
മലപ്പുറം: മുന്നണി മാറ്റത്തെച്ചൊല്ലിയുളള തർക്കത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ ദേശീയ നേതൃത്വത്തെ പരാതി അറിയിച്ചു. കാപ്പൻ ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചുവെന്നും പാർട്ടിയിൽ കൂടിയാലോചന നടന്നിട്ടില്ലെന്നുമാണ് ശശീന്ദ്രന്റെ പരാതി. പാർട്ടിയിൽ ഭൂരിപക്ഷത്തിനും മുന്നണി മാറ്റത്തിൽ താത്പര്യമില്ലെന്ന് ശശീന്ദ്രൻ വ്യക്തമാക്കി. ദേശീയ നേതൃത്വത്തിന് പരാതി നൽകിയ കാര്യം ശശീന്ദ്രൻ സ്ഥിരീകരിച്ചു.
എൻ സി പി ഇടതുമുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് പറഞ്ഞ മന്ത്രി ഇതുസംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് ആവർത്തിച്ചു. ചർച്ച പോലും നടക്കാത്ത കാര്യങ്ങളിൽ പരക്കുന്ന അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ലെന്നും അഭ്യൂഹങ്ങൾ പരക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് ചർച്ചയാണ്. സീറ്റുകളിൽ വിട്ടുവീഴ്‌ച വേണ്ടിവരുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ അത്ഭുതപ്പെടേണ്ടതില്ലെന്നുമാണ് ശശീന്ദ്രന്റെ അഭിപ്രായം. അതേസമയം, മാണി സി കാപ്പനൊപ്പം എൻ സി പി കേരള ഘടകവും ഇടതു മുന്നണി വിടുമോ എന്ന കാര്യത്തിൽ നിർണായക തീരുമാനം ഇന്നുണ്ടാകും. എൻ സി പി സംസ്ഥാന അദ്ധ്യക്ഷൻ ടി പി പീതാംബരനും മാണി സി കാപ്പനും ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറുമായി ഇന്ന് ഉച്ചയ്‌ക്ക് കൂടിക്കാഴ്‌ച നടത്തും.