
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുന്ന കേന്ദ്രസർക്കാരിനെതിരെയുള്ള സമരം കൂടുതൽ ശക്തമാക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു.. ട്രാക്ടർ റാലിക്കും റോഡ് തടയൽ സമരത്തിന് ശേഷം ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരം നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ചു. ഫെബ്രുവരി പതിനെട്ടിന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാല് വരെ നാലുമണിക്കൂർ മ ട്രെയിൻ തടയൽ സമരം നടത്തുമെന്നാണ് സംയുക്ത കിസാൻ മോർച്ച അറിയിച്ചിരിക്കുന്നത്.
സമരം ശക്തിപ്പെടുത്താനായി നാല് പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്ന് സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിന് ശേഷം കർഷക നേതാവ് ഡോ. ദർശൻപാൽ പറഞ്ഞു. ഫെബ്രുവരി 12 മുതൽ പഞ്ചാബ്, ഹരിയാന മാതൃകയിൽ രാജസ്ഥാനിലെ എല്ലാ റോഡുകളിലും ടോൾ പ്ലാസകൾ ഉപരോധിക്കും. പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരമർപ്പിച്ച് ഫെബ്രുവരി 14ന് മെഴുക്തിരി റാലി നടത്തും. 16ന് ഛോട്ടുറാം ജൻമദിന വാർഷികം സംഘടിപ്പിക്കും. പതിനെട്ടിന് ഉച്ചയ്ക്ക് 12മുതൽ നാലുവരെ ദേശവ്യാപകമായി ട്രെയിൻ തടയുെന്ന് അദ്ദേഹം പറഞ്ഞു.