
പുറമെ കാണുന്ന സിനിമയിൽ നിന്നും ഏറെ വ്യത്യസ്തമാണ് അതിന്റെ പിന്നണിയിൽ അരങ്ങേറുന്ന സംഭവ വികാസങ്ങൾ. സിനിമ ലോകത്തു നടക്കുന്ന ചൂഷണങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നിരവധി താരങ്ങൾ രംഗത്ത് എത്തിയിട്ടുമുണ്ട്. ഇതൊക്കെ വലിയ ചർച്ചകൾക്കും കാരണമായിട്ടുണ്ട്. ഹോളിവുഡിൽ തുടക്കം കുറിച്ച മീടു കാമ്പയിൻ മലയാളത്തിൽ വരെ എത്തിയിരുന്നു. പല പ്രമുഖ താരങ്ങൾക്കുമെതിരെ വെളിപ്പെടുത്തലുകൾ നടത്തി ചില നടിമാർ രംഗത്ത് എത്തിയിരുന്നു. നമ്മൾ വിചാരിക്കാത്ത പ്രമുഖരെല്ലാം മീ ടുവിൽപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബംഗാളി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ശ്രീലേഖ മിത്ര. മലയാള സിനിമ മേഖലയിൽ നിന്നും തനിക്ക് നേരിട്ട മോശം അനുഭവത്തെ കുറിച്ച് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ ഇക്കാര്യം തുറന്ന് പറഞ്ഞത്. സിനിമാ മേഖലയിൽ ഉയർന്നു വരുന്ന പരാതികൾ പോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടി താനും അത്തരം അവസ്ഥകളിൽ കൂടി കടന്നു പോയിട്ടുണ്ടെന്നും ഇത്തരം സാഹചര്യങ്ങളിൽ നോ പറയാൻ ശീലിക്കണമെന്നുമായിരുന്നു.
തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ മലയാള സിനിമയിൽ അവസരം ലഭിച്ചെന്നു പറഞ്ഞ താരം ആ സമയത്തെ ദുരനുഭവമാണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. "ഒരു നൃത്ത രംഗത്തിനായി എത്തിയപ്പോൾ ആ സമയത്തെ ഒരു പ്രമുഖ നടൻ കൂടെ കിടന്നാൽ കൂടുതൽ അവസരങ്ങൾ തരാമെന്ന് പറഞ്ഞു. ഇക്കാര്യം നടന്റെ സുഹൃത്ത് കൂടിയായ സംവിധായകനെ അറിയിച്ചപ്പോൾ കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്യണമെന്നും പറഞ്ഞു. അതിന് പിന്നാലെ നൃത്ത രംഗം മുഴുമിപ്പിക്കാതെ ഞാൻ ആ സിനിമ വിട്ടു.." ശ്രീലേഖ പറയുന്നു.