
കൊവിഡ് മഹാമാരിയുടെ വരവോടെയാണ് നമ്മളിൽ പലരും പുതിയ ശീലങ്ങൾ പിന്തുടരാൻ തുടങ്ങിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പഠനവും ജോലിയും കോടതിയും സർക്കാർ നടപടികൾ വരെ ഓൺലൈൻ വഴിയാണ് നടക്കുന്നത്.
ഇത്തരം വെർച്വൽ മീറ്റിംഗുകൾ, പക്ഷെ ചിലർക്കെങ്കിലും തലവേദനയാകാറുണ്ട്. അത്തരത്തിലൊരു രസക്കാഴ്ചയാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലായിരിക്കുന്നത്. സൂമിന്റെ പുതിയ ഫീച്ചർ മൂലം വെല്ലുവിളി നേരിടേണ്ടി വന്നത് അമേരിക്കയിലെ ഒരു വക്കീലിനാണ്. വീഡിയോ കോൺഫറൻസിംഗിനിടയിൽ അബദ്ധങ്ങൾ സംഭവിക്കുക സ്വാഭാവികമാണ്. എന്നാൽ, വക്കീലിന് പറ്രിയത് വേറിട്ടൊരു അബദ്ധമായിരുന്നു.
യു.എസിലെ ഒരു കോടതിയാണ് യൂ ട്യൂബിൽ ഈ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. സംഭവം ഇങ്ങനെയാണ് - ടെക്‌സസിലെ 394-ാമത്തെ ഡിസ്ട്രിക്ട് കോടതിയുടെ കീഴിൽ ഒരു കേസിന്റെ വിചാരണ നടക്കുകയാണ്. അതും സൂം ആപ്ലിക്കേഷൻ വഴി. അതിൽ ഒരു അഭിഭാഷകൻ പ്രത്യക്ഷപ്പെട്ടതാകട്ടെ ഒരു പൂച്ചയുടെ രൂപത്തിൽ. ടെക്സസിലെ 394-ാമത്തെ ഡിസ്ട്രിക്റ്റ് കോടതിയിൽ കേസ് അവതരിപ്പിക്കാനെത്തിയ അഭിഭാഷകനായ റോഡ് പോണ്ടൻ, വീഡിയോയിൽ സൂം ആപ്പിലെ പൂച്ച ഫിൽട്ടർ ഓഫ് ചെയ്യാൻ തനിക്ക് കഴിയില്ലെന്ന് പറയുന്നതും കേൾക്കാം. ജഡ്ജി അനുവദിക്കുകയാണെങ്കിൽ പൂച്ച ഫിൽട്ടർ ഉപയോഗിച്ച് തന്നെ കോടതി നടപടികൾ നടത്താമെന്നും വക്കീൽ പറയുന്നുണ്ട്. താൻ പൂച്ചയല്ലെന്ന് ജഡ്ജിക്ക് വക്കീൽ ഉറപ്പുനൽകുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോയിലുടനീളം വക്കീൽ ഒരു പരിഭ്രാന്തിയുള്ള പൂച്ചക്കുട്ടിയെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനിടെ സെറ്റിംഗ്സ് സാധാരണ നിലയിലേക്ക് കൊണ്ടുവരാനും വക്കീൽ ശ്രമിക്കുന്നുണ്ട്. ഇനിയെങ്കിലും നിങ്ങൾ ഒരു വെർച്വൽ കോൺഫറൻസിൽ പങ്കെടുക്കുന്നതിനു മുമ്പ് സൂം ആപ്പിൽ ഫിൽട്ടറുകൾ ഓഫാണെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കുമല്ലോ?
സൂം ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടാനുസരണം വെർച്വൽ മേക്കപ് ഇടാനുള്ള സൗകര്യവും സൂം ആപ്പിലുണ്ട്. മുഖത്തിന്റെ നിറം മാറ്റാനും, ഇഷ്ടാനുസരണം ലിപ്സ്റ്റിക്‌സ് ഇടാനും, വിവിധ തരം പുരികങ്ങളും മീശകളും താടികളും ഉപയോഗിക്കാനുള്ള സൗകര്യവും സൂം അപ്പിലുണ്ട്. അനുയോജ്യമായൊരു പ്രീസെറ്റ് സൃഷ്ടിച്ച് സൂക്ഷിച്ചാൽ ഭാവിലുള്ള സൂം മീറ്റിങ്ങുകൾക്കും അത് ഉപകാരപ്രദമാകും. ഇതിനെ സ്റ്റുഡിയോ എഫക്ട്‌സ് എന്നാണ് പറയുന്നത്. സെപ്റ്റംബർ മുതൽ ഇത് പല ഉപയോക്താക്കൾക്കും ലഭ്യമായി തുടങ്ങിയെങ്കിലും, ഇത് ഇപ്പോഴും ഒരു ബീറ്റാ വേർഷനായി തുടരുകയാണ്. വിൻഡോസിന്റെയും മാക്കിന്റെയും സൂം ആപ്പിന്റെ വിഡിയോ സെറ്റിംഗ്സിൽ ഈ സൗകര്യം ലഭ്യമാണ്.