mahua-moitra

ന്യൂഡൽഹി: തൃണമൂൽ എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ബിജെപി. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതിയെപ്പറ്റിയുളള പരാമർശത്തിന്റെ പേരിലാണ് മഹുവയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയത്.

ലോക്സഭയിൽ നന്ദിപ്രമേയചർച്ചയ്ക്കിടെയാണ് മഹുവ മുൻ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതി ചൂണ്ടിക്കാട്ടിയത്. ജുഡീഷ്യറി ഇപ്പോൾ പവിത്രമല്ല. ഒരു ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാതിക്രമ ആരോപണം നേരിട്ടപ്പോൾതന്നെ അതിന്റെ പവിത്രത നഷ്ടപ്പെട്ടു. അയാൾ സ്വന്തം കേസിന്റെ വിചാരണയ്ക്ക് സ്വയം അദ്ധ്യക്ഷത വഹിക്കുകയും സ്വയം കുറ്റവിമുക്തനാകുകയും ചെയ്തു. വിരമിച്ച് മൂന്ന് മാസത്തിനുളളിൽ രാജ്യസഭയിലേക്കുളള നാമനിർദേശവും ഇസഡ് കാറ്റഗറി സുരക്ഷയും സ്വീകരിക്കുകയും ചെയ്തായും മഹുവ സഭയിൽ പറഞ്ഞു.

തിങ്കളാഴ്ച പാർലമെന്ററി അഫയേഴ്സ് മിനിസ്റ്റർ പ്രഹ്ളാദ് ജോഷി മഹുവയുടെ ഈ പരാമർശങ്ങളെ സഭയിൽ ചൂണ്ടിക്കാട്ടിയെങ്കിലും അവകാശ ലംഘനത്തിന് നോട്ടീസ് നൽകാനുളള നീക്കം നടത്തിയിരുന്നില്ല. എന്നാൽ പിന്നാലെ തന്റെ പ്രസംഗം മഹുവ സമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും വൈറൽ ആകുകയും ചെയ്തതോടെ ബിജെപി നേതാക്കൾ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.

The sacred cow that was the judiciary is no longer sacred. It stopped being sacred day a sitting CJI was accused of sexual harassment, presided over own trial, cleared himself & accepted a nomination to Upper House within 3 months of retirement replete with Z+ security cover pic.twitter.com/ODFn2pd2Z1

— Mahua Moitra (@MahuaMoitra) February 9, 2021

രാജസ്ഥാനിൽനിന്നുളള ബിജെപി എംപി പിപി ചൗദ്ധരിയാണ് അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്. മഹുവയുടെ ലോക്സഭാഗത്വം റ‌ദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയും രംഗത്തെത്തി. അതേസമയം മഹുവയുടെ പരാമർശത്തിലെവിടെയും ആരുടേയും പേര് പരാമർശിക്കുന്നില്ലെന്നും മുൻ ചീഫ് ജസ്റ്റിസ് എന്നാണ് പറഞ്ഞിരിക്കുന്നതെന്നും സിറ്റിംഗ് ചീഫ് ജസ്റ്റിസ് എന്നല്ല പറഞ്ഞിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി തൃണമൂൽ എംപി സുഗന്ധ റോയ് മഹുവയ്ക്ക് പിന്തുണ നൽകി.