dog

ചമോലി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്. പ്രധാനമായും തപോവൻ അണക്കെട്ട് നിർമ്മാണ ജോലിയിൽ ഉണ്ടായിരുന്ന തൊഴിലാളികളെയാണ് ടണലിനുള്ളിൽ കാണാതായിട്ടുള്ളത്. മിന്നൽ പ്രളയത്തിൽ ഒഴുകിയെത്തിയ മണ്ണും പാറകളും ഇവർക്ക് മേൽ പതിക്കുകയായിരുന്നു. സൈന്യത്തിന്റെ മേൽനോട്ടത്തിൽ രക്ഷാ പ്രവർത്തനം ഇപ്പോഴും ഇവിടെ നടക്കുകയാണ്. നിരവധി പേരെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി. അതിനാൽ തന്നെ ജീവന്റെ തുടിപ്പ് തേടി പ്രതീക്ഷയോടെയാണ് രക്ഷാപ്രവർത്തകർ രാപ്പകൽ പ്രവർത്തിക്കുന്നത്.

രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടക്കവേ ദുരന്തമുഖത്തെത്തുന്നവർക്ക് നൊമ്പരമാവുകയാണ് ബ്ളാക്കി എന്ന പേരിലുള്ള നായ. കഴിഞ്ഞ മൂന്ന് ദിവസമായി ബ്ളാക്കി ഇവിടെ ഒറ്റനിൽപ്പിലാണ്. രണ്ടു വയസുള്ള ഭൂട്ടിയ ഇനത്തിലുള്ള തെരുവ് നായയാണ് ബ്ളാക്കി. എന്നും രാവിലെ അണക്കെട്ട് പണിക്കെത്തുന്ന ജോലിക്കാർ നൽകുന്ന ഭക്ഷണവും കഴിച്ചായിരുന്നു ബ്ളാക്കിയുടെ ഒരു ദിവസം ആരംഭിച്ചിരുന്നത്. അതിനാൽ തന്നെ ജോലിക്കാരുമായി എളുപ്പത്തിൽ നായ ഇണങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഞായറാഴ്ച അണക്കെട്ടിന് സമീപത്ത് ഉണ്ടായ ദുരന്തം ബ്ളാക്കിയെയും നന്നായി വേദനിപ്പിച്ചിട്ടുണ്ട്. തനിക്ക് ചുറ്റും അപരിചിതരായ രക്ഷാപ്രവർത്തകർ നിൽക്കുമ്പോഴും പിൻമാറാൻ തയ്യാറാവാതെ ആരെയോ കാത്തുനിൽക്കുന്നത് പോലെ മുഖത്ത് ദൈന്യഭാവവുമായിട്ടാണ് നായയുടെ നിൽപ്പ്. നായയ്ക്ക് പ്രിയപ്പെട്ടവർ ആരൊക്കെയോ ഈ മണ്ണിൽ കുടുങ്ങിയെന്ന് മനസിലായ മട്ടിലാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നായയുടെ പെരുമാറ്റം. നിരവധി തവണ രക്ഷാപ്രവർത്തകർ നായയെ സംഭവ സ്ഥലത്ത് നിന്നും മാറ്റാൻ ശ്രമിച്ചുവെങ്കിലും തിരികെ ദുരന്ത ഭൂമിയിൽ എത്തുകയായിരുന്നു ബ്ളാക്കി. അടുത്തിടെ മൂന്നാർ പെട്ടിമുടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിലും ഒരു നായ ഇത്തരത്തിൽ ഒരിടത്തായി നിലയുറപ്പിച്ചിരുന്നു. പിന്നീട് ഈ നായയെ കേരള പൊലീസിലെ നായ പരിശീലകൻ ഏറ്റെടുക്കുകയായിരുന്നു.