തീവണ്ടികളുടെ ബഹളവും നിശബ്ദതയെ കീറിമുറിക്കുന്ന ചീവീടുകളുടെ കരച്ചിലും മാത്രമാണ് രാത്രിയുടെ കൂട്ടിനുണ്ടായിരുന്നത്. ഒടുവിൽ പൊലീസിനെ പുറത്തുകാവലിരുത്തി ഞങ്ങൾ മൂന്നുപേരും അകത്തുകയറി. അകത്തുനിന്നും പൂട്ടിയ അടുക്കളവാതിൽ രണ്ടുമിനിട്ട് നേരം കൊണ്ട് പൃഥ്വി വിദഗ്ദ്ധമായി തുറന്നു. അതുകണ്ട് മാധവൻ നായർ അമ്പരന്ന് വാ പൊളിച്ചു നിൽക്കുന്നതുകണ്ട് എനിക്ക് ചിരി പൊട്ടി.
ഒച്ചയുണ്ടാക്കാതെ അടുക്കളയിൽ കയറി പൃഥ്വിയുടെ നിർദ്ദേശമനുസരിച്ച് വിറകും പാഴ്വസ്തുക്കളും കൂട്ടിയിട്ടിരിക്കുന്ന വിസ്താരം കുറഞ്ഞ തട്ടിൽ പിടിച്ചുകയറി ഇരിപ്പുറപ്പിച്ചു. അവിടെയിരുന്നാൽ പുറത്തേക്കുള്ള വാതിലും അടുക്കളയുടെ പകുതി ഭാഗവുംകാണാമായിരുന്നു.
സമയം ഒച്ചിനെപ്പോലെഇഴഞ്ഞുനീങ്ങി. ഇരുട്ട് അതിന്റെ അനിഷേധ്യമായആധിപത്യം സ്ഥാപിച്ച തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ വീർപ്പുമുട്ടലോടെ ഞങ്ങൾ ഇരുന്നു. ഈ സാഹസകൃത്യവും പതുങ്ങിയിരിപ്പും കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ പൃഥ്വീകാന്ത് ആസൂത്രണം ചെയ്തതായിരിക്കുമെന്ന് അറിയാമായിരുന്നെങ്കിലും അതെന്തിനാണെന്ന് യാതൊരു ഊഹവും എനിക്കോ നായർക്കോ ഉണ്ടായിരുന്നില്ല. അജ്ഞാതനായ ഏതോ അതിഥിയുടെ അസമയത്തുള്ള ആഗമനവും കാത്തെന്നവണ്ണം ഞങ്ങൾ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച് അസുഖകരമായ ആ ചുറ്റുപാടിൽ നിമിഷങ്ങളെണ്ണി കാത്തിരുന്നു.
രാമചന്ദ്രൻ നായർ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിതന്നെ! ഓരോ ട്രെയിൻ കടന്നുപോകുമ്പോഴും വീട് ഏതോ ഭീകരരൂപി കൈയിലെടുത്തു തട്ടിക്കളിക്കുന്നതുപോലെ അന്തരീക്ഷത്തിൽ തെന്നിക്കളിക്കുന്നതായി എനിക്ക് തോന്നി.
മിനിട്ടുകളും മണിക്കൂറുകളും മടുപ്പിക്കുന്നവിധം മന്ദഗതിയിൽ നീങ്ങി വണ്ടികൾ കടന്നുപൊയ്ക്കഴിയുമ്പോഴുള്ള ഇടവേളകളിൽ, അന്തമില്ലാതെ പരന്നുകിടക്കുന്ന ചതുപ്പിൽനിന്നും ഉയരുന്ന അജ്ഞാതജീവികളുടെ കരച്ചിൽ രാത്രിയെ കൂടുതൽ ഭീതിദമാക്കിതീർത്തു.
മണി ഒന്നടിച്ചു.
