
മുംബയ് : എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ അഞ്ച് ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്താൻ ശ്രമിച്ച ഡോക്ടർ പൊലീസിന്റെ പിടിയിലായി. മുംബയ് വിരാറിലാണ് കുഞ്ഞിനെ വിൽക്കുന്ന സംഘത്തെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ വിൽപ്പനയ്ക്ക് കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കിഴക്കൻ വിരാറിലെ ബസ് സ്റ്റാന്റിന് സമീപം പൊലീസ് രഹസ്യ നിരീക്ഷണം നടത്തുകയായിരുന്നു. നലസോപാറയിലെ നൈൽമോറിൽ താമസിക്കുന്ന ജിതൻ ബാലയെന്ന നാൽപ്പത്തിയെട്ടുകാരനായ ഡോക്ടറാണ് പിടിയിലായത്.
ഡോക്ടറിൽ നിന്നും കുഞ്ഞിനെ വാങ്ങുവാൻ ശ്രമിച്ച ദമ്പതികളും അറസ്റ്റിലായിട്ടുണ്ട്. സോഞ്ജിത് മൊണ്ടാൽ (40), മഞ്ജു (37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും കണ്ടെടുത്ത കുഞ്ഞിനെ ചൈൽഡ് ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ഡോക്ടർക്ക് ഈ കുഞ്ഞിനെ എങ്ങനെ ലഭിച്ചതെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തിന് കുഞ്ഞിനെ വിൽക്കുവാൻ ഡോക്ടറെ സഹായിച്ച അനിത ഭാവെ എന്ന് അമ്പത്കാരിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്ന 370 (1) വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഈ മാസം 16 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.