nadeem

ചെന്നൈ : ഇംഗ്ളണ്ടിനെതിരായ ആദ്യടെസ്റ്റിൽ തീർത്തും നിരാശപ്പെടുത്തിയ സ്പിന്നർ ഷഹ്ബാസ് നദീമിനെ 13ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയേക്കും. അക്ഷർ പട്ടേലിന് പരിക്കേറ്റതിനാലാണ് റിസർവ് അംഗമായി കരുതിയിരുന്ന ഷഹ്ബാസിനെ ആദ്യ ടെസ്റ്റിന് തൊട്ടുമുമ്പ് പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത്.രണ്ടാം ടെസ്റ്റിൽ അക്ഷർ തന്നെ കളിക്കുമെന്നാണ് വിവരം. പരിക്ക് ഭേദമായിത്തുടങ്ങിയ അക്ഷർ ഇന്നലെ നെറ്റ്സിൽ പന്തെറിയാനെത്തിയിരുന്നു.

ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലായി 59 ഓവറുകൾ എറിഞ്ഞ നദീം നാലുവിക്കറ്റ് വീഴ്ത്തിയിരുന്നെങ്കിലും 233 റൺസാണ് വഴങ്ങിയത്.ആദ്യ ഇന്നിംഗ്സിൽ ഇംഗ്ളണ്ട് മികച്ച സ്കോർ ഉയർത്തിയതിൽ നദീമിന്റെ നിലവാരമില്ലാത്ത ബൗളിംഗിനും പങ്കുണ്ടായിരുന്നു.ഒൻപത് നോബാളുകളാണ് നദീം എറിഞ്ഞത്.

അതേസമയം ആസ്ട്രേലിയൻ പര്യടനത്തിലും അവസരം നൽകാതിരുന്ന സ്പിന്നർ കുൽദീപിന് ഇന്ത്യൻ പിച്ചുകളിലെങ്കിലും അവസരം നൽകണമെന്ന് ചില മുൻകാല താരങ്ങൾ ആവശ്യമുയർത്തിയിട്ടുണ്ട്. അശ്വിൻ-കുൽദീപ് കൂട്ടുകെട്ട് മുൻകാലത്ത് ഇന്ത്യയുടെ ഹോംമാച്ചുകളിൽ മികച്ച പ്രകടനം നടത്തിയത് അവർ ചൂണ്ടിക്കാട്ടുന്നു.