
സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ ബോളിവുഡിൽ നിന്നും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് വ്യക്തമാക്കി പ്രിയങ്ക ചോപ്ര.. ഉടൻ പുറത്തിറങ്ങുന്ന. താരത്തിന്റെ പുസ്തകമായ അൺഫിനിഷ്‌ഡിലാണ് സിനിമയിലെ പുരുഷാധിപത്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ..
ഒരു സിനിമയിലെ ഗാന ചിത്രീകരണത്തിനിടെ വസ്ത്രങ്ങൾ ഊരിമാറ്റുന്ന ഒരു രംഗമുണ്ടായിരുന്നു. നീണ്ട ഗാനം ആയതിനാൽ അധിക ലെയറുകൾ ധരിച്ചോട്ടെ എന്ന് താരം സംവിധായകനോട് ചോദിച്ചു. എന്നാൽ സംവിധായകൻ സ്റ്റൈലിസ്റ്റിനോട് സംസാരിക്കാൻ പറഞ്ഞു. തുടർന്ന് താൻ സ്റ്റൈലിസ്റ്റിനെ വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കി. അതിന് ശേഷം ഫോൺ തന്റെ സമീപത്ത് നിന്നിരുന്ന സംവിധായകന് കൈമാറി. സ്റ്റൈലിസ്റ്റിനോട് സംവിധായകൻ പറഞ്ഞത് ഇങ്ങനെയായിരുന്നു 'എന്തു തന്നെ സംഭവിച്ചാലും അടിവസ്ത്രം കാണണം, അല്ലെങ്കിൽ ആളുകൾ എന്തിനാണ് സിനിമ കാണാൻ വരുന്നത്'. ഇത് തന്നെ അസ്വസ്ഥയാക്കിയെന്നും അടുത്ത ദിവസം തന്നെ പ്രൊജ്ര്രക് വേണ്ടെന്നു വച്ചുവെന്നും പ്രിയങ്ക പുസ്തകത്തിൽ പറയുന്നു.
എന്നാൽ സിനിമ ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം സംവിധായകനെ ദേഷ്യപ്പെടുത്തി. തുടർന്ന് തന്റെ മറ്റൊരു സിനിമയുടെ സെറ്റിലെത്തി അയാൾ ബഹളമുണ്ടാക്കി.. നടൻ സൽമാൻ ഖാനാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നും പ്രിയങ്ക കുറിച്ചു. മിസ് വേൾഡ് പട്ടം നേടിയതിന് പിന്നാലെ ആദ്യമായി കണ്ട സംവിധായകനിൽ നിന്നും തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും താരം പറയുന്നുണ്ട്. ശരീരഭാഗങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രമേ നടിയാകാൻ പറ്റുകയൊള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് താരം കുറിച്ചു.