arrest

ന്യൂഡൽഹി: തന്റെ മുൻ ഭാര്യയെ അധിക്ഷേപിച്ച് സംസാരിച്ച സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. നേപ്പാൾ സ്വദേശിയായ തിലക് ബഹാദൂർ എന്ന 22കാരനാണ് മുൻഭാര്യയെ അധിക്ഷേപിച്ചതിന് സുഹൃത്തായ ശേഖർ ഖർകയെ കൊന്നത്. ദക്ഷിണ ഡൽഹിയിലെ ഫത്തേപൂർ ബേരി മേഖലയിലാണ് സംഭവം. കൃത്യത്തിന് ശേഷം രാജ്യം വിടാനൊരുങ്ങിയ ഇയാളെ ഉത്തരാഖണ്ഡിൽ നിന്നാണ് പിടികൂടിയത്.

ഫത്തേപൂർ ബേരിയിലെ ആയ നഗറിലെ മുറിയിൽ തിങ്കളാഴ്‌ചയാണ് ശേഖറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് മരണം കൊലപാതകമാണെന്നും കാരണക്കാരൻ തിലക് ബഹാദൂറാണെന്നും മനസ്സിലാക്കി. ഇരുവരും തമ്മിലെ തർക്കത്തിനൊടുവിലായിരുന്നു കൊലപാതകം. തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നടത്തിയ വിപുലമായ തിരച്ചിലിലാണ് ഉത്തരാഖണ്ഡിലെ ശാർദ ബൈരാജ് ചെക്‌പോസ്‌റ്റിൽ നിന്നും ഇയാളെ പിടികൂടിയത്. ചൊവ്വാഴ്‌ച വൈകിട്ട് നാലുമണിയോടെയാണ് ഇയാളെ പിടികൂടിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അതുൽ ധാക്കൂർ അറിയിച്ചു.