നിമിഷങ്ങൾക്ക് യുഗങ്ങളുടെ ദൈർഘ്യമുണ്ടെന്നു തോന്നി. ഓരോ മിനിറ്റ് പിന്നിടുമ്പോഴും കൈയിൽ കെട്ടിയഹൊണോർ ജി.എസ് പ്രൊ സ്മാർട്ട് വാച്ചിലേയ്ക്ക് ഞാൻ കണ്ണോടിക്കും. അങ്ങനെ നോക്കിയിരുന്ന് ഉറക്കം കൺപോളകളെ തഴുകാൻ തുടങ്ങുമ്പോൾ പെട്ടെന്നായിരിക്കും ഒരു ട്രെയിൻ കടന്നുപോവുക. അതോടെ ഞെട്ടിയുണരും. വീണ്ടും വാച്ചിലെ അക്കങ്ങൾ മാറിമറിഞ്ഞു പോകുന്നതുനോക്കിയിരിക്കും.
ഒരിയ്ക്കലും ഉറക്കമില്ലാത്ത മാധവൻ നായരെക്കുറിച്ചോർത്തപ്പോൾ എനിക്കത്ഭുതം തോന്നി. ഇതുപോലെ ഇഴഞ്ഞുനീങ്ങുന്ന നീണ്ടുനീണ്ട രാത്രികൾ അയാൾ എങ്ങൻെയായിരിക്കും തരണം ചെയ്യുന്നത്? നിദ്രയില്ലാത്ത സ്വപ്നങ്ങൾ അന്യമായ ഈ വിചിത്രമനുഷ്യന്റെ ജീവിതം ഒരു കെട്ടുകഥപോലെ തോന്നുന്നു.
സമയം 1.30.
മടുപ്പ് മകരമഞ്ഞിന്റെ കുളിരുപോലെ ശരീരകോശങ്ങളിലേക്ക് അരിച്ചുകയറാൻ തുടങ്ങി. പൃഥ്വി, പക്ഷേ ഓരോ നിമിഷവും എണ്ണിത്തിട്ടപ്പെടുത്തി, പറഞ്ഞുറപ്പിച്ചതനുസരിച്ച് ഒരാൾ വരാനുണ്ടെന്ന മട്ടിൽ കാതുകൂർപ്പിച്ചിരിക്കുകയായിരുന്നു. ഉച്ഛ്വാസവായുവിന്റെ നേർത്ത ശബ്ദം പോലും കേൾക്കാനില്ല. കല്പാന്തങ്ങളോളം ചിലപ്പോൾ അദ്ദേഹം തന്റെ ലക്ഷ്യത്തിനുവേണ്ടി അതേ ഇരിപ്പിരിക്കുമെന്ന് ആ ഏകാഗ്രത കണ്ടാലറിയാം.
ഒരു സിഗരറ്റ് ഉണ്ടെങ്കിൽ മടുപ്പ് അല്പമൊന്ന് മാറിക്കിട്ടുമെന്നു തോന്നിയഞാൻ മെല്ലെ പൃഥ്വിയുടെ തോളിൽ കൈവച്ചു. അപ്പോൾ അദ്ദേഹം എന്റെ കൈത്തലത്തിൽ അമർത്തി ശബ്ദിക്കരുതെന്നാംഗ്യം കാണിച്ചു. കാര്യം പിടികിട്ടാതെ ഞാൻ കുറെശ്ശെ പരിചയപ്പെട്ടുവരുന്ന ഇരുട്ടിലേക്ക് തുറിച്ചുനോക്കി. കാതോർത്തു. പുറത്ത് എന്തോ അനങ്ങുന്ന ശബ്ദം. ഞാൻ ശ്വാസം പിടിച്ചു.
'' ടിൽ"ശബ്ദത്തോടെ എന്തോ ഒടിയുന്നതുകേട്ടു.
''നമ്മൾ കാത്തിരുന്ന അതിഥി എത്തിക്കഴിഞ്ഞു. ജാലകക്കൊളുത്ത് ഒടിഞ്ഞുവീഴുന്ന ശബ്ദം... ""
പൂച്ചയെപ്പോലെ കാതോർത്തുകൊണ്ട് അദ്ദേഹം മന്ത്രിച്ചു. മാധവൻനായരുടെ തണുത്തുറഞ്ഞ കൈത്തലങ്ങൾ എന്റെ കൈത്തണ്ടയിൽ വട്ടം പിടിച്ചു. അയാൾ ഭയന്നുവിറച്ചിരിക്കുകയാണെന്നെനിക്ക് മനസിലായി. വാതിൽ മെല്ലെ തുറക്കുന്ന 'കിർർർ..." ശബ്ദം. അതിനുപിന്നാലെ പാമ്പിന്റെ സീൽക്കാരം പോലെ ഒരൊച്ചയും ഉയർന്നു. പൃഥ്വി കാത് കൂർപ്പിച്ചു.
