
നിലമ്പൂർ: മർദ്ദനത്തിലേറ്റ ഗുരുതര പരിക്കുകളോടെയും ഭക്ഷണം ലഭിക്കാതെയും മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ ആറും നാലും വയസുള്ള കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശികളായ അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം കഴിഞ്ഞിരുന്ന കുട്ടികളെയാണ് മമ്പാട്ടെ സ്വകാര്യ കെട്ടിടത്തിൽ കണ്ടെത്തിയത്. രണ്ടുപേരും തീരെ അവശരായിരുന്നു. രക്ഷിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മാതാവ് മരിച്ച ശേഷം പിതാവ് വേറെ വിവാഹം കഴിച്ചതാണ്.കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിലാക്കി.ആറു വയസുള്ള പെൺകുട്ടിയുടെ രണ്ടുകണ്ണുകളും മർദ്ദനമേറ്റ് വീങ്ങിയിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും ചട്ടുകം ചൂടാക്കിപ്പൊള്ളലേൽപ്പിച്ച പാടുകളുണ്ട്. നാലു വയസുകാനും ശരീരമാകെ പരിക്കുണ്ട്. കുട്ടികളെ മുറിയിൽ പൂട്ടിയിട്ടശേഷമാണ് രക്ഷിതാക്കൾ പതിവായി ജോലിക്ക് പോയിരുന്നത്.
ഇന്നലെ രാവിലെ 10.30ഓടെ അടുത്ത മുറിയിലെ ബംഗാൾ സ്വദേശിയാണ് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചത്. മമ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ഉമൈമത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ജീവനക്കാർ, നാട്ടുകാർ തുടങ്ങിയവർ സ്ഥലത്തെത്തി. രക്ഷിതാക്കളെ തൊഴിൽസ്ഥലത്തുനിന്ന് വിളിച്ചുവരുത്തി പൊലീസിന് കൈമാറി.ക്രൂരമായരീതിയിലാണ് കുട്ടികളോട് രക്ഷിതാക്കൾ പെരുമാറിയതെന്നും ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ കഴിഞ്ഞതായി സംശയിക്കുന്നുണ്ടെന്നും ഉമൈമത്ത് പറഞ്ഞു. പലപ്പോഴും തുറന്നുകിടക്കാറുണ്ടായിരുന്ന ജനലിലൂടെ അയൽവാസികളാണ് ഭക്ഷണം നൽകിയിരുന്നത്. കുട്ടികളുടെ മൊഴി പൊലീസ് പിന്നീട് രേഖപ്പെടുത്തും.
സംരക്ഷണം ഏറ്റെടുക്കും
കുട്ടികളുടെ സംരക്ഷണം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തതായി കുട്ടികളെ ആശുപത്രിയിൽ സന്ദർശിച്ചശേഷം കമ്മിറ്റി ചെയർമാൻ ഷാജേഷ് ഭാസ്‌കർ പറഞ്ഞു. ഡിസ്ചാർജ് ചെയ്താലുടൻ കുട്ടികളെ മലപ്പുറത്തെ ശിശു പരിപാലന കേന്ദ്രത്തിലേക്ക് മാറ്റും. സുരക്ഷ, വിദ്യാഭ്യാസം എന്നിവ നോക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരിക്കും പ്രതികൾക്കെതിരെ കേസെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ കുട്ടികളെ പരിചരിക്കാൻ രണ്ടു പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.