koo-

ന്യൂഡൽഹി : കാർഷിക സമരത്തിന്റെ പശ്ചാത്തലത്തിൽ 1178 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശം നിരാകരിച്ച ട്വിറ്ററിനെതിരെ പുതിയ നീക്കവുമായി കേന്ദഗ്രസർക്കാർ . ട്വിറ്ററിന് ബദലായുള്ള തദ്ദേശിയ ആപ്പായ കൂവിൽ ചേരാൻ ബി.ജെ.പി നേതാക്കൾ ആഹ്വാനം ചെയ്തു.. ട്വിറ്ററിലൂടെ തന്നെയാണ് പുതിയ ആപ്പിൽ ചേരാൻ നേതാക്കൾ ആഹ്വാനം ചെയ്യുന്നത്.. നടി കങ്കണ റണാവത്ത് കൂ ആപ്പിൽ ചേരുന്നതായി അറിയിച്ചു. ട്വിറ്ററിനെതിരായ വിമർശനം സർക്കാർ കൂ ആപ്പിൽ പോസ്റ്റ് ചെയ്തു.

അഭിപ്രായ സ്വാതന്ത്ര്യത്തിലും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള പൗരൻമാരുടെ അവകാശത്തിലും നിലപാട് വ്യക്തമാക്കിയതോടെയാണ് ട്വിറ്ററിനെതിരെയുള്ള പുതിയ നീക്കം.. ചർച്ച നടന്നുകൊണ്ടിരിക്കേ ട്വിറ്റർ നടത്തിയ പ്രതികരണം അസാധാരണമാണെന്നായിരുന്നു കേന്ദ്ര ഐ..ടി മന്ത്രാലയം പ്രതികരിച്ചത്. സർക്കാരുമായി ചർച്ചക്ക് ട്വിറ്റർ സമയം തേടിയിരുന്നു. ഐടി സെക്രട്ടറി ട്വിറ്റർ പ്രതിനിധികളെ കാണാനിരിക്കുമ്പോഴാണ് പ്രതികരണമെന്നും ഇത് അസാധാരണമാണെന്നും മന്ത്രാലയം വിശദീകരിച്ചു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു, പാകിസ്ഥാൻ ഖലിസ്ഥാൻ ബന്ധം എന്നിവ ചൂണ്ടിക്കാട്ടി 1178 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന സർക്കാരിന്റെ ആവശ്യത്തിൽ ഒരു വിഭാഗം അക്കൗണ്ടുകൾ മാത്രമാണ് ട്വിറ്റർ മരവിപ്പിച്ചത്. നടപടിക്ക് വിധേയമായ അക്കൗണ്ടുകൾ ഇന്ത്യക്ക് പുറത്ത് ലഭ്യമാകുമെന്നും ട്വിറ്റർ പറഞ്ഞു. മാധ്യമസ്ഥാപനങ്ങൾ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ , ആക്ടിവിസ്റ്റുകൾ എന്നിവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കില്ല, അത് ഇന്ത്യയിലെ തന്നെ അഭിപ്രായസ്വാതന്ത്ര അവകാശത്തിന് വിരുദ്ധമാണെന്നും ട്വിറ്റർ വ്യക്തമാക്കി.