titanium

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം ഫാക്‌ടറിയിൽ ഗ്ളാസ് ഫർണസ് പൈപ്പിലെ ചോർച്ചയ്‌ക്ക് കാരണം ജീവനക്കാർക്ക് പറ്റിയ വീഴ്‌ചയാണെന്ന് വെളിപ്പെടുത്തി കമ്പനി അധികൃതർ. പൈപ്പിന്റെ കാലപ്പഴക്കവും അപകടമുണ്ടാകാൻ കാരണമായി. കമ്പനി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. സംഭവത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സർക്കാർ നിശ്ചയിക്കുന്ന നഷ്‌ടപരിഹാരം നൽകാൻ തയ്യാറാണെന്നും ടൈ‌റ്റാനിയം അധികൃതർ വ്യക്തമാക്കി.

ഗ്ളാസ് ഫ‌ർണസ് പൈപ്പ്‌ലൈൻ തകർന്ന് ഇന്നലെ പുലർച്ചെ 1.30ഓടെയാണ് ഫർണസ് ഓയിൽ കടലിലേക്ക് ചോർന്നത്. ഫാക്‌ടറിയിലെ ബോയിലറും മ‌റ്റും പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് ഫർണസ് ഓയിൽ. ഇതിൽ വലിയ അളവിലുള‌ള സൾഫർ അടങ്ങിയിട്ടുണ്ട്. സൾഫർ മനുഷ്യശരീരത്തിലെത്തിയാൽ മാരക രോഗങ്ങൾക്ക് ഇടയാക്കും. കടലിൽ എണ്ണ കലർന്നതോടെ മീനുകളും ആമകളും ചത്ത് കരയ്‌ക്കടിഞ്ഞിരുന്നു. രണ്ട് കിലോമീ‌റ്ററോളം ദൂരത്തിൽ അയ്യായിരം ലി‌റ്റർ ഓയിൽ കലർന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിൽ തെളിഞ്ഞു. സ്ഥലത്ത് തീരങ്ങളിലെ ഓയിൽ നിറഞ്ഞ മണ്ണ് മാ‌റ്റുമെന്ന് ജില്ലാ കളക്‌ടർ നവ്ജ്യോത് ഖോസ അറിയിച്ചു.

സംഭവത്തെ തുടർന്ന് തിരുവനന്തപുരത്തെ വേളി, ശംഖുമുഖം മുതലുള‌ള തീരങ്ങളിൽ സന്ദർശനവും മത്സ്യബന്ധനവും കളക്‌ടർ നിരോധിച്ചിരുന്നു. ബുധനാഴ്‌ച രാത്രി മുതൽ കമ്പനി അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്.