titanium-oil-leakage-

തിരുവനന്തപുരത്ത് ട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽ നിന്ന് ഫർണസ് ഓയിൽ ചോർന്ന് നാല് കിലോമീറ്ററോളം തീരക്കടലിലേക്ക് വ്യാപിച്ചത് ആശങ്ക പടർത്തിയിരുന്നു. ഇന്നലെ പുലർച്ചെയാണ് ഗ്ലാസ് പൈപ്പ് ലൈൻ പൊട്ടി അയ്യായിരം ലിറ്റർ ഓയിൽ വേളി മുതൽ പുതുക്കുറിച്ചി വരെയുള്ള തീരത്തേക്ക് വ്യാപിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശത്തെത്തുടർന്ന് ടൈറ്റാനിയത്തിന്റെ പ്രവർത്തനം നിറുത്തിവച്ചിരിക്കുകയാണ്. ടൈറ്റാനിയം ഫാക്ടറിയിൽ നിന്നുള്ള മാലിന്യം കടലിൽ കലരുന്നത് കൊണ്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കോടികൾ ചിലവഴിച്ച് മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ കമ്പനിയിൽ പലകുറി ഉണ്ടായെങ്കിലും പല കാരണങ്ങളാൽ അവയൊക്കെ മുടങ്ങുകയായിരുന്നു. ഈ വിഷയത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയാണ് പ്രശസ്ത പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫറായ ബിജു കാരക്കോണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ടൈറ്റാനിയം ഫാക്ടറിയിലെ മാലിന്യം കൊണ്ടുള്ള പാരിസ്ഥിക പ്രശനം വർഷങ്ങൾ ഏറെയായി നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്ന ഒരു കീറാമുട്ടിയാണ്. വർഷങ്ങൾക്കുമുൻപ് നൂറുകണക്കിന് കോടികൾ ചിലവിട്ടു സ്ഥാപിച്ചതാണ്‌ മാലിന്യ ജല ട്രീത്മെന്റ്റ് പ്ലാന്റ് . ഫാക്ടറിയുടെ പ്രവർത്തനത്തിനു ശേഷം പുറംതള്ളുന്ന മലിനജലം ശുദ്ധീകരിക്കുന്നതിനും മലിനജലത്തിൽ അടങ്ങിയിരിക്കുന്ന ഇരുമ്പയിര് വേർതിരിച്ചെടുക്കാൻ വേണ്ടിയും സ്ഥാപിച്ചതായിരുന്നു കോടികളുടെ ഈ പ്ലാന്റ്. എന്നാൽ പരീക്ഷണ ഘട്ടത്തിൽ അതിൽനിന്നും വേർതിരിച്ചെടുത്ത ഇരുമ്പയിരിന്റെ ഉല്പാദന ചെലവ് വേർതിരിച്ചെടുത്ത ഉല്പന്നത്തിന്റെ മൂല്യത്തിന്റെ പതിന്മടങ്ങു ഇരട്ടി ആയതിനാൽ ഈ പദ്ധതിയുമായി മുന്നോട്ടുപോയാൽ കമ്പനിക്ക് ഭീമമായ നഷ്ടം ഉണ്ടാക്കുമെന്ന കാരണത്താൽ ആ ഉദ്യമം തുടക്കത്തയിലേ ഉപേക്ഷിക്കുകയാണുണ്ടായത്. ഇപ്പോൾ മലിനജലത്തിൽ കുമ്മായം ചേർത്ത് ട്രീത്മെന്റ്റ് ചെയ്തു വെള്ളം ന്യൂട്രലൈസ് ചെയ്തു കടലിലേക്ക് ഒഴുക്കിക്കളയുക മാത്രമാണ് പ്രായോഗികമായി നടപ്പിലാക്കി വരുന്നത്. ചില അവസരങ്ങളിൽ ഇതിനു തടസങ്ങൾ നേരിടുമ്പോഴും അപ്രതീക്ഷിത ലീക്ക് ഉണ്ടാകുമ്പോഴാണ് ഇരുമ്പയിര് കലർന്ന ജലം കടലിലേക്ക് ഒഴുകുകയും രാസപ്രവർത്തനങ്ങളിലൂടെ കടൽ ജലം ചുവക്കുകയും ചെയ്യുന്നത്.

മൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു ലോക ജലദിനത്തിന്റെ അന്ന് വൈകുന്നേരം അസ്തമന സൂര്യന്റെ ചിത്രം പകർത്തുവാൻ ശംഖുമുഖം കടപ്പുറത്തു എത്തിയ ഞാൻ കണ്ടത് കടലാകെ ചുവന്നു കിടക്കുന്ന കാഴ്ചയാണ്. ചുവന്ന തിരകളടിച്ചുകയറി കടപ്പുറത്തെ മണ്ണാകെ ചുവന്നു തുടുത്തിരുന്നു. അന്നാ കാഴ്ച sanctuaryasia എന്ന fb പേജിലേക്ക് അപ്പ്ലോഡ് ചെയ്യുകയും. പതിനായിരക്കണക്കിന് ആളുകൾ അത് ഷെയർ ചെയ്യുകയും റെസ്പോണ്ട്‌ ചെയ്യുകയും ചെയ്തു. പലരുടേയും ആവശ്യപ്രകാരം അന്ന് ഞാനതിന്റെ കാരണങ്ങൾ തേടി പോവുകയും കുറച്ചു ദിവസം അവിടേയും പരിസരപ്രദേശങ്ങളിലും അന്വേഷിക്കുകയും ടൈറ്റാനിയത്തിൽ നിന്നും പുറം തള്ളുന്ന മാലിന്യം കാരണമാണ് കടലിലെ വെള്ളം ചുവക്കുന്നതിനു മനസിലാക്കുകയും ചെയ്തു. ടൈറ്റാനിയത്തിലെ മുൻ തൊഴിലാളികൾ മുതൽ നാട്ടുകാർ അടക്കം പലരെയും നേരിട്ടു കണ്ടു അന്വേഷിക്കുകയും കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു. അന്നത്തെ ടൈറ്റാനിയും പബ്ലിക് റിലേഷൻ ഓഫിസറുമായി ഓഫീസിൽ പോയി കൂടിക്കാഴ്ച നടത്തുകയും അതിന്റെ കരണങ്ങളെക്കുറിച്ചു അദ്ദേഹം വിവരിച്ചുതരുകയും ചെയ്തു. അന്ന് അദ്ദേഹം പുതിയതായി ഒരു അമ്പതു കോടിയുടെ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും അത് ആറുമാസത്തിനകം പൂർത്തിയാകുമെന്നും അത് പൂർത്തിയാക്കിക്കഴിഞ്ഞാൽ പുറം തള്ളുന്ന ജലത്തിന്റെ PH മൂല്യം കുടിവെള്ളത്തിന് സമാനമാകുകയും ചെയ്യുമെന്നും പറയുകയുണ്ടായി.

അതിനുശേഷം ഒരുവർഷത്തിനു ശേഷം 2019 തിലെ ലോക സമുദ്രദിനത്തിൽ വേളി കായൽ പരിസരത്തിലെ കടൽത്തീരവും പരിസരവും ശുചിയാകുന്ന ഒരു പരിപാടിയിൽ ഉൽഘാടനത്തിനുവന്ന ടൈറ്റാനിയത്തിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥനോട് അവിടത്തെ മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമായോന്നു അന്വേഷിച്ചപ്പോഴും പദ്ധതികൾ നടപ്പിലാക്കിവരുന്നെന്നും എത്രയും പെട്ടന്ന് എല്ലാ പ്രശ്നനങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകുമെന്നും പറയുകയുണ്ടായി.

