skeleton-

ഏറെ വേണ്ടപ്പെട്ടവർ മരണപ്പെട്ടാൽ അവരുടെ ഓർമകൾ എന്നും നിലനിൽക്കുന്നതിനായി നിരവധി കാര്യങ്ങൾ നമ്മൾ ചെയ്യാറുണ്ട്. എന്നാൽ 'പ്രിൻസ് മിഡ്‌നൈറ്റ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഗീതജ്ഞൻ ഇതു വരെ ആരും ചെയ്യാത്ത ഒരു കാര്യമാണ് മരണപ്പെട്ട അമ്മാവനുവേണ്ടി ചെയ്തത്. അദ്ദേഹത്തിന്റെ ശരീരത്തിലെ എല്ലുപയോഗിച്ച് ഒരു ഇലക്ട്രിക് ഗിറ്റാർ പണിയുകയാണ് സംഗീതജ്ഞൻ ചെയ്തത്. തന്റെ പുതിയ ഗിറ്റാറിന്റെ പ്രവർത്തന രീതികൾ വിവരിച്ചു കൊണ്ട് ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

അമ്മാവൻ മരണപ്പെട്ടപ്പോൾ മൃതദേഹം അടക്കം ചെയ്യുന്നതിന് പകരം ഒരു മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് പഠിക്കുവാനായി നൽകുകയാണ് ആദ്യം ചെയ്തത്. വിദ്യാർത്ഥികൾ വർഷങ്ങളായി ആ മൃതദേഹത്തിൽ പഠനം നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോഴാണ് അമ്മാവന്റെ എല്ലുപയോഗിച്ച് ഗിറ്റാർ നിർമ്മിക്കുന്നതിനെ കുറിച്ച് സംഗീതജ്ഞൻ ആലോചിച്ചത്. അമ്മാവന്റെ നാടായ ഗ്രീസിന്റെ പുരാതന സംസ്‌കാര പ്രകാരം മൃതദേഹം സംസ്‌കരിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് ഇതേ കുറിച്ച് 'പ്രിൻസ് മിഡ്‌നൈറ്റിന്റെ' അഭിപ്രായം. അസ്ഥികൂടത്തെ ഗിറ്റാറിന്റെ പ്രധാന ഭാഗമാക്കി മാറ്റിയ ശേഷം അതിൽ നേർത്ത കമ്പികളും, സ്വിച്ചുകളും ഘടിപ്പിച്ചാണ് ഇലക്ട്രിക് ഗിറ്റാറാക്കി മാറ്റിയത്.

ആരും ഇതുവരെ ഒരു അസ്ഥികൂടത്തിൽ നിന്ന് ഒരു ഗിറ്റാർ നിർമ്മിച്ചിട്ടില്ലെന്നും അതിനാൽ തന്നെ താൻ ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് നടത്തുകയായിരുന്നുവെന്നും വീഡിയോയിൽ ഇദ്ദേഹം പറയുന്നു.