rajnath-singh

ന്യൂഡൽഹി: ചൈനയ്‌ക്ക് ഒരു നുളള് മണ്ണ് പോലും വിട്ടുകൊടുക്കില്ലെന്ന് രാജ്യസഭയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ ചൈന അതിർത്തിയിൽ ചൈന വലിയ സേനാ വിന്യാസമാണ് നടത്തിയത്. പാങ്കോംഗ് തടാകതീരത്ത് ഇന്ത്യൻ സേന ശക്തമായ വെല്ലുവിളിയാണ് നേരിട്ടത്. ഇന്ത്യൻസേന ഉയരങ്ങളിൽ നിലയുറപ്പിച്ചതോടെ പൂർണമായും പിന്മാറ്റത്തിന് ചൈന തയ്യാറാവുകയായിരുന്നുവെന്നും രാജ്നാഥ് സിംഗ് സ്ഥിരീകരിച്ചു.

അതിർത്തിയിൽ പിന്മാറാൻ ഇന്ത്യൻ-ചൈന സേനകൾ ധാരണയായതായും പ്രതിരോധമന്ത്രി രാജ്യസഭയിൽ പറഞ്ഞു. ചൈനീസ് സേന ഫിംഗർ എട്ടിലേക്കും ഇന്ത്യൻ സൈന്യം ഫിംഗർ മൂന്നിലേക്കും പിന്മാറും. വടക്കൻ തീരത്ത് നിന്നുളള സേനാ പിന്മാറ്റം സംബന്ധിച്ച് ചർച്ചകൾ തുടരും. 48 മണിക്കൂറിനുളളിൽ ഇരുരാജ്യങ്ങളുടേയും കമാൻ‌‌ഡർ തലത്തിൽ ചർച്ച നടത്തുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരം വിട്ടുകൊടുത്തുകൊണ്ടുളള ഒരു തീരുമാനത്തിലേക്കും എത്താൻ തയ്യാറായിരുന്നില്ല. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ പ്രജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ലഡാക്കിലും ചൈന ഏകപക്ഷീയമായാണ് നീങ്ങിയത്. നമ്മുടെ ധാരണകൾക്ക് വിപരീതമായി ചൈന നിയന്ത്രണ മേഖയിലേക്ക് വലിയ തോതിൽ സേനയെ അയച്ചു. ചൈനയെ പ്രതിരോധിച്ച് നമ്മുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയും സൈനികബലം ശക്തമാക്കിയെന്നും രാജ്നാഥ് സിംഗ് രാജ്യസഭയിൽ പറഞ്ഞു. എന്നാൽ ചില പ്രശ്‌ങ്ങളിൽ കൂടി ധാരണയാകാനുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചൈനയുടെ നടപടി സമാധാനം തകർക്കുന്നതാണ്. സംഘർഷം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ചൈന വലിയ തോതിൽ സൈനികനീക്കം നടത്തി. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചുവെന്നും രാജ്നാഥ് സിംഗ് രാജ്യസഭയിൽ പറഞ്ഞു.