
എന്നെന്നും ചുണ്ടിൽ സൂക്ഷിച്ച നറുചിരിയും പാട്ടുകളുമായിഎം.എസ്. നസീം യാത്രയാവുമ്പോൾ ബാക്കിയാവുന്നത് കുറേ പാട്ടോർമ്മകളും ആരോടും പരിഭവിക്കാതിരുന്ന ഒരു കലാകാരന്റെ സൗമ്യസാന്നിദ്ധ്യവുമാണ്...
നിലാവ് പോലെ പുഞ്ചിരിക്കാനും മനോഹരമായി പാടാനും മാത്രം അറിയാവുന്ന പാട്ടുകാരനായിരുന്നു എം.എസ്. നസീം. സംഗീത ലോകത്ത് ആരുടെയും അവസരങ്ങൾ തട്ടിപ്പറിക്കാനോ വെട്ടി പിടിക്കാനോ നസീം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. നിലാവെളിച്ചത്തിൽ തിളങ്ങുന്ന ഇലകളിൽ മഞ്ഞു വീഴുന്നതു പോലുള്ള സൗമ്യസൗന്ദര്യത്തോടെ ഒഴിഞ്ഞു മാറി സ്വയം സൃഷ്ടിച്ചെടുത്ത വേദികളിലൂടെ സംഗീതയാത്ര നടത്താനായിരുന്നു നസീം ആഗ്രഹിച്ചിരുന്നത്. കോവളത്തിനടുത്തുള്ള പാച്ചല്ലൂരിലായിരുന്നു നസീമിന്റെ ജനനം. റേഡിയോയിലൂടെ പാട്ടു കേട്ടു പഠിച്ചിരുന്ന ബാല്യം. പുതുമഴ കുടിച്ച് പച്ച പിടിച്ചിരുന്ന വയൽവരമ്പിലൂടെ പള്ളിക്കൂടത്തിലേക്കും മഞ്ഞു വീണ് നനഞ്ഞ നാട്ടിടവഴികളിലൂടെ പള്ളിയിലേക്കും പോകുമ്പോൾ കളിക്കൂട്ടുകാരുടെ തോളിൽ കൈയിട്ട് കാണാതെ പഠിച്ച പാട്ടുകൾ പാടി രസിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നതായിരുന്നു നസീമിന്റെ ബാല്യകാല വിനോദം. പാട്ടിനെ മാത്രം പ്രണയിച്ച് പാടി പാടി നടന്ന പാട്ടുകാരനായ നസീം ഓർക്കാപ്പുറത്താണ് തളർന്നു വീണത്.
മുഹമ്മദ് റാഫിയുടെ ഹിന്ദി പാട്ടുകളെയും ബാബുരാജിന്റെ മലയാളം പാട്ടുകളെയും പ്രണയിച്ച നസീം ഗാനമേളകളിലൂടെ കൊതി തീരുവോളം കേരളം മുഴുവൻ പാടി നടന്നു. ദൂരദർശൻ മലയാളം പരിപാടികൾ സംപ്രേഷണം ആരംഭിച്ചതോടെയാണ് എം.എസ്.നസീം എന്ന ഗായകനെ കേരളം അറിഞ്ഞു തുടങ്ങിയത്. ലളിതഗാനങ്ങളിലൂടെയും ദേശഭക്തി ഗാനങ്ങളിലൂടെയും ഓണപ്പാട്ടുകളിലൂടെയും നസീം ദൂരദർശനിൽ നിറഞ്ഞു നിന്നു. അതോടൊപ്പം കേരളത്തിലങ്ങോളമിങ്ങോളമുള്ള  സാംസ്കാരിക പരിപാടികളിലും നസീമിന്റെ സൗമ്യസാന്നിദ്ധ്യം സജീവമായിരുന്നു. എം.എ.ബേബിയുടെ 'സ്വരലയ"യിലൂടെ ഇന്ത്യ മുഴുവൻ നസീം പാടി നടന്നു. ഉദയഭാനുവിന്റെ 'ഓൾഡ് ഈസ് ഗോൾഡി" ന്റെ വിദേശ രാജ്യങ്ങളിലെ ഗാനമേളകളുടെ നിറ സാന്നിദ്ധ്യം നസീമായിരുന്നു. മലയാളത്തിലെ പിന്നണി ഗായകരുടെ ഒന്നാം നിരയിൽ എത്തിയില്ലെങ്കിലും ചിരിച്ചു കൊണ്ട് മാത്രം പാടുന്ന ഈ നിഷ്കളങ്ക ഗായകനെ മലയാളികൾ സ്വന്തം മനസിൽ സ്വീകരിച്ചിരുത്തി.

വൈദ്യുതി ഭവനിലെ സീനിയർ സൂപ്രണ്ടായിരിക്കുമ്പോഴും പാട്ടിന്റെ പിന്നാമ്പുറ ചരിത്രം തിരഞ്ഞു നടന്ന ഗവേഷകനായിരുന്നു നസീം. മലയാള സിനിമയിലെ ആദ്യത്തെ പാട്ടുകാരിയായ രേവമ്മയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തിയത് നസീം ആയിരുന്നു. രേവമ്മ പാടിയ ആദ്യ പാട്ടു മുതൽ 1985 വരെയുള്ള കാലഘട്ടത്തിലെ മലയാള ചലച്ചിത്ര ഗാനചരിത്രത്തെ കുറിച്ച് നസീം സംവിധാനം ചെയ്ത പരമ്പരയാണ് 'ആയിരം ഗാനങ്ങൾ തൻ ആനന്ദലഹരി." യേശുദാസ് മുതൽ ഒ.എൻ.വിയുടെ കൊച്ചു മകൾ അപർണ വരെ പങ്കെടുത്ത ആ പരിപാടിയാണ് മലയാള സിനിമ ഗാന ചരിത്രത്തിലെ ആദ്യത്തെ ഗവേഷണ പരമ്പര.
