
ന്യൂഡൽഹി:സമരജീവികൾ കർഷകസമരത്തിന്റെ പവിത്രത ഇല്ലാതാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമങ്ങൾ കൊണ്ടുവന്നത് കാർഷിക രംഗത്തിന്റെ മാറ്റത്തിനായാണ്. ഇന്ത്യയ്ക്ക് പരിഷ്‌ക്കാരങ്ങളിൽ നിന്ന് മാറി നിൽക്കാനാവില്ല. സ്വകാര്യനിക്ഷേപം വികസനത്തിന് ആവശ്യമാണ്. പുതിയ നിയമം ഉള്ള അവകാശങ്ങൾ ഒന്നും കവരുന്നില്ല. മാറ്റങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് ഭയന്ന് പിൻമാറില്ലെന്നും മോദി ലോക്സഭയിൽ പറഞ്ഞു.
കർഷകരെ അനുനയിപ്പിക്കാൻ ശ്രമിച്ചും പ്രതിപക്ഷത്തെയും സമരത്തിലിടപെടുന്ന സാമൂഹികപ്രവർത്തകരെയും കടന്നാക്രമിച്ചുമായിരുന്നു പ്രധാനമന്ത്രി ലോക്സഭയിൽ സംസാരിച്ചത്. ഇതുവരെ പ്രചരിപ്പിച്ച കള്ളം മറയ്ക്കാനാണ് പ്രതിപക്ഷനീക്കം എന്ന് പ്രധാനമന്ത്രി ആരോപിച്ചപ്പോൾ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പടെയുള്ള കക്ഷികൾ ഇറങ്ങിപോയി. രണ്ട് സഭകളിലും ഒരേ നിലപാട് എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രതിപക്ഷം എന്ന് പരിഹസിച്ച മോദി മൻമോഹൻസിംഗും ശരദ് പവാറുമാണ് പരിഷ്‌ക്കാരങ്ങൾ ആദ്യം നിർദ്ദേശിച്ചതെന്നും ആവർത്തിച്ചു.
അതേസമയം മോദിയുടെ സമരജീവി പ്രയോഗത്തിനെതിരെ കോൺഗ്രസ് നേതാവ് ചിദംബരവും രാഹുൽ ഗാന്ധിയും ട്വിറ്ററിലൂടെ രംഗത്തെത്തി. അഭിമാനമുള്ള സമരജീവിയാണെന്നു കുറിച്ച ചിദംബരം ഏറ്റവും മികച്ച സമരജീവി മഹാത്മ ഗാന്ധിയാണെന്നും അഭിപ്രായപ്പെട്ടു. മണിക്കൂറുകൾക്കകം വാക്‌പോരിൽ പങ്കുചേർന്ന രാഹുൽ ഗാന്ധി 'ക്രോണി ജീവി-രാജ്യത്തെ വിൽക്കുന്നതാരോ അയാൾ' എന്ന് ട്വീറ്റ് ചെയ്തു. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവിൽപനയും സ്വകാര്യവൽക്കരണവും ഉന്നമിട്ടായിരുന്നു രാഹുലിന്റെ ഈ പ്രയോഗം.
Crony-जीवी है जो
— Rahul Gandhi (@RahulGandhi) February 10, 2021
देश बेच रहा है वो।#PSU_PSB_Sale