
ലക്‌നൗ: സ്വവർഗാനുരാഗി എന്നത് ഒരാളെ ജോലിയിൽ നിന്ന് പിരിച്ചു വിടാനുള്ള മതിയായ കാരണമല്ലെന്ന സുപ്രധാന വിധി പ്രഖ്യാപനവുമായി അലഹബാദ് ഹൈക്കോടതി. ഒരാളുടെ ലൈംഗികത ആ വ്യക്തിയുടെ സ്വകാര്യ കാര്യമാണെന്നും സ്വകാര്യത അയാളുടെ അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിൽ ജോലി ചെയ്തു വരികയായിരുന്ന ഹോം ഗാർഡുമായി ബന്ധപ്പെട്ടാണ് കേസ്.
സ്വവർഗാനുരാഗിയായതിനാലാണ് അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. ഇത് ഹൈക്കോടതി തടയുകയും അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുക്കാൻ ഉത്തരവിടുകയും ചെയ്തു.
2019 ൽ തന്റെ പങ്കാളിക്കൊപ്പമുള്ള വീഡിയോ പുറത്തായതിനെത്തുടർന്നാണ് ഹോം ഗാർഡിന്റെ ജില്ലാ കമാൻഡന്റ് 2019 ജൂണിൽ ജോലിയിൽ നിന്ന് പുറത്താക്കിയത്. വഴിവിട്ട പ്രവർത്തികൾ മൂലമാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടതെന്നാണ് വാദം. പുറത്താക്കൽ ഉത്തരവ് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ഏതൊരു വ്യക്തിക്കും തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും പങ്കാളിയെ തിരഞ്ഞെടുക്കുന്നത് അയാളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ പരിധിയിൽ വരുന്നതാണെന്നും സുപ്രീം കോടതി വിധിച്ചിരുന്നു.