
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന എം സി ഖമറുദ്ദീൻ എം എൽ എ ഇന്ന് ജയിൽ മോചിതനാകും. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചനം സാദ്ധ്യമാകുന്നത്.
കഴിഞ്ഞ 93 ദിവസങ്ങളായി ഖമറുദ്ദീൻ കണ്ണൂർ സെൻട്രൽ ജയിലിലാണ്. ഇന്നലെ ആറു കേസുകളിൽ ഹൊസ്ദുർഗ് കോടതി (രണ്ട്) ഖമറുദ്ദീന് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചിരുന്നു. എംഎൽഎക്ക് 142 വഞ്ചന കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
കാസർകോട് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി പറഞ്ഞ പ്രകാരം ബോണ്ട് വയ്ക്കുന്നതിൽ വ്യവസ്ഥകൾ പാലിക്കാത്ത പ്രശ്‌നം നിലവിലുള്ളതിനാലാണ് ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്നത്. കൂട്ടുപ്രതിയായ ജുവലറി എംഡി പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ കഴിയുകയാണ്.