
ആലപ്പുഴ: സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയതിന് പിന്നിൽ ,ചിലർ സ്വയം സ്ഥാനാർത്ഥികളാകാൻ പ്രചാരണം നടത്തിയതാണെന്ന് സൂചന. സംസ്ഥാന നേതൃത്വം ജില്ലയുടെ ചുമതല നേരിട്ട് വഹിക്കുമെന്ന നിലപാടോടെയാണ് പിണറായി മടങ്ങിയത്.
അരൂർ, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം മണ്ഡലങ്ങളിലാണ് ചിലരുടെ പേരുകൾ വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിന് പിന്നിൽ സംഘടിതമായ നീക്കങ്ങളും വിഭാഗിയതയും നിഴലിച്ചതായാണ് പാർട്ടി വിലയിരുത്തൽ. അരൂരിൽ പി.പി.ചിത്തരഞ്ജൻ, സി.ബി. ചന്ദ്രബാബു, ആർ. നാസർ എന്നിവരുടെയും ആലപ്പുഴയിൽ ആർ. നാസർ, ചിത്തരഞ്ജൻ, അഡ്വ. കെ.ടി. മാത്യു എന്നിവരുടെയും പേരുകളാണ് ഒരു വിഭാഗം ഉയർത്തിയത്. അമ്പലപ്പുഴയിൽ ചിത്തരഞ്ജൻ, എച്ച്. സലാം, കായംകുളത്ത് എം. അലിയാർ, കെ.എച്ച്. ബാബുജാൻ, ബിപിൻ സി.ബാബു എന്നിവരുടെ പേരുകളും ഉയർന്നു. കൂടുതൽ തവണ മത്സരിച്ച തോമസ് ഐസക്, ജി.സുധാകരൻ എന്നിവരെ വീണ്ടും കളത്തിലറക്കണമോയെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതിനുമുമ്പേ മറ്റ് പേരുകൾ മണ്ഡലത്തിൽ ഉയർന്നതാണ് പിണറായിയെ ചൊടുപ്പിച്ചത്.
കായംകുളം മണ്ഡലത്തിൽ ദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടി പിന്നാക്കം പോയതിൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാനും എം.എ. അലിയാരും യു.പ്രതിഭ എം.എൽ.എയെ വിമർശിച്ചു. ഏരിയാ കമ്മിറ്റിയംഗം മാത്രമായ പ്രതിഭയ്‌ക്കെതിരെയുള്ള വിമർശനം ചിലർ ബോധപൂർവ്വം കുഴപ്പങ്ങളുണ്ടാക്കാനാണെന്ന നിലപാടും യോഗത്തിലുയർന്നു. ഒരു ടേം പൂർത്തിയാക്കിയ പ്രതിഭയ്ക്കു തന്നെയാണ് അവിടെ സാദ്ധ്യത. പാർട്ടിക്ക് സ്വാധീനമുള്ള കണ്ടല്ലൂർ പഞ്ചായത്തിൽ പിന്നാക്കം പോകുകയും പത്തിയൂർ, കൃഷ്ണപുരം പഞ്ചായത്തുകളിൽ ബി.ജെ.പി കൂടുതൽ സീറ്റുകൾ നേടുകയും ചെയ്തതാണ് പാർട്ടിയിൽ വിഭാഗിയത വീണ്ടും തലപൊക്കാൻ ഇടയാക്കിയത്.
ജി. സുധാകരനും തോമസ് ഐസകും മത്സരിക്കാൻ ഇതുവരെ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. രണ്ടാംനിര നേതാക്കൾ സീറ്റിനായി പലരെയും ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ പോക്കാണെങ്കിൽ ഏതാനും സീറ്റുകളിൽ മാമ്രേ ജയിക്കാൻ കഴിയുകയുള്ളുവെന്നും ഒമ്പതു മണ്ഡലങ്ങളും നേടിയെടുക്കാവുന്ന രീതിയിൽ സംഘടനാ സംവിധാനം ശക്തമാക്കണമെന്നും പ്രശ്നങ്ങൾ ഉടൻ പറഞ്ഞുതീർക്കണമെന്നുമാണ് പിണറായി മുന്നറിയിപ്പ് നൽകിയത്.