മാലിന്യ ട്രീത്മെന്റ്റ് പ്ലാന്റ് സ്ഥാപിച്ച സമയത്തു അതിന്റെ ഭാഗമായി വിധക്തരുടെ അഭിപ്രായപ്രകാരം 750 മീറ്റർ ദൂരം കരയിൽ നിന്നും കടലിലേക്ക് പൈപ്പുകൾ കടലിനടിയിലൂടെ സ്‌ഥാപിച്ചു മലിനജലം കടലിലേക്ക് ഒഴുക്കിവിടാൻ ഉള്ള പദ്ധതികൾക്കു തയാറാക്കുകയും അതിനുള്ള പൈപ്പുകളും ഫിറ്റിങ്ങുകളും ടൈറ്റാനിയത്തു എത്തിക്കുകയും ചെയ്തു. എന്നാൽ തദ്ദേശവാസികൾ എതിർത്തതിന്റെ തുടർന്ന് ആ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു ചെയ്തത്. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ വലകൾ നശിക്കുമെന്നും അവരുടെ മസ്യബന്ധനത്തിനു തടസ്സമാകുമെന്നും ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു. അതിന്റെ ബലമായി വലയ പ്രക്ഷോഭമുണ്ടാകുകയും അതിന്റെ ഫലമായി കടലിലേക്കുള്ള പൈപ്പ്‌ലൈൻ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. അന്ന് ഇതിനായി എത്തിച്ച പൈപ്പുകൾ ഉൾപ്പെടെ ഒട്ടേറെ മറ്റു യന്ത്രങ്ങളും ടൈറ്റാനിയം ഫാക്ടറിക്കുള്ളിൽ തുരുമ്പെടുത്തു നശിക്കുന്നു. തീരദേശത്തിനും തീരദേശ വാസികൾക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത ആ പദ്ധതിക്ക് തടസം നിന്നതിൽ ഇന്ന് പലരും പശ്ചാത്തപിക്കുന്നുണ്ട്.

ഈ പ്രദേശത്തിനടുത്തുള്ള കടൽ തീരങ്ങളിൽ പലപ്പോഴും ചെറു ഞണ്ടുകളെ പോലും കാണാറില്ല. പുത്തൻതോപ്പും സെന്റ് ആൻഡ്രൂസ് കടപ്പുറത്തും കാണുന്ന ഇത്തരം ഞണ്ടുകളുടെ ഇവിടത്തെ തീരങ്ങളിലേക്കു കാണാതാകുന്നത് പ്രദേശത്തെ ആവാസവ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റമാണ് സൂചിപ്പിക്കുന്നത് . ഇന്ന് ഇവിടെ ഈ തീരത്തടിഞ്ഞ കടലാമയുടെ ശവശരീരം തരുന്ന മുന്നറിയിപ്പ് ഈ മാലിന്യം പ്രകൃതിക്കുനൽകുന്ന ആഘാതത്തിന്റെ തെളിവുകളാണ്. രാഷ്ട്രീയക്കാരും അധികൃതരും തീരദേശ വാസികളുടെ ജീവന് ഒരു വിലയും കല്പിക്കുന്നില്ലന്ന് പ്രദേശവാസികളുടെ പരാതി . ഒരോ ദുരന്തങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ നൽകുന്ന ചെറിയ നഷ്ടപരിഹാരങ്ങളിലൂടെ ഇവരെ നിശ്ശബനാകുന്നതിൽ പലർക്കും അമർഷമുണ്ട്.

ഒരുകാലത്തു ഉപേക്ഷിച്ച പദ്ധതിയായ കടലിലിനുള്ളിലേക്ക് പൈപ്പുകൾ സ്ഥാപിച് മാലിന്യ ട്രീത്മെന്റ്റ് ചെയ്ത ജലം ഒഴുക്കിവിടുന്ന തീരുമാനം നടപ്പിലാക്കിയാൽ മാത്രമേ ഇവർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകു. നാം കടലിലേക്ക് നിക്ഷേപിക്കുന്ന ഓരോ മാലിന്യവും കടലിലെ മൽസ്യങ്ങൾ അടക്കമുള്ള പല ജീവികളിലൂടെ നമ്മുടെ ഉള്ളിലേക്കും എത്തിച്ചേരുന്നത് പ്രകൃതി നമുക്ക് ഒരു സമ്മാനമാണ്. എന്താണ് നാം നൽകുന്നത് അതുതന്നെ നമുക്ക് തിരിച്ചു കിട്ടു എന്ന സത്യം മനസിലാക്കിയാൽ മനുഷ്യ സമൂഹത്തിനു ഏൽക്കാലത്തും നല്ലത്.

ബിജു കാരക്കോണം

പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർ