
കൊച്ചി: മാണി സി കാപ്പനെ കോൺഗ്രസിലേയ്ക്ക് സ്വാഗതം ചെയ്‌ത് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. മാണി സി കാപ്പൻ കോൺഗ്രസിൽ വന്നാൽ സന്തോഷമെന്നും അദ്ദേഹം തയാറായാൽ പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാമെന്നും ആയിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം. മാണി സി കാപ്പനുമായി ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നും മുല്ലപ്പളളി വ്യക്തമാക്കി.
എൻ സി പിക്കും മാണി സി കാപ്പനും യു ഡി എഫിലേക്ക് സ്വാഗതമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ഐശ്വര്യ കേരള യാത്രയിൽ യു ഡി എഫിനൊപ്പം ചേരാൻ മാണി സി കാപ്പന് താത്പര്യമുണ്ടെങ്കിൽ സ്വാഗതം. ജനതാദൾ എസിലെ ഒരു വിഭാഗം യു ഡി എഫ് നേതൃത്വവുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല വെളിപ്പെടുത്തി.
അതേസമയം, പാർട്ടിയുടെ ഭാഗമാകാൻ കോൺഗ്രസ് സ്വാഗതം ചെയ്‌തത് നല്ല കാര്യമെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് കൂടുതൽ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല.