trapped-in-an-island

ഹവാന: അഞ്ചാഴ്ചയോളം ഒറ്റപ്പെട്ട ദ്വീപിൽ പെട്ടുപോയ മൂന്നംഗ സംഘത്തിന് ഒടുവിൽ മോചനം. 33 ദിവസത്തോളമാണ് മൂന്നംഗസംഘം ക്യൂബയ്ക്ക് സമീപമുള്ള ബഹാമിയൻ ദ്വീപിൽ കുടുങ്ങിയത്. ബോട്ട് മുങ്ങിയതോടെ ഈ ദ്വീപിൽ രക്ഷ പ്രാപിക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്.ക്യൂബയ്ക്കും കീ വെസ്റ്റിനും ഇടയിലുള്ള ആൻഗ്വില കേയിലാണ് ക്യൂബൻ സ്വദേശികളായ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഒറ്റപ്പെട്ടു പോയത്. കഴിഞ്ഞ ചൊവ്വാഴ്ച യു.എസ് തീരസംരക്ഷണസേനയാണ് ഇവരെ രക്ഷപെടുത്തിയത്. ദ്വീപിൽ നിന്നു ലഭിച്ച തേങ്ങ കഴിച്ചാണ് ഇത്രയും ദിവസം ഇവർ ജീവൻ നിലനിറുത്തിയതെന്നാണ് റിപ്പോർട്ടുകൾ.

വളരെ അപൂർവമായാണ് ഇത്ര ദിവസത്തിനു ശേഷം ആളുകളെ ദ്വീപിൽ നിന്നു രക്ഷപെടുത്തുന്നതെന്നാണ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ ബ്രാൻഡൺ മുറേയ് പറയുന്നത്. പട്രോളിംഗിനിടെ ദ്വീപിൽ നിന്ന് ആരോ കൊടി വീശുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ദ്വീപിൽ ആരോ ഉണ്ടെന്ന വിവരം ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ദ്വീപിനോടു ചേർന്ന് നിരീക്ഷണം നടത്തിയപ്പോൾ സംഘത്തെ കണ്ട ഉദ്യോഗസ്ഥർ ഇവർക്ക് ഉടൻ തന്നെ ഭക്ഷണവും വെള്ളവും ഒരു റേഡിയോയും എത്തിച്ചു നൽകി. പിന്നീട് കൂടുതൽ സന്നാഹങ്ങളുമായി എത്തി ഇവരെ ഹെലികോപ്റ്ററിൽ ഇവിടെ നിന്നു രക്ഷിച്ചതായി അധികൃതർ പറഞ്ഞു.ആരോഗ്യം തൃപ്തികരമാണെങ്കിലും ലോവർ കീസ് മെഡിക്കൽ സെന്ററിൽ ചികിത്സയിലാണിവർ.