മുഹമ്മദ് റാഫിയെ കുറിച്ചുള്ള ടെലിവിഷൻ പരമ്പരയുടെ ആദ്യ എപ്പിസോഡുമായാണ് 2005 ജൂലായ്  20 വെള്ളിയാഴ്ച രാവിലെ ഏഴര മണിക്ക് നസീം വീട്ടിൽ നിന്നിറങ്ങിയത്. യാത്രക്കിടയിൽ നസീം ഒന്ന് മയങ്ങി. ഞെട്ടിയുണരുമ്പോൾ ശരീരം തളരുകയാണ്. നാവ് കുഴഞ്ഞു. പകൽവെളിച്ചത്തിലാണെങ്കിലും ഇരുണ്ട പശ്ചാത്തലത്തിൽ ആർദ്രവും ആലംബഹീനവുമായ ആ അശുഭ മുഹൂർത്തത്തിൽ അബോധാവസ്ഥയുടെ ആഴങ്ങളിലേക്ക് ആടിയുലഞ്ഞു വീണു. വിശാലമായ പ്രപഞ്ചത്തിന്റെ നടുവിൽ ഏകാന്തമായ ദ്വീപിൽ ഒറ്റപ്പെട്ടു നിൽക്കുമ്പോൾ ഭീകര രൂപത്തെ കണ്ടു പേടിച്ചരണ്ടതു പോലെ നസീമിന്റെ മുഖം വിളറി വെളുത്തു. നെറ്റിയിൽ നിന്ന് വിയർപ്പു തുള്ളികൾ കവിളിലേക്ക് ഉരുണ്ടു വീണു കൊണ്ടിരുന്നു. കൂട്ടിന് കണ്ണീരും. തളർന്നു മയങ്ങിയ നസീമിനേയും കൊണ്ടു ആശുപത്രിയിലേക്ക് വാഹനം കൂകിയാർത്തു ചെന്നപ്പോൾ ശരീരത്തിൽ നിന്നും വലതു വശം പിണങ്ങിയിറങ്ങി പോയതുപോലെ നിശ്ചലമായി നിന്നു.
സമയം കുറച്ചെടുത്തെങ്കിലും മനസ് കൊണ്ടു ജീവിത യാഥാർത്ഥ്യത്തിലേക്ക് നസീം തിരിച്ചു വന്നു. ഒരു വേണുഗാനം പോലും മൂളാൻ കഴിയാതെ മുറിവേറ്റു പോയ പാഴ്മുളം തണ്ടിന്റെ കരൾ നൊന്തു കനം തൂങ്ങുന്ന മനസും വരണ്ടുണങ്ങിയ നാവുമായി പതിനഞ്ചു വർഷമാണ് നസീം ജീവിച്ചു തീർത്തത്. വിധിയുടെ വെയിലേറ്റ് പാതി നരച്ച വ്രണിത ഹൃദയവുമായി ജീവിക്കുമ്പോഴും നസീമിന്റെ നിഷ്കളങ്ക ചിരി മാത്രം ഒരിക്കലും  മാഞ്ഞിരുന്നില്ല.
നസീം മാന്യതയുടെ പ്രതിരൂപമായിരുന്നു. അവസരങ്ങൾക്കായി ആരുടെ മുന്നിലും കൈ നീട്ടിയില്ല. യൂണിവേഴ്സിറ്റി കോളേജിൽ ബാലചന്ദ്രമേനോൻ ചെയർമാൻ ആയിരിക്കുമ്പോൾ നസീം ആർട്സ് ക്ലബ് സെക്രട്ടറി ആയിരുന്നു. ബാലചന്ദ്രമേനോൻ സംവിധായകനും നടനുമായി വളർന്നിട്ടും പഴയ കളിക്കൂട്ടുകാരനോട് നസീം ഒരിക്കൽ പോലും അവസരം ചോദിച്ചില്ല. ഇന്നലെ, കളിപ്പാട്ടം എന്നീ സിനിമകൾ നിർമ്മിച്ചത് നസീമിന്റെ അയൽവാസിയാണ്. അയൽവാസിയോടും അവസരത്തിനായി കൈ നീട്ടിയില്ല. 
ആരോടും പരാതിയും പരിഭവവുമില്ലാതെ എല്ലാവരേയും സ്നേഹിച്ചിരുന്ന പാട്ടുകാരനായിരുന്നു നസീം. പക്ഷാഘാതം വന്നപ്പോഴും നസീം ജീവിതത്തിൽ ഒറ്റപ്പെട്ടിരുന്നില്ല. നല്ല കാലത്ത് നല്ല സ്നേഹം കൊടുത്തതു കൊണ്ടായിരിക്കണം എല്ലാ സുഹൃത്തുക്കളും നസീമിനെ തേടി വന്നു കൊണ്ടിരുന്നത്. വന്നവരോടൊക്കെ സംസാര ഭാഷയിൽ അവ്യക്തമായും ഹൃദയ ഭാഷയിൽ സുവ്യക്തമായും ആശയങ്ങൾ പങ്കു വെച്ചു. കർക്കിടകത്തിലെ കാർമേഘകാറുകളുടെ വിള്ളലുകളിലൂടെ നേർത്ത വെളിച്ചം വരുന്നതു പോലെ നസീമിന് സംസാരിക്കാനും പാടാനും കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നസീമിന്റെ സുഹൃത്തുക്കളും ബന്ധുക്കളും.