പൊടുന്നനെ അതിരൂക്ഷമായ ഒരു ഗന്ധം ചുറ്റും വ്യാപിച്ചു. മനം പിരട്ടുന്ന നാസാരന്ധ്രങ്ങളെ തുളച്ചുകീറുന്ന വന്യമായ ഗന്ധം...
''മൂക്ക് പൊത്തിപ്പിടിക്കൂ; ഇറ്റ്സ് ഡെയിഞ്ചറസ്!" പൃഥ്വി മുന്നറിയിപ്പ് നൽകി. ഞങ്ങൾ വായും മൂക്കും പൊത്തിപ്പിടിച്ചു. സാവധാനം ശ്വാസം വിട്ടും സൂക്ഷ്മതയോടെ വലിച്ചും രണ്ടുമൂന്ന് മിനിട്ട് അതേയിരിപ്പിരുന്നു. പിന്നീട് ഗന്ധമൊഴിഞ്ഞെന്നു ബോദ്ധ്യം വന്നശേഷമാണ് കൈയെടുത്തത്.
വാതിലിനപ്പുറം കാൽപ്പെരുമാറ്റം കേട്ടു. ഞങ്ങൾ വീണ്ടും ശ്വാസമടക്കിപ്പിടിച്ചു. അപ്പോൾ അടച്ചിട്ട വാതിൽതുറന്ന് കറുത്ത ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ആസകലം കറുത്തതുണികൊണ്ട് പൊതിഞ്ഞുമൂടിയ ഒരാൾ. ഇരുട്ടിനേക്കാൾ കറുപ്പുണ്ടെന്നു തോന്നി ആ രൂപത്തിന്.
അത് സാവധാനം നടന്നുപോയി അടുക്കളവാതിൽ തുറന്നു പുറത്തേക്ക് നോക്കിയശേഷം വീണ്ടും വന്നവഴിയേ തിരിഞ്ഞു അടുത്തമുറിയിൽ കയറി വാതിലടച്ചു.
നമ്മുടെ വീട്ടുടമ ആ രൂപത്തെകണ്ടതും പേടിച്ചുവിറച്ചു വാ പൊളിച്ചു. അടുത്തുള്ള എന്നെ ഇറുകെ പിടിച്ച് നിലവിളിക്കാനൊരുങ്ങിയതും ഞങ്ങൾ അയാളുടെ വായ് പൊത്തിപ്പിടിച്ചു.
ശബ്ദിക്കരുതെന്ന് അദ്ദേഹം ആജ്ഞനൽകി. അയാളുടെ വിറ അടങ്ങുന്നില്ലെന്ന് കണ്ടപ്പോൾ പൃഥ്വി തോൾസഞ്ചിയിൽ കരുതിയ കുപ്പിവെള്ളം എടുത്തുകൊടുത്തു. തണുത്തവെള്ളം അകത്തുചെന്നപ്പോൾ അയാൾ ഒന്നടങ്ങി. വീണ്ടും നിശബ്ദത. അടുത്തമുറിയിൽ അനക്കമൊന്നുമില്ല ഞാൻ പൃഥ്വിയെ തോണ്ടിയപ്പോൾ അദ്ദേഹം കൈയെയർത്തി കാത്തിരിക്കാനാവശ്യപ്പെട്ടു. അടുത്ത ട്രെയിന്റെ ശബ്ദം കേൾക്കുന്നതുവരെ അതേ ഇരിപ്പിരിക്കേണ്ടിവന്നു. ദൂരെ വണ്ടിയുടെ ഹോണും ഇരമ്പലും കേട്ട അതേനിമിഷം അടുത്തമുറിയിൽ ഏതോ ലോഹദണ്ഡ് നിലത്തമരുന്ന ശബ്ദം ഉയർന്നു. ട്രെയിൻ അടുത്തപ്പോൾ തറയിൽ ആഞ്ഞുവെട്ടുന്നതിന്റെ ശബ്ദം കേൾക്കായി. പൃഥ്വി പെട്ടെന്ന് നിലത്തേക്കൂർന്നിറങ്ങി അടച്ചിട്ട വാതിൽ അല്പം തള്ളിത്തുറന്ന് വിടവിലൂടെ അകത്തേക്ക് നോക്കുന്നത് കണ്ടു.
ട്രെയിൻ ശബ്ദം അകന്നുപോയതോടെ അകത്തുനിന്നുള്ള ശബ്ദവും നിലച്ചു. വീണ്ടും കനത്ത മൂകത അന്തരീക്ഷത്തെ കരിമ്പടം പുതപ്പിച്ചു. പൃഥ്വി വാതിലിനുപിറകിൽ പതുങ്ങി അയാളോട് തൽസ്ഥാനത്തുതന്നെ ഇരിക്കാനാവശ്യപ്പെട്ടു. അകത്ത് തീപ്പെട്ടിക്കോലുരയുന്ന ശബ്ദം. ചാരിയിട്ട വാതിൽപ്പാളികൾക്കിടയിൽ ചിറകുവിരിച്ചുനിന്ന ഇരുട്ടിനെ വെളിച്ചം നക്കിത്തുടച്ചെടുത്തു. സുമാർ പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ വടക്കുനിന്നും തീവണ്ടിയുടെ ഇരമ്പം കേൾക്കായി അടുത്തക്ഷണത്തിൽ ആയുധം തറയിൽ പതിക്കുന്ന ശബ്ദവും ഉയർന്നു.
അയാൾ തറയിൽ കുഴിക്കുകയാണെന്ന് എനിക്ക് മനസിലായി. ശബ്ദം പുറമേ കേൾക്കാതിരിക്കാൻ വേണ്ടിയാണ് ട്രെയിൻ വരാൻ കാത്തിരിക്കുന്നത്. എന്തിനായിരിക്കും ഈ പാതിരാനേരത്ത് അന്യനൊരുത്തന്റെ വീടിനകം അയാൾ കിളച്ചുമറിക്കുന്നത്? വിലപ്പെട്ട വല്ലതും അകത്ത് കുഴിച്ചിട്ടുണ്ടാകുമോ? ഞാൻ നായരുടെ കാതിൽ മുഖം ചേർത്ത്, അകത്തെന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്ന് ചോദിച്ചെങ്കിലും അയാൾ ഒന്നുമറിയാത്തതുപോലെ കൈമലർത്തുകയാണ് ചെയ്തത്.
രണ്ട് ട്രെയിനുകൾ പിന്നെയും കടന്നുപോയി. അപ്പോഴൊക്കെയും കുഴിക്കലും തുടർന്നു. ക്രമേണ കുഴിക്കുന്നതിന്റെ ശബ്ദം നേർത്തുവരികയും വണ്ടികൾ കടന്നുപോയിട്ടും കിളക്കുന്നത് തുടരുകയും ചെയ്തു. തറയുടെ സിമന്റിട്ട ഭാഗം കുഴിച്ചു കഴിഞ്ഞിരുന്നു. അതാണ് ശബ്ദത്തിൽ മാറ്റം. അരമണിക്കൂർ കഴിഞ്ഞു. പൃഥ്വി താഴെയിറങ്ങാൻ എനിക്ക് നിർദ്ദേശം നൽകി.ശബ്ദമുണ്ടാക്കാതെ പാത്രങ്ങളും അടുക്കളസാമാനങ്ങളും അടുക്കിവച്ച തട്ടിനുമുകളിൽ കാലെടുത്തുവച്ച് ഞാൻ ഇറങ്ങി. മാധവൻ നായരോട് അവിടെതന്നെ തുടരാൻ ആവശ്യപ്പെട്ടശേഷം വാതിലിനരികിലെത്തി പഴുതിലൂടെ അകത്തേയ്ക്കിറങ്ങി നോക്കി. കിളക്കുന്ന ശബ്ദം അവസാനിച്ചിരുന്നു. മെഴുകുതിരി വെട്ടത്തിൽ പുറം തിരിഞ്ഞുനിന്ന് ആ രൂപം തറയിലെ മണ്ണ് മാറ്റുകയാണ്.