
തിരുവനന്തപുരം: വൈരുദ്ധ്യാത്മക ഭൗതികവാദം വിശദീകരിച്ച് പാർട്ടിയെ കുടുക്കിലാക്കിയ കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. പൊതുസമൂഹത്തിൽ അനാവശ്യമായ തെറ്റിദ്ധാരണ പരത്താൻ മാത്രമാണ് ഗോവിന്ദന്റെ പ്രസംഗത്തിലെ വിശ്വാസികളുമായി ബന്ധപ്പെട്ട പരാമർശം സഹായിച്ചത്. പരാമർശം അനവസരത്തിലെന്നും ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
കോൺഗ്രസും ബി.ജെ.പിയും ശബരിമല സ്ത്രീ പ്രവേശനം സർക്കാരിനെതിരായ ആയുധമാക്കിമാറ്റുമ്പോൾ പൊതുസമൂഹത്തിൽ അനാവശ്യമായ തെറ്റിദ്ധാരണ പരത്താൻ മാത്രമാണ് ഗോവിന്ദന്റെ പ്രസംഗത്തിലെ വിശ്വാസികളെ സംബന്ധിച്ച പരാമർശങ്ങൾ സഹായിച്ചത്. പരാമർശം ആശയക്കുഴപ്പത്തിനിടയാക്കി. ശബരിമല വിഷയത്തിൽ പ്രതിപക്ഷം നടത്തുന്നത് ബോധപൂർവമായ ശ്രമങ്ങളാണെന്നും വിവാദങ്ങൾക്കായി നിന്നുകൊടുക്കരുതെന്നും ജാഗ്രതപുലർത്തണമെന്നും വിലയിരുത്തിയ സെക്രട്ടേറിയറ്റ് ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം തന്റെ പ്രസംഗത്തിലെ ഒരുഭാഗം അടർത്തിയെടുത്ത് വിവാദമാക്കിയെന്നാണ് എം.വി. ഗോവിന്ദന്റെ വിശദീകരണം.