
തിരുവനന്തപുരം: ജില്ലാ കളക്ടർക്ക് നഗരത്തിൽ സ്ഥിരമായി വീടും ക്യാമ്പ് ഓഫീസും വരുന്നു. കവടിയാർ കൊട്ടാരത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയിലാണ് കളക്ടർക്ക് ക്യാമ്പ് ഓഫീസ് നിർമ്മിക്കുക.നിലവിൽ ജവഹർ നഗറിലെ സർക്കാർ ക്വാർട്ടേഴ്സിലാണ് ക്യാമ്പ് ഓഫീസ് പ്രവർത്തിച്ചു വരുന്നത്. അധിക ഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കവടിയാർ കൊട്ടാരത്തിൽ നിന്ന് തിരിച്ചെടുത്ത 7.2 ഏക്കർ ഭൂമിയിൽ നിന്നാണ് 50 സെന്റ് കളക്ടറുടെ വീട് നിർമ്മാണത്തിനായി നൽകുന്നത്.
തനിക്ക് പുതിയൊരു വീടും കൂടുതൽ സൗകര്യങ്ങളുള്ള ക്യാമ്പ് ഓഫീസും വേണമെന്ന് ചൂണ്ടിക്കാട്ടി ജില്ലാകളക്ടർ സർക്കാരിന് കത്തു നൽകിയിരുന്നു. കർശന വ്യവസ്ഥകളോടെയാണ് കവടിയാറിലെ ഭൂമി അനുവദിച്ചിരിക്കുന്നത്. കവടിയാർ മേഖല സംരക്ഷിത പ്രദേശമായതിനാലും പൈതൃക കേന്ദ്രമായതിനാലും മാനദണ്ഡങ്ങൾ പാലിച്ച് മാത്രമെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളൂവെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂമി മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുകയോ ഉപപാട്ടത്തിനായി നൽകാനോ പാടില്ല. ഭൂമി അനുവദിച്ച് വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കണം. മാത്രമല്ല സർക്കാർ ഭൂമി കൈയേറാൻ ആരെയെങ്കിലും അനുവദിക്കാനോ പ്രദേശത്തെ മരങ്ങൾ മുറിച്ചു കളയാനോ പാടില്ല.
പൈതൃകമായ പ്രദേശങ്ങൾ ഉള്ളതിനാൽ തന്നെ കവടിയാർ മേഖലയുടെ സംരക്ഷണത്തിനായി ഹെറിറ്റേജ് കമ്മിഷൻ രൂപീകരിച്ച് ഹെറിറ്റേജ് സോൺ പദവി നൽകിയിരുന്നു. ഈ സോണിൽ പെടുന്ന സ്ഥലങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ കമ്മിഷന്റെ കൂടി അനുമതി വേണം.
തലസ്ഥാന നഗരത്തിൽ ഐ.എ.എസുകാർക്കായി ക്വാർട്ടേഴ്സ് നിർമ്മിക്കുന്നതിനായി കഴിഞ്ഞ ദിവസം കവടിയാറിൽ 24 സെന്റ് ഭൂമി അനുവദിച്ചിരുന്നു. കവടിയാർ വില്ലേജ് ഓഫീസിന് സമീപത്താണ് ഭൂമി അനുവദിച്ചിരിക്കുന്നത്. ഇവിടെ റെസിഡൻഷ്യൽ കോംപ്ളക്സും സ്ഥാപിക്കും. ഐ.എ.എസ് ഓഫീസർമാർക്ക് ക്വാർട്ടേഴ്സ് നിർമ്മിക്കാൻ ഭൂമി നൽകിയതോടെ സമാന ആവശ്യം ഉന്നയിച്ച് ഐ.പി.എസ് ഓഫീസർമാരും രംഗത്ത് വന്നിട്ടുണ്ട്. മറ്റ് ജില്ലകളിൽ ജില്ലാ പൊലീസ് മേധാവിമാർക്ക് കളക്ടർമാരുടെ വീടുകൾക്ക് സമീപം തന്നെ ക്വാർട്ടേഴ്സ് ഉണ്ടെങ്കിലും തലസ്ഥാനത്ത് അത്തരത്തിൽ ഒന്നില്ല. സിറ്റി, റൂറൽ പൊലീസ് ജില്ലകൾ ഉള്ളപ്പോഴാണ് ഈ അവസ്ഥ.