vaccine

ന്യൂഡൽഹി : മാസങ്ങളായി രാജ്യതലസ്ഥാനത്ത് അരങ്ങേറുന്ന കർഷക സമരത്തിനൊപ്പം നിന്ന് ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ അഭിപ്രായം പറഞ്ഞ കാനഡയുടെ പ്രധാനമന്ത്രി കൊവിഡ് വാക്സിനായി ഇന്ത്യൻ സർക്കാരിന്റെ സഹായം തേടി. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെ വിളിച്ചതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വെളിപ്പെടുത്തിയത്. പത്ത് ലക്ഷം കൊവിഡ് വാക്സിൻ ഇന്ത്യയിൽ നിന്നും നൽകണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

ഇക്കാര്യത്തിൽ പരമാവധി ശ്രമിക്കാമെന്ന് അദ്ദേഹത്തിന് മോദി ഉറപ്പു നൽകുകയും ചെയ്തു.
സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പണം നൽകി പത്ത് ലക്ഷം വാക്സിൻ ഡോസുകൾ സ്വന്തമാക്കാനാണ് കാനഡ ശ്രമിക്കുന്നത്. പണം നൽകിയിട്ടാണെങ്കിലും ഇന്ത്യൻ സർക്കാരിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ കമ്പനിക്ക് വാക്സിൻ മറ്റൊരു രാജ്യത്തേക്ക് കയറ്റുമതി ചെയ്യാനാവുകയുള്ളു. അതിനാലാണ് ജസ്റ്റിൻ ട്രൂഡോ മോദിയെ നേരിട്ട് വിളിച്ച് സഹായം അഭ്യർത്ഥിച്ചത്.

കർഷക സമരം ആരംഭിച്ചത് മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. കർഷക സമരത്തിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ള സിക്ക് സമുദായത്തിൽപ്പെട്ട കർഷകരാണ്, കാനഡയിലുള്ള ഇന്ത്യൻ വംശജരിലും നല്ലൊരു പങ്ക് സിക്കുകാരാണ്. ഇന്ത്യയിലെ സിക്കുകാരുടെ പ്രവർത്തനങ്ങൾക്ക് ധനസഹായവും ഇവിടെ നിന്നും ലഭിക്കുന്നുണ്ട്. ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിലും സിക്ക് സമുദായത്തിലുള്ള നിരവധി മന്ത്രിമാരുണ്ട്. ഇതാണ് കർഷകർക്കൊപ്പം നിന്ന് കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തെ എതിർത്ത് സംസാരിക്കാൻ ജസ്റ്റിൻ ട്രൂഡോയെ പ്രേരിപ്പിച്ചത്. എന്നാൽ ഈ വിഷയത്തിൽ കാനഡ പ്രതികരിച്ചതിനെ രൂക്ഷമായ ഭാഷയിലാണ് ഇന്ത്യൻ വിദേശ കാര്യമന്ത്രിയടക്കം വിമർശിച്ചത്. കാനഡയിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ തീവ്രവാദികളുടെ നീക്കങ്ങൾ നിയന്ത്രിക്കണമെന്ന ഇന്ത്യൻ സർക്കാരിന്റെ ആവശ്യത്തോടും കാനേഡിയൻ ഭരണകൂടം അനുകൂലമായ നടപടി എടുത്തിരുന്നില്ല.

സമ്പന്ന രാജ്യമായ കാനഡ വികസ്വര രാഷ്ട്രങ്ങൾ പ്രധാനമായും ഉപയോഗിക്കുന്ന വാക്സിനുകൾ ഉപയോഗിക്കുന്നതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. അമേരിക്കയിൽ നിർമ്മിക്കുന്ന ഫൈസർ വാക്സിൻ വാങ്ങുവാനാണ് കാനഡ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ആവശ്യത്തിന് അനുസരിച്ച് ഉത്പാദനം വർദ്ധിപ്പിക്കാൻ വാക്സിൻ കമ്പനിക്കാവാത്തത് തിരിച്ചടിയാവുകയായിരുന്നു. കാനഡയ്ക്ക് സ്വന്തമായി വാക്സിൻ വികസിപ്പിക്കാൻ കഴിയാതിരുന്നതും രാജ്യത്തിന്റെ വാക്സിനേഷൻ പ്രക്രിയയെ സാരമായി ബാധിച്ചു.

Was happy to receive a call from my friend @JustinTrudeau. Assured him that India would do its best to facilitate supplies of COVID vaccines sought by Canada. We also agreed to continue collaborating on other important issues like Climate Change and the global economic recovery.

— Narendra Modi (@narendramodi) February 10, 2021