
കൊല്ലം: നോർക്ക റൂട്ട്സ് ഡയറക്ടറും പ്രവാസി വ്യവസായിയുമായ രവി പിള്ളയ്‌ക്കെതിരെ സമരം ചെയ്യാൻ തലസ്ഥാനത്തേക്ക് യാത്ര തിരിച്ച പ്രവാസി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എൻഎസ്എച്ച് കോർപ്പറേഷനിൽ നിന്ന് പുറത്താക്കപ്പെട്ട അൻപത്തിയാറോളം പേരെ കൊല്ലം ചിന്നക്കടയിൽവെച്ച് ബസ് അടക്കം പൊലീസ് തടയുകയായിരുന്നു. 20 വർഷത്തിലേറെ സർവ്വീസുണ്ടായിരുന്ന തങ്ങളെ യാതൊരു ആനുകൂല്യവും നൽകാതെ രവി പിള്ള കൊവിഡ് കാലത്ത് പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കാൻ ഇറങ്ങിയതായിരുന്നു തൊഴിലാളികൾ.
തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത് സംഘർഷം ഒഴിവാക്കാൻ ആണെന്നായിരുന്നു പൊലീസിന്റെ ആദ്യ വിശദീകരണം. പ്രതിഷേധിക്കാൻ യാത്ര തുടങ്ങിയപ്പോഴേക്കും കസ്റ്റഡിയിൽ വെച്ചെന്ന് ചൂണ്ടിക്കാട്ടി വിമർശനമുയർതോടെ പൊലീസ് കൂടുതൽ വിശദീകരണവുമായി രംഗത്തെത്തി. രവി പിള്ളയുടെ വീട്ടിലേക്ക് മാർച്ച് നടത്തുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇത് തൊഴിലാളികൾ നിഷേധിച്ചിട്ടുണ്ട്.
സമരക്കാരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽ നാടൻ പൊലീസ് സ്റ്റേഷനിലെത്തി. തൊഴിലാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സ്റ്റേഷനുള്ളിൽ കുത്തിയിരിപ്പ് സമരം നടത്തി. തൊഴിലാളികളെ അറസ്റ്റ് ചെയ്തത് ഈ നാട് മുതലാളിമാർ ഭരിക്കുന്നതിന്റെ സൂചനയാണ്. ഇവരെ പൊലീസ് വഴിയിൽ തടഞ്ഞ് കസ്റ്റഡിയിലെടുത്ത് സമരം പൊളിച്ചുകൊടുത്തെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പേരിൽ സൗദി കമ്പനി എൻഎസ്എച്ച് കോർപറേഷൻ നിയമപരമായ ആനുകൂല്യങ്ങളൊന്നും നൽകാതെ പിരിച്ചുവിട്ടെന്ന് ചൂണ്ടിക്കാട്ടി 12 സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം തൊഴിലാളികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പരാതി നൽകിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ 11 മുഖ്യമന്ത്രിമാർ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസി എന്നിവിടങ്ങളിലും നാല് മാസം മുൻപേ പരാതി നൽകി. കേന്ദ്രസംസ്ഥാന സർക്കാരുകളെ പരാതി ബോധിപ്പിച്ചിട്ടും അനുകൂല നടപടികളുണ്ടാകാത്തതിനെത്തുടർന്നാണ് പ്രവാസി തൊഴിലാളികൾ പ്രത്യക്ഷ സമരത്തിനിറങ്ങാൻ തീരുമാനിച്ചത്.
ജനുവരി മുപ്പതിന് കൊല്ലത്തുള്ള രവി പിള്ളയുടെ ഓഫീസിന് പുറത്ത് 163 തൊഴിലാളികൾ ധർണ നടത്തിയിരുന്നു. രണ്ടാം ഘട്ടമെന്ന നിലയിൽ സെക്രട്ടേറിയേറ്റിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ചാണ് പൊലീസ് ഇന്ന് വഴിയിൽ വെച്ച് തടഞ്ഞത്. സെക്രട്ടറിയേറ്റ് മാർച്ചിന് ശേഷവും നീതി ലഭിച്ചില്ലെങ്കിൽ രവി പിള്ളയുടെ കൊല്ലത്തെ വസതിയ്ക്ക് മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചിരുന്നു.
അതേസമയം എൻഎസ്എച്ച് എന്ന സ്ഥാപനവുമായി രവിപ്പിളളയ്ക്ക് ഒരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി ആർപി ഗ്രൂപ്പ് രംഗത്തെത്തി. രവി പിള്ള 2014 വരെ സൗദിയിലെ എൻഎസ്എച്ച് എന്ന സ്ഥാപനത്തിന്റെ പദവി വഹിച്ചിരുന്നു. എന്നാൽ അതിനുശേഷം ഈ സ്ഥാപനവുമായി അദ്ദേഹത്തിന് ഒരു ബന്ധമില്ലെന്നും ആർപി ഗ്രൂപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.